ക്ഷേമപെൻഷന്‍റെ കാര്യത്തിൽ കോൺഗ്രസുകാർ പറയുന്ന പച്ചക്കള്ളം 2016ലെ യുഡിഎഫ് പ്രകടനപത്രിക തന്നെ പൊളിച്ചടുക്കി!

ഹോ, ഇങ്ങനെ കള്ളങ്ങൾ പടച്ചു വിടാൻ എന്തൊരു കോൺഫിഡൻസാണ് കോൺഗ്രസ്സിന്. തൊലിക്കട്ടി അപാരം തന്നെ. യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശിക വന്നിട്ടില്ല എന്നാണ് പുതിയ വാദം. 18 മാസക്കാലം പെൻഷൻ കുടിശ്ശിക ബാക്കിവച്ചാണ് ഭരണത്തിൽ നിന്ന് ഇറങ്ങിയത് എന്ന കാര്യമൊക്കെ കോൺഗ്രസ്സിന്റെ യൂത്തന്മാർ മറന്നു. എന്നാൽ കേരളത്തിലെ സാധാരണക്കാരായ ക്ഷേമ പെൻഷൻ ഉപഭോക്താക്കൾക്ക് ഇതൊന്നും അത്ര പെട്ടെന്ന് മറക്കാൻ സാധിക്കില്ല.

ഏതായാലും സഖാവ് തോമസ് ഐസക്ക് രാവിലെ തന്നെ തെളിവുകളും രേഖകളും സഹിതം ഇവരുടെ വാദങ്ങളെ നിലം പരിശാക്കിയിട്ടുണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ കോൺഗ്രസ്സ് നേതാക്കൾ നിലമ്പൂരിൽ ക്യാമ്പ് ചെയ്തുകൊണ്ടാണ് നുണ പ്രചാരണങ്ങൾ പടച്ചുവിടുന്നത്. കഴിഞ്ഞ ദിവസം മാരത്തോൺ പത്രസമ്മേളനം നടത്തിയാണ് നേതാക്കൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. അതിൽ ഏറ്റവും വിചിത്രമായത് പി സി വിഷ്ണുനാഥിൻ്റെ കള്ളം ആയിരുന്നു “പെൻഷൻ 300ൽ നിന്നും 1200 രൂപ ആക്കിയ യു ഡി എഫ് സർക്കാരിന് ക്രെഡിറ്റില്ല. ഭരണത്തിൽ വന്നിട്ട് 9 കൊല്ലമായിട്ടും 1200ൽ നിന്ന് 1600 ആക്കിയ സർക്കാരിനാണ് ക്രെഡിറ്റ് മുഴുവൻ”. അതായത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് പെൻഷൻ 1200 രൂപ ആയിരുന്നു, പിന്നീട് വന്ന LDF സർക്കാർ അതിനെ 9 വർഷം കൊണ്ട് 1600 രൂപ ആക്കുകയാണ് ചെയ്യ്തത് എന്നാണ്.

ALSO READ: അധികാരം കിട്ടിയാൽ യുഡിഎഫ് ക്ഷേമപെൻഷനുകൾ നിർത്തലാക്കും, അതിന്റെ സൂചനയാണ് കോൺ​ഗ്രസ് നൽകുന്നത്: എം വി ​ഗോവിന്ദൻ മാസ്റ്റർ

പത്രസമ്മേളനം ഒക്കെ വിളിച്ച് ഇങ്ങനെ പച്ചക്കളം പറയാൻ ചെറിയ തൊലികട്ടി ഒന്നും പോര. എന്നാൽ എന്താണ് വാസ്തവം? 2016-ലെ യുഡിഎഫിൻ്റെ പ്രകടനപത്രിക മാത്രം മതി വിഷ്ണുനാഥിൻ്റെ പച്ചക്കള്ളം പൊളിക്കാൻ. 2016-ലെ പ്രകടനപത്രികയിലെ പതിനെട്ടാം ഭാഗമാണ് വയോജന ക്ഷേമം, അതിലെ നാലാമത്തെ പോയൻ്റ് ഇങ്ങനെയാണ് “വയോജന പെൻഷൻ 1000 രൂപയാക്കുകയും കൃത്യമായി എല്ലാ മാസവും നൽകും”. അതായത് ആ സമയത്തെ പെൻഷൻ 1000 രൂപയിൽ താഴെയാണെന്ന് വ്യക്തം, പെൻഷൻ വിതരണം കൃത്യമായി നടക്കാറില്ലെന്ന് യുഡിഎഫ് പ്രകടനപത്രികതന്നെ അടിവരയിടുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ ഭരണം അവസാനിക്കുന്ന സമയത്ത് 600 രൂപ മാത്രമായിരുന്നു പെൻഷൻ. അതും 18 മാസത്തെ കുടിശ്ശിക ബാക്കി വച്ചാണ് യു ഡി എഫ് ഭരണത്തിൽ നിന്ന് ഇറങ്ങിയത്.

ALSO READ: സ്വരാജിന്റെ സ്വത്ത് മാത്രം കാണുന്ന പ്രത്യേക തിമിരം ശ്രീജിത്ത് പണിക്കർക്ക്; അതിന് പിന്നാലെ പറക്കുന്ന കാക്കയായി ഗോപീകൃഷ്ണൻ

2016-ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ 600-ൽ നിന്ന് പെൻഷൻ 1000 ആക്കി വർദ്ധിപ്പിച്ചു. വീടുകളിൽ കൊണ്ടുപോയി പെൻഷകാരുടെ കൈകളിൽ കൊടുക്കും എന്ന വാഗ്ദാനം നടപ്പിലാക്കൽ ആയിരുന്നു സർക്കാർ എടുത്ത ആദ്യ മന്ത്രിസഭായോഗ തീരുമാനം. കുടിശ്ശികയുള്ള മുഴുവൻ പണവും കൃത്യമായി കണക്കാക്കി സഹകരണ ബാങ്ക് ജീവനക്കാർ പെൻഷൻകാരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. ഉമ്മൻ ചാണ്ടി കുടിശ്ശിക ആക്കി വെച്ച 18 മാസത്തെ പണം വരെ ഒറ്റയടിക്ക് കൊടുത്തു.

LDF സർക്കാർ വന്ന ശേഷം ആദ്യമാസം തന്നെ 600 നിന്ന് 1000 രൂപയായി പെൻഷൻ തുക വർധിപ്പിക്കുകയും ചെയ്തു. അന്ന് കുടിശ്ശിക തുകയും 3 മാസത്തെ പെൻഷൻ തുകയും കൈകളിൽ ലഭിച്ചപ്പോൾ പാവപ്പെട്ട മനുഷ്യരുടെ കണ്ണുകളിൽ കണ്ട തിളക്കം നമ്മളാരും മറന്നു കാണില്ല.

ALSO READ: ലൈഫിൽ വിരിഞ്ഞത് നിലമ്പൂരിലെ 5971 പുഞ്ചിരികൾ

2021ൽ പിണറായി സർക്കാറിന് ലഭിച്ച ചരിത്ര തുടർഭരണം എന്ന നേട്ടത്തിന്റെ പ്രധാന കാരണങ്ങളിൽ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ കൂടി മുഖ്യ ഘടകങ്ങൾ ആണ്. ഇത് യുഡിഎഫിന് ഉണ്ടാക്കിയ അസ്വസ്ഥത ചെറുതല്ല എന്നതുകൊണ്ട് കൂടിയാണ് അഖിലേന്ത്യാ നേതാവ് വരെ പെൻഷൻ കൈക്കൂലിയാണ് എന്ന് പറയുന്നത്. പെൻഷൻ കൈക്കൂലിയാണെന്ന് പറയുന്ന കോൺഗ്രസ്സുകാർ ഈ വസ്തുതകൾ വെച്ച് ചർച്ച ചെയ്യാൻ തയ്യാറുണ്ടോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News