
തിരുവനന്തപുരം – തെങ്കാശി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പേരയം പാണയം സ്വദേശി വിനയകുമാർ (39) ആണ് മരിച്ചത്. കാറും ഇലക്ട്രിക് സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. സ്കൂട്ടർ ഓടിച്ചത് വിനയകുമാർ ആയിരുന്നു. സംസ്ഥാന പാതയിൽ ആനാട് സി.എസ്.ഐ പള്ളിക്ക് സമീപം ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ വിനയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
അതേസമയം കാസറഗോഡ് വെള്ളരികുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളരിക്കുണ്ട് താലൂക് ആശുപത്രിക്ക് മുന്നിൽ ഉണ്ടായ അപകടത്തിൽ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജു ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു. വാഹനത്തിൽ കുടുങ്ങി കിടന്ന ഡ്രൈവർ രാജുവിനെ ഓട്ടോ റിക്ഷ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് 7.30ഓടെയാണ് അപകടം ഉണ്ടായത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന വാഹനമാണ് ഓട്ടോയുമായി കൂട്ടി ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ എ എസ് ഐ കൗസല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

