‘ബജറ്റില്‍ അനുവദിച്ച തുക വെട്ടിച്ചുരുക്കിയതായ മാധ്യമ വാർത്ത പൂര്‍ണ്ണമായും തെറ്റിദ്ധാരണാജനകം’: മന്ത്രി ഒ ആർ കേളു

OR Kelu

പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച തുക വെട്ടിച്ചുരുക്കിയതായ മാധ്യമ വാർത്ത പൂര്‍ണ്ണമായും തെറ്റിദ്ധാരണാജനകമാണെന്ന് മന്ത്രി ഒ ആർ കേളു. യഥാര്‍ത്ഥത്തില്‍ വകുപ്പിന്റെ ബജറ്റ് ശീര്‍ഷകത്തില്‍ അനുവദിച്ച തുകയില്‍ കുറവ് വരുത്തുകയല്ല മറിച്ച്, മുൻഗണനാക്രമം നിശ്ചയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ബജറ്റില്‍ വകയിരുത്തിയ 223 കോടി രൂപയും വിനിയോഗിച്ചത് കൂടാതെ ഈയിനത്തില്‍ അധികമായി അനുവദിച്ച 110 കോടി രൂപയും വിനിയോഗിച്ചിട്ടുള്ളതാണ്. അതായത് സ്കോളര്‍ഷിപ്പ് ഇനത്തില്‍ ഇതേവരെ 333 കോടി രൂപ വിനിയോഗം നടത്തിയിട്ടുണ്ട്.

Also read: കേന്ദ്രബജറ്റിൽ കേരളത്തെ തഴഞ്ഞ നടപടിയിൽ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഇതിനുപുറമേ 288 കോടി രൂപ കൂടി അനുവദിക്കുന്നത് സംബന്ധിച്ച ശിപാര്‍ശ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്. പാലക്കാട് മെഡിക്കല്‍ കോളേജ്, അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി, ഭവന നിര്‍മ്മാണം എന്നീ ശീര്‍ഷകങ്ങളില്‍ ഈ വര്‍ഷം ആവശ്യമായി വരുന്ന തുകയിലേയ്ക്ക് പുതുക്കുകയാണ് ചെയ്തിട്ടുള്ളത്. ലൈഫ് ഭവന പദ്ധതിയിലും ആവശ്യത്തിന് പണം നല്‍കുന്നതിന് ബുദ്ധിമുട്ടില്ല. ചികിത്സ ധനസഹായത്തിന് 65 കോടി രൂപയും നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ പദ്ധതി നടപ്പാക്കുന്നതിന് മുന്‍ഗണനാക്രമത്തില്‍ 450 കോടി രൂപയുടെ സേവിംഗ്സ് വിദ്യാഭ്യാസ, ചികിത്സ, വിവാഹ, മിശ്രവിവാഹ ധനസഹായം, വിദേശ വിദ്യാഭ്യാസ ധനസഹായം, അടിസ്ഥാന സൗകര്യ മേഖലകളില്‍ അധിക വിഹിതമായി ലഭ്യമാക്കുകയാണ് ചെയ്തത്. പട്ടിക-പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വായ്പകള്‍ അനുവദിക്കുന്നതിനുമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഗ്യാരണ്ടിത്തുകയിലേയ്ക്ക് 350 കോടി രൂപയും, കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ഗ്യാരണ്ടിത്തുകയിലേയ്ക്ക് 150 കോടി രൂപയും സർക്കാർ അധികമായി അനുവദിച്ചു.

Also read: ബജറ്റിൽ വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജ്യത്തിന്‍റെ വികസന കുതിപ്പിനെ ബാധിക്കും: മന്ത്രി വിഎൻ വാസവൻ

വാത്സല്യനിധിയില്‍ നിന്നും പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ എല്‍.ഐ.സി. പിന്മാറിയതിനാല്‍ പദ്ധതി പുനഃസംഘടിപ്പിക്കേണ്ടതിനാല്‍ പ്രസ്തുത ശീര്‍ഷകത്തില്‍ വകയിരുത്തിയിരുന്ന തുക മറ്റൊരു ശീര്‍ഷകത്തിലേയ്ക്ക് മാറ്റി ചെലവഴിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. പുതുക്കിയ മുൻഗണനാക്രമപ്രകാരം തുക പൂര്‍ണ്ണമായും വിനിയോഗിക്കുന്ന അവസരത്തില്‍ അധിക തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഒ ആർ കേളു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News