
ഇന്ന് രാവിലെയാണ് നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിന്റെ അവകാശവാദങ്ങൾ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. സാമുവലിനെതിരെ വലിയ ആരോപണങ്ങളാണ് ഈ പോസ്റ്റിൽ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ചത്.
നിമിഷ പ്രിയയുടെ കുടുംബത്തിന്റെ അഭിഭാഷകൻ എന്ന വിലാസത്തിലാണ് സാമുവൽ ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്നും എന്നാൽ അയാൾ അവകാശപ്പെടുന്നതുപോലെ ഒരു അഭിഭാഷകനല്ല എന്നും നിമിഷ പ്രിയയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവർ ഓഫ് അറ്റോർണി ഉള്ള ആൾ മാത്രമാണെന്നും അദ്ദേഹം ഈ പോസ്റ്റിൽ പറഞ്ഞിരുന്നു. മാത്രമല്ല ഈ കേസിൽ ഇയാൾ യാതൊരു ഇടപെടൽ നടത്തിയിട്ടില്ലെന്നും സാമൂവൽ ഉന്നയിക്കുന്ന അവകാശവാദങ്ങളിൽ കഴമ്പില്ലെന്നും പറഞ്ഞു.
നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകാരം നൽകിയതിനുശേഷം സനയില്‍ നിന്നും സാമുവല്‍ ജെറോം തന്നെ കണ്ടെന്നും സന്തോഷത്തോടെ അദ്ദേഹം തങ്ങളെ അഭിനന്ദിക്കുകയുമായിരുന്നുവെന്നും മെഹ്ദി പറയുന്നു. മധ്യസ്ഥ ചർച്ചയ്ക്ക് എന്ന പേരിൽ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളർ ഉൾപ്പെടെ അനേകം പണം സാമുവേൽ കരസ്ഥമാക്കിയിട്ടുണ്ടെന്നും തന്റെ സഹോദരന്റെ രക്തത്തിൽ വ്യാപാരം നടത്തുകയാണെന്നും മഹ്ദി ആരോപിക്കുന്നു.
അതേസമയം “മരണത്തിന്റെ വ്യാപാരികൾ” ആണ് സാമുവൽ ജെറോമിനെ പോലുള്ളവരെന്നും “ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാൽ മെഹ്‌ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടുവെന്നും” സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മെഹ്ദിയുടെ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് സുഭാഷ് ചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ പൂർണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നുവെന്നും തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നുവെന്നും അദ്ദേഹം ഈ പോസ്റ്റിൽ പറഞ്ഞു.
ALSO READ: നിമിഷ പ്രിയ മോചനം: ചർച്ചകൾക്കായി 6 അംഗ സമിതിയെ രൂപീകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ
ഇതിന് മുന്നേയും സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി സുഭാഷ് ചന്ദ്രൻ രംഗത്തെത്തിയിരുന്നു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നുമായിരുന്നു സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നത്. ‘സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല എന്നുമദ്ദേഹം ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

