ലീഗ് നേതാവ് പണം നല്‍കാതെ വഞ്ചിച്ചു, കരാറുകാരനും കുടുംബവും അനിശ്ചിതകാല സമരത്തില്‍

ലീഗ് നേതാവ് മാനേജരായ സ്‌കൂളിനു മുന്നില്‍ കരാറുകാരനും കുടുംബവും അനിശ്ചിത കാല സമരത്തില്‍. കെട്ടിടം പണിത വകയില്‍ നാല്‍പ്പത് ലക്ഷത്തോളം രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. മാനേജര്‍ കമ്മീഷനായി ആവശ്യപ്പെട്ട പത്ത് ലക്ഷം രൂപ നല്‍കാത്തതിനാലാണ് കുടിശ്ശിക തടഞ്ഞുവച്ചതെന്നാണ് കരാറുകാരന്‍ എന്‍ പി ഉമ്മറിന്റെ ആരോപണം.

ലീഗ് നേതാവും കണ്ണൂര്‍ വളക്കെ മാപ്പിള എഎല്‍പി സ്‌കൂള്‍ മാനേജരുമായ പി പി ഖാദറിനെതിരെയാണ് സ്‌കൂള്‍ കെട്ടിടം പണിത കരാറുകാരന്റെ ആരോപണം. കരാര്‍ പ്രകാരം കെട്ടിടം പണിത തുക മുഴുവന്‍ നല്‍കണമെങ്കില്‍ പത്ത് ലക്ഷം രൂപ കമ്മീഷന്‍ വേണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതിനാല്‍ കെട്ടിടം പണിത വകയില്‍ ബാക്കിയുള്ള 38.5 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കരാറുകാരന്‍ എന്‍ പി ഉമ്മറിന്റെ ആരോപണം. സ്‌കൂളിനുമുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിത കാല സമരത്തിലാണ് കരാറുകാരനും കുടുംബവും.

ചര്‍ച്ചയ്ക്ക് പോലും ഇതുവരെ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.പഞ്ചായത്ത് പ്രസിഡണ്ട് മുന്‍കൈയെടുത്ത് മധ്യസ്ഥ ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയെങ്കിലും മാനേജര്‍ പങ്കെടുത്തില്ല. പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്തുണയും ഏറുകയാണ്. മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കുടുംബത്തെ ദുരിതത്തിലാക്കരുതെന്നും സമരപ്പന്തല്‍ സന്ദര്‍ശിച്ച സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

മൂന്ന് മാസം മുന്‍പ് കരാറുകാരന്‍ എന്‍ പി ഉമ്മറിന് അനുകൂലമായി വിധി പറഞ്ഞ പയ്യന്നൂര്‍ കോടതി സ്‌കൂള്‍ അറ്റാച്ച് ചെയ്തുകൊണ്ട് ഉത്തരവിട്ടിരുന്നു. കോടതി വിധിയെപ്പോലും മാനേജ്‌മെന്റ് മാനിച്ചില്ലെന്ന് കരാറുകാരന്‍ ആരോപിച്ചു. കടക്കെണിയിലും ജപ്തി ഭീഷണിയിലും ആയതിനാലാണ് നീതി തേടി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നതെന്നും എന്‍ പി ഉമ്മര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News