ഇനിയും മരിച്ചിട്ടില്ലാത്ത ചിന്തകന്‍; ചിന്ത രവീന്ദ്രനെ ബിജു മുത്തത്തി ഓര്‍ക്കുന്നു

അടിയന്തരാവസ്ഥയ്ക്കെതിരായ ഒളിപ്പോരുകള്‍ പോലെയായിരുന്നു വിദൂര ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടുള്ള രവീന്ദ്രന്‍റെ യാത്രാഖ്യാനങ്ങള്‍. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്തൊരു ഭാഷയും ജീവിത വിവരണവുമായിരുന്നു അത്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആ യഥാര്‍ത്ഥ കണ്ടെഴുത്തുകള്‍ക്ക് പരോക്ഷമായി ഭരണകൂട വിമര്‍ശനങ്ങളുടെ മുനയും മൂര്‍ച്ചയുണ്ടായിരുന്നു. ‘അകലങ്ങളിലെ മനുഷ്യരും’ ‘ദിഗാരുവിലെ ആനകളും’ ‘ബുദ്ധപഥങ്ങളു’മെല്ലാം അതുകൊണ്ടു കൂടിയാണ് പ്രതിഭയുടെ ഗോപുരങ്ങളായി വിളങ്ങി നിന്നത്.

ഗോദാവാരിതടത്തിലെ ലമ്പാടകള്‍ക്കിടയില്‍ നിന്ന് ആല്‍പ്സിലെ ആട്ടിടയന്മാര്‍ക്കിടയിലേക്കും, സ്വിസ് നഗരങ്ങളിലെ നിഗൂഡമായ ഉള്‍ത്തെരുവുകളിൽ നിന്ന് റോമിലെ പുരാതന ചത്വരങ്ങളിലേക്കും, ബീഹാറിലെ ബുദ്ധഗ്രാമങ്ങളിൽ നിന്ന് ദുർഗമങ്ങളായ വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കും, മാര്‍ക്സിന്‍റെ ശവകുടീരത്തിൽ നിന്ന് ഗ്രാംഷിയുടെ ജന്മനാട്ടിലേക്കുമെല്ലാം രവീന്ദ്രന്‍ സഞ്ചരിച്ചപ്പോള്‍ രേഖപ്പെടുത്തപ്പെട്ടതെല്ലാം ഒരര്‍ത്ഥത്തില്‍ ‘അകലങ്ങളിലെ മനുഷ്യര്‍’ തന്നെ. മലയാളത്തിലെ യാത്രയെഴുത്തിനെ എല്ലുറപ്പുള്ള ഒരു ഉജ്ജ്വല സാഹിത്യശാഖയാക്കി മാറ്റിയത് അക്ഷരാര്‍ത്ഥത്തില്‍ രവീന്ദ്രനാണ്. അത്യുന്നതമായ ആ ഗദ്യകലയ്ക്ക് മലയാളത്തില്‍ തത്സമങ്ങളില്ല.

ഏഷ്യാനെറ്റിലെ ‘എന്‍റെ കേരളം’ കൈരളി ടിവിയിലെ ‘ശീതകാലയാത്രകള്‍’‍- രണ്ടും സര്‍ഗാത്മക ടെലിവിഷന്‍റെ വസന്തകാലത്തെ രവീന്ദ്രന്‍റെ കൈയ്യൊപ്പുകളാണ്. ശശികുമാര്‍ തുടങ്ങിയ മലയാളത്തിലെ സ്വകാര്യ ടെലിവിഷന്‍ മുന്നേറ്റത്തിന്‍റെ ആത്മാവായിരുന്നു രവീന്ദ്രന്‍. ഹരിജൻ (തെലുങ്ക്)‍, ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പ്പക്ഷികള്‍- ഈ മൂന്ന് രവീന്ദ്ര സിനിമകളും മലയാളത്തിലെ സമാന്തര രാഷ്ട്രീയ സിനിമയുടെ ശക്തി സ്തംഭങ്ങളാണ്.

കേരളത്തിലെ ട്രേഡ് യൂനിയന്‍ രാഷ്ട്രീയം മുളപൊട്ടുന്നതിന്‍റെ ആദ്യകാലജീവിതമാണ് രവീന്ദ്രന്‍റെ ഒരേ തൂവല്‍പ്പക്ഷികളിലൂടെ തിരരൂപം പൂണ്ടത്. 1988-ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഈ ചിത്രത്തിന്‍റെ ഗാനശില്‍പികള്‍ സംവിധായകന്‍ ജി അരവിന്ദനും എം ബി ശ്രീനിവാസനുമായിരുന്നുവെന്നത് വേറൊരു ചരിത്രം. സാമൂഹ്യമായും രാഷ്ട്രീയമായും ഇന്നത്തേക്കാള്‍ ഇളകിമറിഞ്ഞ ഒരു കാലത്തെ ത്യാഗസജ്ജമായ യുവജീവിതമാണ് ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ‘‍. ശശികുമാറും ടിവി ചന്ദ്രനുമായിരുന്നു ഈ സിനിമയിലെ നടന്മാര്‍. ആന്ധ്രയിലെ പത്രപ്രവര്‍ത്തന യാത്രയിലെ കണ്ടെത്തലുകളില്‍ നിന്നാണ് ‘ഹരിജന്‍’ പിറന്നത്.

ഒരു കാലഘട്ടത്തിലെ സൗഹൃദ സംഗമത്തിന്‍റെ യാദൃശ്ചികതകളെന്ന് ഈ സിനിമകളെ വിശേഷിപ്പിച്ച രവീന്ദ്രന്‍ അതിനെ ഒരു മാതൃകാ ചലച്ചിത്രമായി എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നതാണ് നേര്. ഒപ്പം തന്നെ തന്‍റെ സിനിമകളെ വെറും ചലച്ചിത്ര പ്രബന്ധങ്ങ‍ളെന്ന് വിളിച്ച് വിമര്‍ശിക്കാനും തയ്യാറായി എന്ന കൗതുകവുമുണ്ട്.

സിനിമ ഒരു നിഷ്കളങ്ക വിനോദമാണെന്ന നാട്യത്തെ പൊളിച്ചു കാട്ടി അതിനെ രാഷ്ട്രീയമായും പ്രത്യയശാസത്രപരമായും വിമര്‍ശിക്കാന്‍ പഠിപ്പിച്ചത് രവീന്ദ്രനാണ്. മലയാളികള്‍ കച്ചവടമായും കലയായും ആഘോഷിച്ച സിനിമകളുടെയും പ്രത്യയശാസ്ത്രം ഏതാണ്ട് ഒന്നുതന്നെയെന്ന് അദ്ദേഹം എ‍ഴുതി. തന്‍റെ അടുത്ത സുഹൃത്തുക്കളായ അടൂര്‍ ഗോപാലകൃഷ്ണനെയും ഭരതനെയും ആ നിലക്ക് അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്ന സിനിമയ്ക്കെതിരായ രവീന്ദ്രന്‍റെ വിമര്‍ശനമാണ് സിനിമയുടെ രാഷ്ട്രീയം പറയുമ്പോള്‍ ഒരു പാഠപുസ്തകം പോലെ മനസ്സില്‍ വരുന്ന പഠനം. ആറ്റന്‍ ബറോയുടെ ഗാന്ധിയെ ഒരു ‘ബ്രിട്ടീഷ് ഗാന്ധി’യായാണ് രവീന്ദ്രന്‍ കണ്ടെത്തിയത്.

മലയാളത്തില്‍ മാര്‍ക്സിയന്‍ ചിന്തയിലൂന്നിയ കലാവിമര്‍ശനത്തിന് അടിത്തറയിട്ടതും രവീന്ദ്രനാണ്. രവീന്ദ്രന്‍റെ ‘കലാവിമര്‍ശം- ഒരു മാര്‍ക്സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകം ആ നിലക്ക് ഒരു ചുവടുവെപ്പാണ്. എല്ലാ കലാ- സാംസ്കാരിക പ്രതിഭാസങ്ങള്‍ക്കും രാഷ്ട്രീയവും സാമ്പത്തികവുമായ അടിത്തറയുണ്ടെന്നും അതുകൊണ്ട് രാഷ്ട്രീയ നിരപേക്ഷമായ വിമര്‍ശനം നിരര്‍ത്ഥകമാണെന്നും രവിന്ദ്രന്‍ എ‍ഴുതുന്നു. ഈ പുസ്തകത്തിന്‍റെ  ‘അന്തര്‍വാഹിനിയായി ഒ‍ഴുകുന്ന മാര്‍ക്സിസ്റ്റ് ചിന്ത 21ാം നൂറ്റാണ്ടിലും പ്രസക്തമാണെന്ന്’ എന്‍ എസ് മാധവന്‍ ആമുഖത്തില്‍ എ‍ഴുതുന്നു.

ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ അന്‍റോണിയോ ഗ്രാംഷിയെയും കൊളംബിയന്‍ എ‍ഴുത്തുകാരനായ ഗബ്രിയേൽ ഗർസിയ മാർക്വേസിനെയും പരാമര്‍ശിക്കാതെ മലയാളിക്ക് ഇന്ന് ഒരു രാഷ്ട്രീയ-സാംസ്കാരിക സംവാദങ്ങളുമില്ല. എന്നാല്‍ ഈ രണ്ടു മഹാന്മാരെയും മലയാളിക്ക് ആദ്യം പരിചയപ്പെടുത്തിയത് ചിന്ത രവീന്ദ്രനാണെന്ന് എത്ര പേര്‍ക്കറിയും? രവീന്ദ്രന്‍റെ ഗ്രാംഷി പഠനത്തിനു ശേഷമാണ് ഇഎംഎസ്സിന്‍റെയും പിജിയുടെയും ഗ്രാംഷി പുസ്തകം പോലും പുറത്തുവന്നത്.

ഗ്രാംഷിയുടെ ‘ജൈവ ബുദ്ധിജീവി’ എന്ന പരികല്‍പ്പനയ്ക്ക് പ്രചാരം നല്‍കിയ രവീന്ദ്രനും തന്‍റെ ചിന്തായാത്രകള്‍ കൊണ്ട് തെളിയിച്ചത് സ്വന്തം ജൈവ ബുദ്ധിജീവിതം തന്നെയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അടുത്തിടെ ‘ജൈവ ബുദ്ധിജീവി’ എന്ന് പ്രയോഗിച്ചപ്പോള്‍ അത് ജൈവപച്ചക്കറി പോലെ എന്തോ ആണെന്നു തെറ്റിദ്ധരിച്ച് ചര്‍ച്ച നടത്തിയവരാണ് ഇവിടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടത്തും വലത്തുമുള്ളതെന്ന് കാണുമ്പോള്‍ അറിയാതെ ചിന്ത രവീന്ദ്രനെ ഓര്‍ത്തു പോയി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ‘ചിന്ത’യുടെ പത്രാധിപ സമിതി അംഗമായതിനെ തുടര്‍ന്നാണ് രവീന്ദ്രന്‍ സുഹൃത്തുക്കളുടെയിടയില്‍ ചിന്ത രവീന്ദ്രനായി അറിയപ്പെട്ടത്. മലയാളിയുടെ ഏറ്റവും പ്രബുദ്ധനായ ചിന്തകനെന്ന നിലയിലും ചിന്ത എന്ന വാക്ക് രവീന്ദ്രന്‍റെ പേരിനൊപ്പം മാത്രമല്ല സര്‍ഗ്ഗചിന്തകളിലും ഉറച്ചുപോവുകയായിരുന്നു.

മാര്‍ക്സും ബുദ്ധനും മനുഷ്യസ്നേഹവും നിറയുന്ന പ്രൗഡമായ ഭാഷയും ഭാവനയും ചിന്തയും തന്നെയാണ് ചിന്ത രവീന്ദ്രനെന്ന ചിന്തകനെ മലയാളിയുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠനാക്കുന്നതെന്ന് ഉറപ്പായും പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News