‘ഊരാളുങ്കൽ സൊസൈറ്റിയുമായി എനിക്കുള്ളത് മറ്റാർക്കുമില്ലാത്ത ബന്ധം’: സ്വന്തം കഥ പറഞ്ഞ് ടി. പദ്മനാഭൻ

t padmanabhan

ഊരാളുങ്കൽ സൊസൈറ്റിയുമായി തനിക്കുള്ള ബന്ധം മറ്റാർക്കും അവകാശപ്പെടാനാവാത്തതെന്ന് ടി. പദ്മനാഭൻ. സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായ കലാമേള ഉദ്ഘാടനം ചെയ്ത മലയാളത്തിന്റെ മഹാകഥാകാരൻ കഥയുടെ ചാരുതയോടെ ആ ബന്ധം വെളിപ്പെടുത്തിക്കൊണ്ടാണു പ്രസംഗം തുടങ്ങിയത്. “വാഗ്ഭടാനന്ദൻ ഈ സംഘം സ്ഥാപിച്ച് ആറുവർഷം കഴിഞ്ഞപ്പോഴാണു ഞാൻ ജനിച്ചത്.”

ഇന്നത് ലോകമെമ്പാടും ഖ്യാതി പടർത്തി നേടിയ അഭൂതപൂർവ്വമായ, അസൂയാർഹമായ വളർച്ച യുഎൻ പോലുള്ള സംഘടനകളും അംഗീകരിച്ചിരിക്കുന്നു. നമ്മളെപ്പറ്റി മറ്റുള്ളവർ പറഞ്ഞാലേ പൂർണ്ണത കിട്ടൂ.തുടർന്ന്, ആലുവ എഫ്എസിറ്റിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി ‘അന്തസ്സോടെ’ പണിയെടുത്ത കാൽ നൂറ്റാണ്ടുകാലം വിസ്തരിച്ചുതന്നെ അയവിറക്കി. “ഞാൻ ചേർന്നത് ജീവിതത്തിൽ കണ്ട ഏറ്റവും മഹാനായ വന്ദ്യപുരുഷന്റെ കീഴിൽ. അദ്ദേഹത്തിന് ഏറ്റവും പ്രധാനം തൊഴിലാളികളുടെ ക്ഷേമമായിരുന്നു. ഭരണം പൂർണ്ണമായും തൊഴിലാളികളുടെ ഒരു സംഘത്തെയാണ് ഏല്പിച്ചിരുന്നത്.”

“പതിനായിരം ജീവനക്കാരുള്ള ആ കമ്പനിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർമാരും ആശുപത്രിയും, ഏറ്റവും മികച്ച ഒന്നിലധികം സ്കൂളുകൾ, തൊഴിലാളികൾക്കും കുടുംബങ്ങൾക്കും മാത്രമല്ല, നാട്ടുകാർക്കും സേവനം, ഏറ്റവും മികച്ച കഥകളിവിദ്യാലയവും കളിയോഗവും, ഫൂട് ബോൾ, ടെന്നീസ് ടീമുകൾ, ഒന്നാന്തരം സിനിമാ തീയറ്റർ, നല്ല സിനിമകൾ, അഞ്ചു ദിവസം നീളുന്ന ഫിലിമോത്സവം…” അന്നത്തെ ഫാക്റ്റിന്റെ പ്രവർത്തനങ്ങളെപ്പറ്റി പദ്മനാഭൻ വാചാലനായി. അതുപോലെതന്നെ തൊഴിലാളികളെ സംഘടിപ്പിച്ചു ക്ഷേമം ഒരുക്കിയ അമുൽ സൊസൈറ്റിയുടെ കഥയും വിവരിച്ചു.

ക്ഷേമത്തിന്റെ കാര്യത്തിൽ അത്തരം ഉന്നതമായ മാതൃകയാണ് ഊരാളുങ്കൽ സൊസൈറ്റി. പാർട്ടിഭേദമില്ലാതെ ചില സഹകരണബാങ്കുകൾ കുഴപ്പത്തിൽ വീഴുമ്പോൾ അത്തരം പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു വളരുകയാണ് ഊരാളുങ്കൽ സംഘം. അപവാദങ്ങൾക്ക് ഇടകൊടുക്കാതെയുള്ള ഈ വളർച്ച അനായാസമല്ല; ഒരു നല്ല അമരക്കാരനില്ലെങ്കിൽ പറ്റില്ല.

ഇതൊക്കെയാണെങ്കിലും, ഫാക്റ്റിന്റെ സാരഥിയായിരുന്ന എം. കെ. കെ. നായർ പെൻഷൻ വാങ്ങാനാവാതെയാണു മരിച്ചത്. ആരോ ഒരു ഊമക്കത്ത് അയച്ചതാണു കാരണം. ഒന്നും ചെയ്യാതിരുന്നാൽ കുഴപ്പമില്ല. നല്ലതു വല്ലതും ചെയ്താൽ ആരോപണങ്ങൾ ഉണ്ടാകും. എന്നാൽ, സർക്കാരിന്റെ അല്ലാത്തകൊണ്ടും മറ്റു സവിശേഷതകൾകൊണ്ടും ഊരാളുങ്കലിന്റെ അമരക്കാരനെ ഒതുക്കിക്കളയാനാവില്ലെന്നും ടി. പദ്മനാഭൻ പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച ചലച്ചിത്രനടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, താൻ ഈയിടെ നടത്തിയ വിദേശയാത്രകളിൽ കണ്ട നിർമ്മിതികളോടു കിടപിടിക്കുന്നവയാണ് ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന നിർമ്മാണങ്ങളെന്ന് അഭിപ്രായപ്പെട്ടു. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർമാരായ വി. കെ. അനന്തൻ, കെ. ടി. രാജൻ എന്നിവരും സംസാരിച്ചു. വിവിധ വേദികളിൽ ഉച്ചയ്ക്ക് ആരംഭിച്ച കലാമത്സരങ്ങൾ ഞായറാഴ്ച വൈകിട്ട് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News