
പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ സഹകരണം തേടി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ദില്ലിയില്‍ ചേര്‍ന്നു. വഖഫ് ഭേദഗതി ബില്‍ അടക്കം 16 ബില്ലുകള്‍ രണ്ട് സെഷനുകളിലായി ചേരുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ശനിയാഴ്ചയാണ് മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ സഹകരണം തേടിയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തത്. കഴിഞ്ഞ സഭാ സമ്മേളനം പൂര്‍ണമായും പ്രതിപക്ഷ-ഭരണപക്ഷ പ്രതിഷേധത്തില്‍ പ്രഷുബ്ധമായിരുന്നു. സമ്മേളനത്തിന്റെ ആദ്യദിനമായ വെളളിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കേന്ദ്രധനമന്ത്രി സാമ്പത്തിക സര്‍വ്വേ അവതരിപ്പിക്കും.
ശനിയാഴ്ചയാണ് ബജറ്റവതരണം. കേന്ദ്രധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിന്മേലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലും ചര്‍ച്ചകളും മറുപടിയും വരുംദിവസങ്ങളില്‍ ഉണ്ടാകും. ഫെബ്രുവരി 13വരെയാണ് ബജറ്റ് സമ്മേളനത്തിലെ ആദ്യ സെഷന്‍. ബജറ്റ് സമ്മേളനത്തില്‍ 16 ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തിന് ശേഷം പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വഖഫ് ഭേദഗതി ബില്ലും ഈ സെഷനില്‍ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ഭാഗമായി ജെപിസിയുടെ റിപ്പോര്‍ട്ട് സഭാസമിതി ചെയര്‍മാന്‍ ജഗദാംപിക പാല്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറി.
665 പേജുളള റിപ്പോര്‍ട്ടാണ് ജെപിസി ചെയര്‍മാന്‍ കൈമാറിയത്. റിപ്പോര്‍ട്ടിനെതിരെ സഭാസമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ബജറ്റില്‍ 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജും വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കാനായി വനനിയമത്തിലെ ഇളവും സര്‍വ്വകക്ഷിയോഗത്തില്‍ കേരള എംപിമാര്‍ ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം മുന്നോട്ടുപോകുമ്പോള്‍ ബജറ്റില്‍ നികുതിഘടനയിലടക്കം മാറ്റമുണ്ടാകുമോയെന്നതും നിര്‍ണായകമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

