സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍

ദിപിന്‍ മാനന്തവാടി

ഭൂരിപക്ഷ ഏകീകരണം എന്ന ലക്ഷ്യത്തോടെയാണ് പ്രബല വിഭാഗമായ ലിംഗായത്തുകളെയും വൊക്കലിംഗയെയും ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ബിജെപി പയറ്റിയത്. ഇതില്‍ ടിപ്പുവിഷയത്തില്‍ പാളിയെങ്കിലും സംവരണ വിഷയത്തില്‍ ഇരുസമുദായങ്ങളുടെയും പിന്തുണ നേടാനാണ് ബിജെപി ശ്രമം. മുസ്ലിം സമുദായത്തില്‍ നിന്നും പിന്‍വലിച്ച സംവരണം 2 ശതമാനം വീതം ലിംഗായത്തുകള്‍ക്കും വൊക്കലിംഗക്കും വീതം വച്ച് നല്‍കിയത് ഈ നീക്കത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പട്ടികജാതി വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ സംവരണ വിഷയത്തില്‍ ബിജെപി നടത്തിയ നീക്കം പക്ഷെ പാളിയതായാണ് വിലയിരുത്തല്‍. പട്ടികജാതി വിഭാഗത്തിന് ആഭ്യന്തര സംവരണം നടത്താനുള്ള നീക്കമാണ് തിരിച്ചടിയായിരിക്കുന്നത്. ബഞ്ചാര സമുദായം സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. പട്ടികജാതി സംവരണം 15%ത്തില്‍ നിന്ന് 17%മാക്കിയ ബിജെപിക്ക് പിഴച്ചത് പട്ടികജാതി വിഭാഗത്തിനുള്ളില്‍ ആഭ്യന്തര സംവരണം കൊണ്ടുവരാനുള്ള നീക്കമാണ്. ഇതോടെയാണ് സംവരണത്തിന് പുറത്തുപോകുമെന്ന ആശങ്കയുയര്‍ത്തി ബഞ്ചാര വിഭാഗം രംഗത്തിറങ്ങിയിരിക്കുന്നത്. കര്‍ണ്ണാടകയിലെ 20%ത്തിലേറെ വരുന്ന ദളിത് വിഭാഗങ്ങളെ ഭൂരിപക്ഷത്തിനൊപ്പം നിര്‍ത്താനുള്ള ബിജെപിയുടെ നീക്കം പാളിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭൂരിപക്ഷ കേന്ദ്രീകരണം ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ക്ക് ഈ നിലയില്‍ തിരിച്ചടി നേരിട്ടതോടെ ലിംഗായത്ത് സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കമാകും ബിജെപി നടത്തുക. സാമൂദായികമായ മേല്‍ക്കൈ ലക്ഷ്യമിടുന്നുണ്ടെങ്കിലും വര്‍ഗീയ താല്‍പ്പര്യത്തോടെ ഹിന്ദുത്വയുമായി ചേര്‍ന്നു പോകുന്നവരല്ല ലിംഗായത്ത് വിഭാഗം. ശക്തനായ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയെന്ന സമീപനം സ്വീകരിച്ചതിനാല്‍ മാത്രമാണ് ലിംഗായത്തുകള്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നതെന്ന് കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. യെദ്യൂരിയപ്പയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിന്റെ പുറത്താണ് 2018ലെ തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നത്. ഒബിസി വിഭാഗത്തില്‍പ്പെട്ട സിദ്ധരാമയ്യയെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചതും ലിംഗായത്ത് പിന്തുണ ബിജെപിക്ക് അനുകൂലമായി ഉറപ്പിച്ചു.

പരമ്പരാഗതമായി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്നിരുന്ന വിഭാഗമായിരുന്നു ലിംഗായത്തുകള്‍. 1989ല്‍ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഒന്നരവര്‍ഷത്തിനകം ലിംഗായത്തുകാരനായ വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ലിംഗായത്തുകളുടെ വികാരത്തെ മുറിപ്പെടുത്തുന്ന നിലയിലായിരുന്നു ഈ അധികാരമാറ്റം നടന്നത്. ഇതോടെയാണ്‌ രാമകൃഷ്ണ ഹെഗ്‌ഡെയും എംപി പ്രകാശും അടക്കമുള്ള ലിംഗായത്ത് നേതാക്കള്‍ പ്രതിനിധീകരിക്കുന്ന ജനതാദളിനെ ലിംഗായത്തുകള്‍ പിന്തുണയ്ക്കാന്‍ ആരംഭിക്കുന്നത്. എന്നാല്‍ ജനതാദള്‍ പിളര്‍ന്നതോടെ പഴയ നിലയിലുള്ള പിന്തുണ ലിംഗായത്തുകളില്‍ നിന്നും ഇരുവിഭാഗത്തിനും ആര്‍ജ്ജിക്കാനായില്ല. പിന്നീട് ജെഡിയു-ബിജെപി സഖ്യസര്‍ക്കാരിന്റെ കാലത്ത് ധാരണപ്രകാരം യെദ്യൂരിയപ്പക്ക് അധികാരം കൈമാറാന്‍ ജെഡിഎസ് തയ്യാറാകാതിരുന്നത് ലിംഗായത്തുകളെ ജെഡിഎസിന് പൂര്‍ണ്ണമായും എതിരാക്കി. ഇതോടെയാണ് സമുദായത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ശക്തിയുള്ള നേതാവായി ലംഗായത്തുകള്‍ യെദ്യൂരിയപ്പയെ അംഗീകരിക്കുന്നത്. യെദ്യൂരിയപ്പയ്ക്ക് ഈ നിലയില്‍ ലിംഗായത്തുകള്‍ക്കിടയില്‍ ലഭിച്ച പിന്തുണയാണ് പിന്നീട് ലിംഗായത്ത് ശക്തികേന്ദ്രങ്ങളില്‍ ബിജെപിയെ നിര്‍ണ്ണായക ശക്തിയാക്കി മാറ്റിയത്. യെദ്യൂരിയപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള തീരുമാനം ലിംഗായത്തുകള്‍ അംഗീകരിച്ചിട്ടില്ല. ലിംഗായത്തുകാരനാണെങ്കിലും യെദ്യൂരിയപ്പയെപ്പോലെ സാമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തനായ നേതാവ് എന്ന പ്രതിച്ഛായ പകരം വന്ന ബസവരാജ് ബൊമ്മെക്ക് ഇതുവരെ ആര്‍ജ്ജിക്കാനും സാധിച്ചിട്ടില്ല.

2018ലെ തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് സ്വാധീന മേഖലകളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ ലിംഗായത്തുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരിടത്ത് മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ സാധിച്ചത്. കരാവാലി കര്‍ണാടക (കോസ്റ്റല്‍ കര്‍ണാടക)യില്‍ മാത്രമാണ് ബിജെപി ഈ നിലയില്‍ മുന്നേറ്റം ഉണ്ടാക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ ബണ്ട്‌സ് സമുദായത്തിന്റെ സ്വാധീനമേഖലയാണ് കോസ്റ്റല്‍ കര്‍ണാടക. 19 സീറ്റുള്ള ഈ മേഖലയില്‍ നിന്നും കഴിഞ്ഞ തവണ ബിജെപി 16 സീറ്റുകള്‍ നേടിയിരുന്നു.

ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള വടക്കന്‍ കര്‍ണാടക (കിട്ടൂരു കര്‍ണാടക)യിലും 2018ല്‍ നേട്ടം കൊയ്തത് ബിജെപിയായിരുന്നു. ഇവിടെ ആകെയുള്ള 50 സീറ്റുകളില്‍ 30 എണ്ണവും ബിജെപിക്കൊപ്പം നിന്നിരുന്നു. കോണ്‍ഗ്രസ് 17 സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ജെഡിഎസിന് ലഭിച്ചത് 2 സീറ്റായിരുന്നു. ലിംഗായത്തുകള്‍ക്ക് വലിയ സ്വാധീനമുള്ള മധ്യകര്‍ണാടകയിലും ബിജെപി ഏകപക്ഷീയമായ മുന്നേറ്റം നടത്തിയിരുന്നു. ആകെയുള്ള 26 സീറ്റില്‍ 21ലും ബിജെപി വിജയിച്ചിരുന്നു. 5 സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്.

ലിംഗയാത്തുകള്‍ക്കും വൊക്കലിംഗക്കും സ്വാധീനം കുറഞ്ഞ എന്നാല്‍ ഒബിസി, ദളിത് വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഹൈദരാബാദ് കര്‍ണാടക/വടക്ക് കിഴക്കന്‍ കര്‍ണാടക (കല്യാണ കര്‍ണാടക)യില്‍ 2018ല്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. ആകെയുള്ള 40 സീറ്റില്‍ 21 കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 4 സീറ്റ് ജെഡിഎസ് സ്വന്തമാക്കിയിരുന്നു. ഒരു സമുദായത്തിനും നിര്‍ണ്ണായക സ്വാധീനം അവകാശപ്പെടാനില്ലാത്ത ഗ്രേറ്റര്‍ ബംഗളൂരിവിലും നേട്ടം കൊയ്തത് കോണ്‍ഗ്രസായിരുന്നു. ആകെയുള്ള 32 സീറ്റില്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ 4 സീറ്റുകള്‍ ജെഡിഎസിനായിരുന്നു.

വൊക്കലിംഗ സമുദായം പ്രബലരായ മൈസൂരു കര്‍ണാടകയില്‍ മറ്റിടങ്ങളിലുണ്ടായ മുന്നേറ്റമുണ്ടാക്കാന്‍ 2018ല്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഈ മേഖലയില്‍ ആകെയുള്ള 61 സീറ്റുകളില്‍ 27 എണ്ണത്തില്‍ ജെഡിഎസും 17 എണ്ണത്തില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത് 11 സീറ്റുകളില്‍ മാത്രമാണ്.

കോസ്റ്റല്‍ കര്‍ണാടകയിലും മധ്യ കര്‍ണാടകയിലും വടക്കന്‍ കര്‍ണാടകയിലും കഴിഞ്ഞ വര്‍ഷത്തെ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞാലും ഒറ്റക്ക് അധികാരത്തിലെത്താനുള്ള സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. വൊക്കലിംഗ സമുദായത്തിന് സ്വാധീനമുള്ള മൈസൂരു കര്‍ണാടകയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചാല്‍ മാത്രമേ ബിജെപിക്ക് കര്‍ണാടകയില്‍ ഒറ്റക്ക് അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളു. ഇത് കൂടി കണക്കാക്കിയാണ് വൊക്കലിംഗ സമുദായത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാന്‍ ടിപ്പു വിരുദ്ധ കാര്‍ഡെല്ലാം ബിജെപി പ്രയോഗിച്ചത്. സിടി രവി മാത്രമാണ് വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖനായ ബിജെപി നേതാവ്. യെദ്യൂരിയപ്പക്ക് പകരക്കാരനെ പരിഗണിച്ചപ്പോള്‍ സിടി രവിയുടെ പേരും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ നറുക്ക് വീണത് ലിംഗായത്തുകാരനായ ബസവരാജെ ബൊമ്മെക്കായിരുന്നു. ഇത്തവണ പക്ഷെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് പരിഗണിക്കുമ്പോള്‍ സിടി രവിയെ പരിഗണിക്കാന്‍ സാധ്യതയില്ല.

വൊക്കലിംഗ സമുദായത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള നേതാവ് ഇപ്പോഴും ദേവഗൗഡ തന്നെയാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കുമാരസ്വാമി നടത്തിയ ഇടപെടലുകളും വൊക്കലിംഗ സമുദായത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെയാണ് വൊക്കലിംഗ സമുദായത്തിന് സ്വാധീമുള്ള മൈസൂര്‍ കര്‍ണ്ണാടകയില്‍ ജെഡിഎസ് ഇപ്പോഴും പ്രബലരാകുന്നത്. വൊക്കലിംഗ സമുദായത്തെ ഒപ്പം നിര്‍ത്താനും ലിംഗായത്തുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനും തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമാരസ്വാമി നടത്തിയ ഒരു പ്രസ്താവനക്ക്‌ സാധിച്ചിട്ടുണ്ട്. ബ്രാഹ്മണനായ പ്രഹ്ലാദ് ജോഷിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. ലിംഗായത്തുകാരനാണെങ്കിലും ബസവരാജെ ബൊമ്മെയില്‍ ലിംഗായത്ത് സമുദായ നേതൃത്വം തൃപ്തരല്ല. ഈ അതൃപ്തിക്കിടയിലാണ് ലിംഗായത്തിന് വെളിയില്‍ നിന്ന് ബിജെപി ബ്രാഹ്മണ മുഖ്യമന്ത്രിയെ തേടുന്നു എന്ന വിവരണം കുമാരസ്വാമി മുന്നോട്ടുവച്ചത്. ഇത് ലിംഗായത്തുകളെയും വൊക്കലിംഗ സമുദായത്തെയും ഒരുപോലെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന് ബിജെപിയും ഭയക്കുന്നുണ്ട്. താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ല, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഹ്ലാദ് ജോഷിക്ക് തന്നെ തുറന്നുപറയേണ്ടി വന്നത് ഇതിന്റെ സൂചനയാണ്. അപ്പോഴും ശക്തനായ ഒരു ലിംഗായത്ത് നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ ജെഡിഎസിനില്ല. കോണ്‍ഗ്രസും ഇതേ അവസ്ഥയിലാണ്.

ഹിജാബ് വിവാദം, ടിപ്പു വിഷയം, മുസ്ലിം സംവരണ വിഷയം തുടങ്ങിയ ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങള്‍ മുസ്ലിം സമുദായത്തെ ബിജെപിയില്‍ നിന്നും പൂര്‍ണ്ണമായി അകറ്റിയിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ ബിജെപി വിരുദ്ധത കോസ്റ്റല്‍ കര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും ഗ്രേറ്റര്‍ ബംഗളൂരിവിലും കോണ്‍ഗ്രസിനും പഴയ മൈസൂരുവില്‍ ജനതാദള്‍ എസിനും ഗുണമാകുമെന്നാണ് കണക്കുന്നത്. എന്നാല്‍ ഈ വിഷയങ്ങള്‍ വൈകാരികമായി ഏറ്റെടുത്ത് എസ്ഡിപിഐ പിടിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ബിജെപിക്ക് ഗുണമാകുമെന്നും വിലയിരുത്തലുകളുണ്ട്.

(നാളെ: ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനാവാതെ ബിജെപിയും പ്രതിപക്ഷവും)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News