
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്കും സെന്ററുകളിലേക്കും നടന്നു വരുന്ന താൽക്കാലിക അധ്യാപക നിയമനത്തിന് വകുപ്പ് മേധാവികൾ നൽകിയ വിഷയവിദഗ്ധരുടെ പട്ടികയ്ക്ക് പകരം സംഘപരിവാർ സംഘടനകളുടെ ചുമതലക്കാരായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്നവരെ നിയമിച്ചത് കാവിവൽക്കരണത്തിൻ്റെ പുതിയ തെളിവാണെന്ന് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി. വിഷയവിദഗ്ധർ ആകാൻ യോഗ്യത ഇല്ലാത്ത ആളുകളെ ഉൾപ്പെടുത്തിയ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മാവൂതിൻ്റെ നടപടി പിൻവലിക്കണമെന്നും എകെപിസിടിഎ ആവശ്യപ്പെട്ടു.
യു ജി സി യുടെ കാറ്റഗറി വൺ സർവ്വകലാശാല എന്ന അംഗീകാരം നേടിയ കേരളത്തിലെ ഏക സർവകലാശാലയാണ് മഹാത്മാഗാന്ധി സർവകലാശാല. നാക് എ ഡബിൾ പ്ലസ് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ റാങ്കിങ്ങുകളിൽ മികച്ച സ്ഥാനം കഴിഞ്ഞ 10 വർഷം കൊണ്ട് നേടിയെടുത്ത സർവകലാശാലയുടെ അക്കാദമിക മികവിനെ പരിഹസിക്കുന്ന നയമാണ് വൈസ് ചാൻസലർ തുടക്കം മുതലേ സ്വീകരിക്കുന്നത്.
മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, നിയമം തുടങ്ങിയ വിഷയങ്ങളിൽ വിഷയവിദഗ്ധരായി പങ്കെടുത്തവരെല്ലാം സംഘപരിവാർ സംഘടനയുടെ ചുമതലക്കാരായ അധ്യാപകരാണ്. ഇതിൽ മാത്തമാറ്റിക്‌സിലെ വിഷയവിദഗ്ധനായി ഉൾപ്പെടുത്തപ്പെട്ടയാൾ കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ആലപ്പുഴ സനാതന ധർമ്മ കോളേജിലെ അധ്യാപകനും സംഘപരിവാർ അധ്യാപക സംഘടനയുടെ സെക്രട്ടറിയുമാണ്. ഇതേ കോളേജിൽ നിന്നുമാണ് ഇംഗ്ലീഷ് വിഷയത്തിനും വിഷയവിദഗ്ധനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹവും ബിജെപി അനുകൂല അധ്യാപക സംഘടനയുടെ നേതാവാണ്.
സർവകലാശാല സെനറ്റിലേക്ക് യാതൊരു കൂടിയാലോചനയുമില്ലാതെ സംഘപരിവാർ ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള 19 പേരെ ചാൻസലർ നാമനിർദ്ദേശം ചെയ്തതിന് തൊട്ടു പിന്നാലെയാണ് താൽക്കാലിക അധ്യാപക നിയമനത്തിൽ വൈസ് ചാൻസലറുടെ ഇടപെടൽ ഉണ്ടാവുന്നത്. പഠന ബോർഡുകളുടെ പുന:സംഘടനത്തിലും സർവ്വകലാശാല ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായി അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ചാൻസലറുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് സിൻഡിക്കേറ്റിന് പഠന ബോർഡുകളുടെ അംഗീകാരം നിരസിക്കേണ്ട സാഹചര്യമുണ്ടായി.
നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മികച്ച മാതൃക മുന്നോട്ടുവെച്ച സർവകലാശാല എന്ന നിലയിൽ നാളിതുവരെ സുതാര്യമായ അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവന്ന സർവ്വകലാശാലയെ ഇത്തരം ഒരു ഗതികേടിലേക്ക് കൊണ്ടെത്തിച്ചത് ചാൻസലറുടെയും വൈസ് ചാൻസലറുടെയും രാഷ്ട്രീയ പ്രേരിതമായ ഇടപെടൽ കൊണ്ടാണ്. താൽക്കാലിക അധ്യാപക നിയമനത്തിൽ ഉൾപ്പെടെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട മാത്രം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി വൈസ് ചാൻസലർ പ്രവർത്തിക്കുകയാണ്. സർവകലാശാലയുടെ അക്കാദമിക അന്തരീക്ഷത്തെ മലീമസമാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ വലതുപക്ഷ അധ്യാപക- അനധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവരോ തയ്യാറാവുന്നില്ല. ഉന്നത വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ ഉള്ള ബിജെപിയുടെ അജണ്ടയുടെ ഭാഗമായി കേരളത്തിലെ വലത് സർക്കാരും പ്രവർത്തിക്കുന്നു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
മതനിരപേക്ഷ വിദ്യാഭ്യാസത്തെ തകർക്കുന്ന ഇത്തരം കൂട്ടുകെട്ടുകളെ പ്രതിരോധിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും അക്കാദമിക് സമൂഹവും പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്ന് എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് ജി, ജനറൽ സെക്രട്ടറി എ നിശാന്ത് എന്നിവർ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

