പൊലീസ് സൈബര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ വേണം: മുഖ്യമന്ത്രി

സൈബര്‍ ആക്രമണങ്ങള്‍ വ്യാപകമാകുന്ന കാലത്ത് പൊലീസ് സൈബര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ആക്രമണങ്ങളോട് അയഞ്ഞ സമീപനം സ്വീകരിച്ചാല്‍, അത് മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമാകും. അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന പൊലീസ് സേനാംഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. ആകസ്മികമായ ചില സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, അതുനേരിടാന്‍ സേന സജ്ജമാകണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുറ്റാന്വേഷണവും ക്രമസമാധാന പാലനവും മികച്ച രീതിയില്‍ നടക്കുന്നു. സമര്‍ത്ഥവും ശാസ്ത്രീയവുമായ ഇടപെടലുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ പൊലീസിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതേസമയം, സൈബര്‍രംഗത്ത് നടക്കുന്ന തട്ടിപ്പുകളെ അമര്‍ച്ചചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ ഫലപ്രാപ്തിയിലെത്താനായിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ സംരക്ഷകരും സുഹൃത്തുമായി മാറുമ്പോള്‍തന്നെ നിയമപരിപാലനത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. പൊലീസ് സേനാംഗങ്ങള്‍ക്ക് നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കാന്‍ ഒരു തടസ്സവുമില്ല. എന്നാല്‍, പൊലീസില്‍ പൊതുധാരയില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരില്‍ ചിലര്‍ക്ക് സര്‍വീസില്‍നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് ഒരു കാരണവശാലും സേനയില്‍ തുടരാനാകില്ല. തെറ്റായ പാതയിലൂടെ മുന്നോട്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച്, പൊലീസിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയായി. മന്ത്രി കെ രാജന്‍, ഡിജിപി അനില്‍കാന്ത്, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News