രണ്ടാമത് എച്ച്.പി.ബി ആന്‍ഡ് ജി.ഐ കാന്‍സര്‍ സര്‍ജറി ഉച്ചകോടി സമാപിച്ചു; ഏകലവ്യ പുരസ്‌കാരം ഡോ. ബസന്ത് നാരായന്‍ സിങ്ങിന്

Cancer Surgery Summit

സേനാധിപന്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷനും ലേക് ഷോര്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് എച്ച്പിബി ആന്‍ഡ് ജി.ഐ കാന്‍സര്‍ സര്‍ജറി ഉച്ചകോടി സമാപിച്ചു. ഉദരാശയം, കരള്‍, പാന്‍ക്രിയാസ്, പിത്തനാളി കാന്‍സര്‍ ശസ്ത്രക്രിയാ രംഗത്തെ നൂതന ചികിത്സാ രീതികളും അറിവുകളും പങ്കുവെച്ച സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ ഭാവി മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധേയമായി.


ഈ രംഗത്ത് നിര്‍മ്മിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പുതിയ സാധ്യതകളെക്കുറിച്ചും ഹൈദരാബാദ് എ.ഐ.ജി ആശുപത്രിയിലെ ഡോ. ജി.വി. റാവു വിശദീകരിച്ചു. വരും തലമുറയിലെ ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് അനിവാര്യമായ അടിസ്ഥാന നൈപുണ്യങ്ങളെയും പരിശീലനങ്ങളെയും കുറിച്ച് രാജ്യത്തെ പ്രമുഖ കീഹോള്‍ കാന്‍സര്‍ സര്‍ജന്മാരായ ഡോ. ആര്‍.എ. ശാസ്ത്രി, ഡോ. ആദര്‍ശ് ചൗധരി എന്നിവര്‍ സംസാരിച്ചു.


പെരിറ്റോണിയല്‍, വന്‍കുടല്‍ കാന്‍സര്‍ വിഭാഗങ്ങളിലെ നൂതന ശസ്ത്രക്രിയാ രീതികള്‍ സംബന്ധിച്ച പ്രബന്ധങ്ങളും രണ്ടാം ദിനത്തില്‍ അവതരിപ്പിച്ചു. വന്‍കുടല്‍ കാന്‍സര്‍ സര്‍ജറി രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് സിംഗപ്പൂരില്‍ നിന്നുള്ള പ്രമുഖ സര്‍ജന്‍ ഡോ. ഫ്രാന്‍സിസ് ഷിയോ മുഖ്യ പ്രഭാഷണം നടത്തി. അര്‍ബുദ ശസ്ത്രക്രിയാ രംഗത്തെ ഗുണനിലവാര സൂചികകളെക്കുറിച്ച് സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ കൂടിയായ ഡോ. എച്ച്. രമേഷ് സംസാരിച്ചു.


സമ്മിറ്റിന്റെ ഭാഗമായി മികച്ച യുവ ലാപറോസ്‌കോപിക്ക് സര്‍ജന് സേനാധിപന്‍ എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഏകലവ്യ പുരസ്‌കാരം പാറ്റ്‌ന എയിംസിലെ ഡോ. ബസന്ത് നാരായന്‍ സിങ്ങിന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ പ്രൊഫ. ഡോ. ബൈജു സേനാധിപന്‍ സമ്മാനിച്ചു. സ്വര്‍ണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ആദര്‍ശ് ചൗധരി, ഡോ. പവനിന്ദ്ര ലാല്‍, ഡോ. രാജ കലയരശന്‍, ഡോ. അഭയ് ദാല്‍വി, ഡോ. പാര്‍ത്ഥസാരഥി എന്നിവരടങ്ങുന്ന പാനലാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Also Read: വയേർഡ് ഇയർഫോണുകൾ വീണ്ടും ട്രെന്റാകുന്നു, ഈ ഗുണങ്ങള്‍ വയർലെസുകള്‍ക്കില്ല!


സമ്മേളനത്തില്‍ കാന്‍സര്‍ ശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. ആദര്‍ശ് ചൗധരി, ഡോ. അനന്ദകൃഷ്ണന്‍ എന്‍, ടോക്യോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. നാഗാകാവ യുയിച്ചി, സിംഗപ്പൂരില്‍ നിന്നുള്ള ഡോ. ഫ്രാന്‍സിസ് ഷിയോ എന്നിവരെ ആദരിച്ചു. രണ്ടുദിവസമായി നടന്ന ഉച്ചകോടിയില്‍ ഇന്ത്യ, ജപ്പാന്‍, നേപ്പാള്‍, അമേരിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാനൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News