
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശത്തെ തുടർന്ന് ദേശീയപാതകളിൽ പൊതുഗതാഗതം പുനഃരാരംഭിച്ചതിന് പിന്നാലെ സൈന്യവും കുക്കി വിഭാഗങ്ങളുമായി ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. വംശീയ കലാപത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കുക്കി സംഘടന ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ ഹൈക്കമ്മീഷണറെ സമീപിച്ചു. കുക്കി വിഭാഗങ്ങൾ മേഖലയിൽ നേരിടുന്നത് ഗുരുതരമായ മനുഷ്യവകാശ ലംഘനമാണെന്ന് ഹൈ കമ്മീഷണറിന് നൽകിയ അപേക്ഷയിൽ കുക്കി സോ സംഘടന ചൂണ്ടിക്കാണിച്ചു. കാങ്‌പോക്പിയിലുണ്ടായ ഏറ്റുമുട്ടലിൽ കുക്കിവിഭാഗത്തിൽ പെട്ടയാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ഇംഫാലില്‍ നിന്നും സേനാപതിയിലേക്കുളള ബസ് സര്‍വ്വീസ് കുക്കി വിഭാഗം തടഞ്ഞതോടെ കേന്ദ്രസേന കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തത്. പ്രതിഷേധക്കാരും സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സുരക്ഷാസേന കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു. കുക്കി വിഭാഗം പലയിടങ്ങളിലും റോഡുകള്‍ ഉപരോധിച്ചു. മണിപ്പൂരില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക ഭരണകൂടം വേണമെന്ന നിര്‍ദേശം നിറവേറ്റുന്നതുവരെ സ്വതന്ത്രസഞ്ചാരം അനുവദിക്കി്‌ല്ലെന്ന നിലപാടിലാണ് കുക്കികള്‍.
അതേസമയം മണിപ്പൂർ സംഘർഷം അടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായേക്കും. കേന്ദ്രസർക്കാരിനെതിരായ വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണ. കഴിഞ്ഞദിവസം ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച മണിപ്പൂർ ബജറ്റ് ഇന്ന് സഭയിൽ ചർച്ച ചെയ്ത് പാസാക്കും. മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ കഴിയാത്ത കേന്ദ്രപരാജയം ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കുക. രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്ത് പോകുകയും ചെയ്യുന്നവർക്കുള്ള നിയമങ്ങൾ കർക്കശമാക്കുന്നതിനായുള്ള ബില്ല് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

