
പൊതുജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ ന്യായീകരിക്കാന്‍ മോദി അനുകൂലികള്‍ ഉപയോഗിക്കുന്ന 1967ലെ ‘ദി ഹിന്ദു’ പത്രത്തിന്റെ ലീഡ് വാര്‍ത്ത വ്യാജം. എ.ഐ വഴി നിര്‍മിച്ചതാണ് വ്യാജവാര്‍ത്ത. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി എല്ലാവരും സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പറഞ്ഞുവെന്ന് ദി ഹിന്ദു വാര്‍ത്ത നല്‍കിയെന്നാണ് പ്രചരിപ്പിക്കുന്നത്.
പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കണണെന്നും വിദേശ യാത്ര പോകുന്നതും സ്വര്‍ണം വാങ്ങുന്നതും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ദി ഹിന്ദു പത്രത്തിന്റെ ജനപ്രീതി മുതലെടുത്ത് മോദി അനുകൂലികള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. 1967ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും സമാന കാര്യം ചെയ്തിരുന്നു എന്നു വിശ്വസിപ്പിക്കാന്‍ ഇവര്‍ വ്യാജമായി പത്രവാര്‍ത്ത നിര്‍മിക്കുകയായിരുന്നു. 1967ല്‍ ഇറങ്ങിയ ദി ഹിന്ദു പത്രത്തിന്റെ ഒന്നാം പേജ് എന്ന നിലയിലാണ് ചിത്രം ഫേസ്ബുക്കിലും എക്‌സിലും പ്രചരിപ്പിക്കുന്നത്.
വലതുപക്ഷ, സംഘപരിവാര്‍ അക്കൗണ്ടുകളാണ് ഈ വ്യാജ പ്രചാരണത്തിനു പിന്നില്‍. ഇന്ദിരാഗാന്ധി ആഹ്വാനം ചെയ്യുമ്പോള്‍ സമ്മതിക്കുകയും മോദി പറയുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നുവെന്ന് ഉന്നയിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ വരെ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനു പിന്നിലുണ്ട്. കര്‍ണാടകത്തിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ആര്‍. അശോകയാണ് ഇക്കൂട്ടത്തിലൊരാള്‍. അശോക തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഈ വ്യാജവാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.
Also Read: ‘ആയിരം കണ്ണുമായി’ പാടി മലയാളികളുടെ ഹൃദയം കീഴടക്കിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് ഇനി ഓർമ്മ
ലക്ഷക്കണക്കിനു ഫോളോവേഴ്‌സ് ഉള്ള പേജുകളിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന വലതുപക്ഷ അനുകൂല പേജുകള്‍ ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ മുന്നിലുണ്ട്. ഫെയ്‌സ്ബുക്ക്, എക്‌സ് എന്നിവയ്ക്ക് പുറമെ വാട്‌സ്ആപ്പിലൂടെയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ദി ഹിന്ദു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

