കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍; ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ പങ്കെടുത്തു

ദില്ലിയില്‍ ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂര്‍. ഇറാന്‍, പലസ്തീന്‍ ആക്രമണങ്ങളില്‍ ഇസ്രയേലിനെതിരെ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുമ്പോഴായിരുന്നു ഇസ്രയേല്‍ സ്ഥാനപതിയുടെ വസതിയിലെ ഉച്ചവിരുന്നില്‍ തരൂര്‍ അതിഥിയായി എത്തിയത്. പാര്‍ട്ടി അറിയാതെയായിരുന്നു പ്രവര്‍ത്തക സമിതിയംഗം കൂടിയായ തരൂര്‍ ക്ഷണം സ്വീകരിച്ചത്.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിക്കുന്ന നയങ്ങളില്‍ നിന്നും വ്യതിചലിച്ച് യാത്ര ചെയ്യുന്ന ശശി തരൂര്‍ ഇത്തവണ പാര്‍ട്ടിയെ വെട്ടിലാക്കിയത് ഇസ്രയേല്‍ എംബസി ഒരുക്കിയ ഉച്ചവിരുന്നില്‍ പങ്കെടുത്തായിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റൂവന്‍ അസറിന്റെ വസതിയില്‍ നടന്ന വിരുന്നില്‍ പങ്കെടുത്തത്. തരൂരിന് പുറമേ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ബിജെപിയുടെ രാജ്യസഭാംഗം കിരണ്‍ ചൗധരി തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.

Also read: കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസ്: പ്രതികളെ ലോ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പലസ്തീനിലും ഇറാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ശശി തരൂര്‍ ഇസ്രയേല്‍ എംബസിയുടെ ക്ഷണം സ്വീകരിച്ചത്. ഇസ്രയേലിന്റെ നടപടിയില്‍ ഇന്ത്യയുടെ മൗനം മൂല്യങ്ങള്‍ അടിയറവ് വയ്ക്കുന്ന നടപടിയാണെന്ന് ഒരു ദിനപത്രത്തിലെ ലേഖനത്തില്‍ സോണിയാ ഗാന്ധി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് പാര്‍ട്ടിയെ അറിയിക്കാതെ പ്രവര്‍ത്തക സമിതിയംഗമായ തരൂര്‍ വിരുന്നില്‍ പങ്കെടുത്തത്.

അന്നേ ദിവസം തന്നെയായിരുന്നു കേരളത്തില്‍ രാഷ്ട്രീയ കാര്യ സമിതിയോഗവും ചേര്‍ന്നത്. യോഗത്തില്‍ തരൂരിന്റെ അഭാവവും ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുടെ അനുവാദമില്ലാതെ നരേന്ദ്രമോദിയുടെ ദൗത്യവുമായുളള തരൂരിന്റെ മോസ്‌കോ യാത്രയും ഏറെ വിവാദമായിരുന്നു. എന്നാല്‍ എല്ലാം ഒരു ഭാരതീയന്‍ എന്ന നിലയില്‍ തന്റെ കടമ മാത്രമാണെന്നാണ് തരൂരിന്റെ വിശദീകരണം. അതേസമയം തരൂരിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News