
തിരക്കുള്ള സമയത്ത് ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവുമ്പോൾ ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗ നിർദേശം നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. ദേശീയ പാത അതോറിറ്റിയുടെ 2021 മെയ് 24-ലെ മാർഗ നിർദേശം പരിഗണിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വാഹനങ്ങളുടെ നിര 100 മീറ്ററിലേറെ നീണ്ടാൽ ടോൾ വാങ്ങാൻ പാടില്ല എന്ന മാർഗനിർദേശമാണ് ഹൈക്കോടതി കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
സാങ്കേതിക വിദ്യ പുരോഗമിച്ച പുതിയ കാലത്ത് ഇങ്ങനെ വരി നിർത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നതിനടക്കം മാറ്റം വരേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. തിരക്കേറുമ്പോൾ തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ കടത്തി വിടാൻ വൈകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി നിതിൻ രാമകൃഷ്‌ണനാണ് ഹർജി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here