ബിൽക്കിസ് ബാനു കേസ്, വാദം ജൂലൈയില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി

പ്രതികൾക്കെല്ലാം നോട്ടീസ് കിട്ടിയിട്ടില്ല എന്ന സാങ്കേതിക വിഷയം പരിഗണിച്ച്  ബിൽക്കിസ് ബാനു കേസിൽ വാദം ജൂലൈയിൽ  കേൾക്കാമെന്ന് സുപ്രീംകോടതി. പുതിയ തീരുമാനം വന്നതോടെ ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കും മുമ്പ് തീർപ്പുണ്ടാകില്ല.

ബിൽക്കിസ് ബാനു കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതിയുടെ വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.

വേനലവധിക്കാലത്ത് ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് കെഎം ജോസഫ് അറിയിച്ചിരുന്നു. എന്നാൽ  കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും  ശക്തമായി എതിർക്കുകയായിരുന്നു.

മുമ്പ് കേസുമായി ബന്ധപ്പെട്ട ഫയലുകൾ സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  പുനപരിശോധന ഹർജി നൽകുമെന്നകാര്യം പരിഗണനയിലാണ് എന്ന് കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പുനപരിശോധനാ ഹര്‍ജി സമർപ്പിക്കില്ലെന്ന് ഇരു സര്‍ക്കാരുകള്‍ക്കുംവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഫയലുകള്‍ സുപ്രീം കോടതിക്ക് കൈമാറുമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവർ നൽകിയ ഹർജി പരിഗണിക്കരുത് എന്നും സോളിസ്റ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു. ക്രിമിനൽ കേസുകളിൽ പുറത്തു നിന്നുള്ള ആളുകളെ കക്ഷിചേർക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് കേന്ദ സർക്കാറിനും ഗുജറാത്ത് സർക്കാരിനും വേണ്ടി തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചു.

ജസ്റ്റിസ് കെ.എം ജോസഫ് വിരമിക്കുന്ന പശ്ചാത്തലത്തിൽ പുതിയ ബെഞ്ചായിരിക്കും ഹർജിയിൽ അന്തിമവാദം കേൾക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News