
പല തരത്തിലുള്ള സൈബർത്തട്ടിപ്പുകളുടെ വാർത്ത നമ്മൾ സ്ഥിരം കേൾക്കുന്നതാണ്. എത്രയേറെ മുന്നറിയിപ്പുകൾ ലഭിച്ചാലും ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇന്ത്യയിൽ ഇപ്പോൾ കണ്ടുവരുന്ന മറ്റൊരു സൈബർത്തട്ടിപ്പാണ് ‘ബോസ് സ്കാം’. എന്താണ് ഈ ബോസ് സ്കാം എന്നല്ലെ?..
പ്രധാനമായും കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരേയും സിഇഒകളേയും ലക്ഷ്യമിട്ടുള്ളതാണ് ഈ സ്കാം. വാട്സാപ്പ് വഴിയും വ്യാജമായ ഇമെയിൽ സന്ദേശം അയച്ചുക്കൊണ്ടുമാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിവിധ സംരംഭങ്ങളിലെ മുതിർന്ന മാനേജ്മെന്റ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അവരുടെ കമ്പനികളിലെ സാമ്പത്തികമായതും അല്ലാത്തതുമായ വിവരങ്ങൾ കൈക്കലാക്കുകയാണ് സൈബർക്കുറ്റവാളികൾ ചെയ്യുന്നത്. നിങ്ങൾക്ക് പരിചയമുള്ള വിശ്വസ്ഥരായ ആളുകളുടെ രൂപത്തിലായിരിക്കും ഇത്തരം ഹാക്കേർസ് നിങ്ങളെ സമീപിക്കുക. ഇതുവഴി സാമ്പത്തിക നഷ്ടം മാത്രമല്ല സംഭവിക്കുക. നിങ്ങളുടെ കമ്പനിയിലെ സുപ്രധാന വിവരങ്ങൾ നഷ്ടപ്പെടാനും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകും.
തികച്ചും പ്രൊഫഷണലായിട്ടുള്ള രീതിയിലാകും അവർ വാട്സാപ്പ് വഴിയോ മെയിൽ വഴിയോ നിങ്ങളെ സമീപിക്കുക. അതുകൊണ്ട് തന്നെ ഇതൊരു തട്ടിപ്പാണെന്ന് തിരിച്ചറിയുക എളുപ്പമല്ല. നിങ്ങൾ ഈ വിശ്വസിച്ച് മുന്നോട്ടു പോയാൽ, തട്ടിപ്പുകാർ അടുത്തതായി നിങ്ങൾക്ക് ഒരു ഫയൽ അയക്കും. ഈ ഫയൽ നിങ്ങൾ തുറക്കുന്നതോടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ഡിവൈസിൽ ഒരു മാൽവെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നു. ഇതോടെ നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരുടെ കയ്യിലാകും.
Also Read: അക്കൗണ്ട് നമ്പറോ ,ഫോൺ നമ്പറോ മാറി മറ്റൊരാൾക്ക് പണം അയച്ചോ? എന്നാൽ പണം തിരികെ കിട്ടാൻ ഈ വഴികൾ നോക്കാം
അതുകൊണ്ട് തന്നെ സംശയകരമായ രീതിയിലുള്ള മെയിലോ മറ്റോ വന്നാൽ അത് തുറന്നുനോക്കാതിരിക്കുക. ഒരു ഫയൽ തുറന്നുനോക്കുന്നതിനു മുമ്പ് സന്ദേശം അയച്ച ആളുടെ ഐഡന്റിറ്റി പരിശോധിക്കുക. വാട്സാപ്പ് വെബ് സെഷൻ ഇടക്കിടെ പരിശോധിക്കുക. അറിയാത്ത ഡിവൈസുകൾ കണ്ടെത്തിയാൽ ഉടൻ ലോഗൗട്ട് ചെയ്യുക. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഭയപ്പെടാതെ യുക്തിപരമായി ഇതിനെ സമീപിക്കുക. ഉടൻ പരാതിപ്പെടാനും മറക്കരുത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

