
മലപ്പുറം താനൂരിൽ നിന്ന് കാണാതായ കുട്ടികളെ നാളെ ഉച്ചയോടെ നാട്ടിലെത്തിയ്ക്കും. അന്വേഷണ സംഘം കുട്ടികളുമായി 12 മണിയോടെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തും. കോടതി നടപടികൾ പൂർത്തിയാക്കി, രക്ഷിതാക്കൾക്കുൾപ്പെടെ കൗൺസിലിങ് നൽകിയതിന് ശേഷമായിരിക്കും വീട്ടിലേക്ക് അയക്കുക. എന്തിനാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന കാര്യത്തിൽ വ്യക്തത വരുത്തുമെന്നും യാത്രയിൽ കുട്ടികളെ സഹായിച്ച യുവാവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചിരുന്നു. ബുധനാഴ്ചയാണ് വീട്ടിൽ നിന്ന് പരീക്ഷയ്ക്ക് പോയ കുട്ടികൾ മുംബൈയിലേക്ക് കടന്നത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
അതേസമയം മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ചെന്നൈ – എഗ്മോർ എക്സ്‌പ്രസ് ട്രെയിനിൽ ലോണാവാലയിൽ വച്ച് കണ്ടെത്തിയത്.
കേരള പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുംബൈ പോലീസിന്റെ പഴുതടച്ച അന്വേഷണം. മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരുടെ കരുതലും ജാഗ്രതയും ഫലം കണ്ടു. കേരളത്തിൽ നിന്നുള്ള പോലീസ് സംഘം പൂനെയിലെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുടർന്നാണ്. ആർപിഎഫ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കേരള പൊലീസിന് കൈമാറിയത്.
പൻവേലിൽ നിന്ന് ഗരീബ് രഥ് ട്രെയിനിൽ പുറപ്പെടുന്ന സംഘം നാളെ ഉച്ചയോടെ പാനൂരിലെത്തും. പെൺകുട്ടികൾ ഇന്ന് വീട്ടുകാരുമായി ഫോണിലും വീഡിയോ കാളിലും സംസാരിച്ചിരുന്നു. അതെ സമയം ഇവരോടൊപ്പമുണ്ടായിരുന്ന റഹിം കേരളത്തിലേക്ക് മടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. റഹീമിനെ കേരളത്തിൽ കസ്റ്റഡിയിൽ എടുത്തായിരിക്കും ചോദ്യം ചെയ്യുക. പെൺകുട്ടികളുടെ മുംബൈ യാത്രയിൽ റഹീമിന്റെ പങ്ക് പോലീസ് അന്വേഷിക്കും. കൂടാതെ വേറെ ആരുടെയെങ്കിലും പ്രലോഭനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ എന്നും വ്യക്തത വരുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

