ജില്ലാ കളക്ടര്‍ ഇടപെട്ടു; ശബരിമല വനമേഖലയിലെ വിദ്യാര്‍ഥികളുടെ യാത്രാ അനിശ്ചിതത്വം പരിഹരിച്ചു

ശബരിമല വനമേഖലയില്‍പ്പെട്ട അട്ടത്തോട്, കിസുമം സ്‌കൂളുകളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു പോകുന്നതിനുള്ള ബസ് സംബന്ധിച്ച അനിശ്ചിതത്വം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഇടപെട്ട് പരിഹരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സെന്ററില്‍നിന്നും അട്ടത്തോട് സ്‌കൂളിന് അനുവദിച്ചിട്ടുള്ള ബസിലാണ് നിലവില്‍ രണ്ടു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. അറ്റകുറ്റപ്പണിക്ക് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിട്ടുള്ള ബസ് പണം ലഭ്യമല്ലാതിരുന്നതിനാല്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം അടിയന്തിരമായി ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്എസ് സുധീറിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച പെരുനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പ്രതിനിധി, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, അട്ടത്തോട് സ്കൂൾ ഹെഡ് മാസ്റ്റർ എന്നിവർ പങ്കെടുത്ത യോഗത്തില്‍ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ വാഹനം ഓടിക്കുന്നതിന് തീരുമാനമായി. ചെലവിനത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ആനുപാതിക തുക പട്ടികവര്‍ഗ വികസന വകുപ്പ് ഹെഡ്മാസ്റ്റർക്ക് അനുവദിക്കും. വിദ്യാവാഹിനി പദ്ധതി പ്രകാരമാണ് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ യാത്രാസൗകര്യത്തിന്റെ ചെലവ് നല്‍കുക. പിടിഎയുടെ ആഭിമുഖ്യത്തില്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. വാഹനത്തിന്റെ ഉടമസ്ഥാവകാശം അട്ടത്തോട് ഗവ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കാണ്.

Also read: കെ എസ് യു നേതാവിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്, അന്വേഷണമാവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here