
കോണ്‍ഗ്രസ് ഇങ്ങോട്ടു വിളിച്ചാല്‍ അങ്ങോട്ടു പോകുന്ന തരൂരിനെയാണ് ഇപ്പോള്‍ കളത്തില്‍ കാണുന്നത്. എന്തോ പറ്റി. കോണ്‍ഗ്രസിനെ ധിക്കരിച്ചായിരുന്നു തരൂര്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തിനൊപ്പം പോയത്. അതില്‍ തന്നെ പ്രശ്‌നായേ. ആരെയൊക്കെയാ കൊണ്ടോണ്ടേന്ന് ചോദിച്ചപ്പോ തരൂരിന്റെ പേര് കോണ്‍ഗ്രസ് മിണ്ടിയതേ ഇല്ലല്ലോ. കൊണ്ടോയതിനെ എതിര്‍ത്ത് പരസ്യപ്രതികരണം നടത്തിയും വിരട്ടിയും നേരിടാനിറങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നിലാണേല്‍ തരൂരൊട്ട് വഴങ്ങിയതുമില്ല.
ഡയറക്ട് രാഹുല്‍ ഗാന്ധി തന്നാണ് തരൂരിന്റെ ലക്ഷ്യം. ഇനിപ്പോ എന്താ ചെയ്യാ.. വേറൊന്നും ചെയ്യാന്‍ ആവൂല, കര്‍ശന നടപടി എടുക്കണമെന്നാണ് കെപിസിസിയുടെ തീരുമാനമായിരിക്കുന്നത്. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് വിവരങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ വാദങ്ങളെ അമേരിക്കയില്‍വച്ചാണ് തരൂര്‍ തള്ളിപ്പറഞ്ഞത്. കീഴടങ്ങാന്‍ മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെന്നും അങ്ങനെയാണ് പാകിസ്ഥാനെതിരായ ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ അത് അങ്ങനെയൊന്നുമല്ലഡേയ് എന്നാണ് തരൂര്‍ പറഞ്ഞത്.
പിന്നെ ഇത് ഇന്നും ഇന്നലേം തുടങ്ങിയെ അല്ല. നേരത്തെ ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലും രാഹുലിനെതിരെ പരാമാര്‍ശം ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി രാഷ്ട്രീയ ചരിത്രം പഠിക്കണമെന്നും പ്രതികരിക്കുന്നത് ചരിത്രബോധത്തോടെ വേണമെന്നുമായിരുന്നു വിമര്‍ശം. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പാര്‍ട്ടിയില്‍നിന്ന് നീതികിട്ടില്ലെന്ന് വിശ്വസിക്കുന്ന തരൂര്‍, തന്റെ കഴിവ് ഉപയോഗിക്കാത്ത നേതൃത്വമാണ് കോണ്‍ഗ്രസിലെന്നും യുഡിഎഫ് തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്തിരിക്കുമെന്നും പ്രതികരിച്ചിരുന്നു. സാമാന്യ ബോധത്തോടെ ചിന്തിക്കുന്ന ആര്‍ക്കും മനസ്സില്കാകാവുന്ന കാര്യം പ്രതിപക്ഷത്തിന് മാത്രം മനസ്സിലാകുന്ന കാര്യം തരൂര്‍ വിളിച്ചു പറഞ്ഞു.
ALSO READ: സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ
തരൂര്‍ ബിജെപി യിലേക്ക് നേരിട്ട് തല്‍കാലം പോകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തരൂരിന്റെ ലക്ഷ്യം ഇപ്പോള്‍ വിദേശകാര്യ ഉന്നതസ്ഥാനവും 2027ല്‍ ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ കാലാവധി അവസാനിച്ചാല്‍ ആ കസേരയുമാണെന്നാണ് കോണ്‍ഗ്രസിന്റെ വെയ്പ്. തിരുവനന്തപുരം ലോക്സഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖരന്‍ അടുത്തവൃത്തങ്ങളില്‍ സൂചന നല്‍കിയതും കോണ്‍ഗ്രസ് നേതാക്കളുടെ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. എന്താകുവോ എന്തോ. എന്നതായാലും കോണ്‍ഗ്രസ് അപ്പഴും ഇപ്പോഴും എപ്പോഴും ട്രാപ്പില്‍ തന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here