
കുട്ടനാട്ടിലെ പച്ചമണ്ണിന്റെയും പണിയെടുക്കുന്ന മനുഷ്യരുടെയും കഥകളെ വിശ്വചക്രവാളത്തോളം ഉയര്‍ത്തിയ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. മഹാകഥാകാരന്‍ കഥാവശേഷനായിട്ട് ഇന്നേക്ക് 26 വര്‍ഷം പൂര്‍ത്തിയാവുന്നു…
കായലില്‍ നിന്നും മനുഷ്യര്‍ കുത്തിയുയര്‍ത്തിയ നാടാണ് കുട്ടനാട്. കുട്ടനാടില്‍ നിന്നും കുത്തിയുയര്‍ത്തിയ കഥാസാഗരമാണ് തകഴി. മലയാള കഥാസാഹിത്യത്തില്‍ തകഴിയെപ്പോലെ നൂറുമേനി വിളയിച്ച വേറൊരു കഥാകാരനില്ല. തകഴിയുടെ രണ്ടിടങ്ങഴിയും തോട്ടിയുടെ മകനുമാണ് മലയാളത്തില്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിനു ആഴത്തില്‍ ചാലുകീറിയത്.
കുട്ടനാടന്‍ ചേറില്‍ ചവിട്ടിത്താഴ്ത്താനാവാത്ത കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ വീറാണ് രണ്ടിടങ്ങഴി. തലമുറകളായി മനുഷ്യവിസര്‍ജ്യം ചുമക്കേണ്ടിവന്ന ഒരു ജനത അടിച്ചേല്‍പ്പിക്കപ്പെട്ട ആ ദുര്‍ഗന്ധം കുടഞ്ഞെറിയുകയാണ് തോട്ടിയുടെ മകനില്‍. തകഴിയുടെ ചെമ്മീനും ആഴിയോടു പൊരുതുന്ന ഒരു അരയസമുദായത്തിന്റെ കഥ മാത്രമല്ല.
ജാതി മതങ്ങളോടും അന്ധവിശ്വാസങ്ങളോടും സാമ്പത്തിക ദുരകളോടും എതിരിടുന്ന ഒരു സാര്‍വലൗകിക പ്രണയ പോരാട്ടമാണ്. ചെമ്മീന്‍ മൊഴിമാറാത്ത ലോകഭാഷകളില്ല. മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ചെമ്മീന്‍ മലയാള സിനിമയിലും നാഴികക്കല്ലായി. അധികാരത്തിലേക്കുള്ള കയറ്റത്തില്‍ നിലവിട്ടുപോയ മനുഷ്യരുടെ പതനമാണ് ‘ഏണിപ്പടിക’ളെങ്കില്‍ വായിക്കുന്തോറും വലുതാവുന്ന ഒരു ആധുനിക മഹാഭാരതമാണ് കയര്‍. അങ്ങനെ എത്രയെത്ര കഥകള്‍, കഥാപാത്രങ്ങള്‍- കുട്ടനാടന്‍ പാടങ്ങളില്‍ മുളച്ച് ഭാരതീയ ജ്ഞാനപീഠമേറി വിശ്വത്തോളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു! ഭാഷയുടെ പത്തായം അതുപോലെ നിറച്ച മറ്റേതു കഥാകാരനുണ്ട്?!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

