
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഇന്ന് പുലർച്ചെ 3.10-ന് ആണ് കുട്ടിയെ അമ്മത്തൊട്ടിലിൽ നിന്നും കണ്ടെത്തിയത്. പത്തു ദിവസം മാത്രം പ്രായമുള്ള ഈ ആൺകുഞ്ഞിന് ‘റിഥം’ എന്ന് പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. ലോക നൃത്ത ദിനത്തിൽ അണഞ്ഞതുകൊണ്ടുതന്നെ, അവന്റെ ജീവിതം ഇനിയങ്ങോട്ട് മനോഹരമായ ഒരു സംഗീതം പോലെ ഒഴുകട്ടെ എന്ന് അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം എത്തുന്ന അഞ്ചാമത്തെ അതിഥിയാണ് റിഥം. 2.4 കിലോഗ്രാം ഭാരമുള്ള ഈ മിടുക്കൻ ഇപ്പോൾ തൈക്കാട് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം സമിതിയുടെ കരുതൽ തണലിൽ സുഖമായിരിക്കുന്നു.
ALSO READ: വീണ്ടും ‘ഫ്ലക്സ് യുദ്ധം’; വി ഡി സതീശന് അനുകൂലമായി കോഴിക്കോട് ഫ്ലക്സ്
പോസ്റ്റിന്റെ പൂർണരൂപം
അമ്മത്തൊട്ടിലിൽ വിരിഞ്ഞ പുതിയ താളം; സ്വാഗതം ‘റിഥം’
ലോകം നൃത്തത്തിന്റെ താളത്തെക്കുറിച്ച് സംസാരിക്കുന്ന ഈ വേളയിൽ, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയൊരു ജീവന്റെ താളം കൂടി അണഞ്ഞിരിക്കുന്നു. ഇന്ന് പുലർച്ചെ 3.10-ന്, നിശബ്ദതയെ ഭേദിച്ച് ആ കുഞ്ഞു കരച്ചിൽ അലാം മുഴങ്ങിയപ്പോൾ, അത് വെറുമൊരു അറിയിപ്പായിരുന്നില്ല; സുരക്ഷിതമായ കൈകളിലേക്ക് ഒരു ജീവൻ കൂടി നടന്നു കയറിയതിന്റെ ആശ്വാസമായിരുന്നു.
പത്തു ദിവസം മാത്രം പ്രായമുള്ള ഈ ആൺകുഞ്ഞിന് ‘റിഥം’ എന്ന് ഞങ്ങൾ പേരിട്ടു. ലോക നൃത്ത ദിനത്തിൽ അണഞ്ഞതുകൊണ്ടുതന്നെ, അവന്റെ ജീവിതം ഇനിയങ്ങോട്ട് മനോഹരമായ ഒരു സംഗീതം പോലെ ഒഴുകട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. 2.4 കിലോഗ്രാം ഭാരമുള്ള ഈ മിടുക്കൻ ഇപ്പോൾ തൈക്കാട് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം സമിതിയുടെ കരുതൽ തണലിൽ സുഖമായിരിക്കുന്നു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം എത്തുന്ന അഞ്ചാമത്തെ അതിഥിയാണ് റിഥം. കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടവരല്ല, മറിച്ച് ചേർത്തുപിടിക്കപ്പെടേണ്ടവരാണെന്ന ബോധ്യത്തോടെ സംസ്ഥാന ശിശുക്ഷേമ സമിതി അതിന്റെ ദൗത്യം തുടരുകയാണ്. ഈ വർഷം മാത്രം ഇതുവരെ 33 കുരുന്നുകൾക്ക് പുതിയൊരു ജീവിതവും തണലും ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നത് വലിയൊരു പുണ്യമായി കരുതുന്നു.
ഓരോ കുഞ്ഞും ഒരു പുതിയ പ്രത്യാശയാണ്. റിഥത്തിന്റെ കാര്യത്തിലും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി, സ്നേഹനിധികളായ മാതാപിതാക്കളുടെ കൈകളിലേക്ക് അവനെ എത്തിക്കാനുള്ള ശ്രമങ്ങൾ സമിതി ആരംഭിച്ചു കഴിഞ്ഞു.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്, ഒറ്റപ്പെടലിൽ നിന്ന് ആൾക്കൂട്ടത്തിലേക്ക് ഈ കുഞ്ഞുങ്ങൾ നടന്നുകയറട്ടെ.
സ്നേഹത്തോടെ,
അഡ്വ. ജി.എൽ. അരുൺ ഗോപി
ജനറൽ സെക്രട്ടറി,
സംസ്ഥാന ശിശുക്ഷേമ സമിതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

