സോഷ്യല്‍ മീഡിയയില്‍ അഭ്യാസപ്രകടനം പോസ്റ്റ് ചെയ്തവരും പിടിയില്‍, സംയുക്ത നീക്കവുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും

രൂപം മാറ്റിയ ബൈക്കുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു.

അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ കണ്ടെത്തിയായിരുന്നു പരിശോധന. പരിശോധന വിധേയമാക്കിയ വീഡിയോകളില്‍ നിന്നും ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത്, 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു.

ട്രാഫിക്ക് വിഭാഗം ഐജി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം സൗത്ത് സോണ്‍ ട്രാഫിക്ക് എസ്പി എ.യു സുനില്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ട്രാഫിക്ക് എസ്.പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here