
തിരുവനന്തപുരം നഗരസഭാ ഭരണത്തിൽ പ്രതിരോധത്തിലായി ബിജെപി നേതൃത്വവും മേയർ വി വി രാജേഷും. കാപാക്കേസ് പ്രതി സുഗതൻ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തതാണ് ബിജെപിയെ വെട്ടിലാക്കുന്നത്.
ഈമാസം കൂടുന്ന കൗൺസിലിൽ സുഗതൻ പങ്കെടുത്തില്ലെങ്കിൽ സ്വാഭാവികമായി അയോഗ്യനാകും. അതേസമയം, അയോഗ്യത തടയാനുള്ള തിടുക്കപ്പെട്ട ശ്രമത്തിലാണ് ബിജെപി നേതൃത്വം.
കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ വെച്ചാണ് കാപ്പാക്കേസ് പ്രതിയും വാഴോട്ടുകോണം ബിജെപി കൗൺസിലറുമായ ആർ സുഗതൻ പുനഃ സത്യപ്രതിജ്ഞ ചെയ്തത്. ആഭ്യന്തരവകുപ്പിന്റെ സഹായത്താൽ സുഗതൻ പുനഃ സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും ബിജെപി നേതൃത്വം ഇപ്പോഴും പ്രതിരോധത്തിലാണ്.
Also Read: പ്ലസ് വൺ ഫലപ്രഖ്യാപനം വീണ്ടും നീട്ടി; പരീക്ഷാ ഫലം ജൂലൈ 17 ന് പ്രസിദ്ധീകരിക്കും
മെയ്, ജൂൺ മാസങ്ങളിലെ കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത കൗൺസിൽ യോഗത്തിൽ സുഗതൻ എത്തിയില്ലെങ്കിൽ സ്വാഭാവികമായും അയോഗ്യനാക്കപ്പെടും. കാപ്പാ കേസ് നിലനിൽക്കുന്നത് കൊണ്ട് സുഗതന് ആറുമാസം കഴിഞ്ഞു മാത്രമേ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയു. ഈ വസ്തുതയാണ് ബിജെപിയെ വലയ്ക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നഗരസഭയിൽ ബിജെപിക്ക് ഭൂരിപക്ഷവും നഷ്ടമാകും. പഞ്ചായത്തീരാജ് നിയമപ്രകാരം മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ ഇരിക്കുന്ന കൗൺസിലർമാർ അയോഗ്യരാണ്. ഈ നിയമപ്രകാരം തിരുവനന്തപുരം നഗരസഭയിൽ നിന്ന് കൗൺസിലർമാർ അയോഗ്യരാക്കപ്പെട്ട ചരിത്രവും ഉണ്ട്. അതേസമയം കൗൺസിലർമാരെ അങ്ങനെ അയോഗ്യൻ ആക്കാൻ കഴിയില്ല എന്ന വാദത്തിലാണ് മേയർ വി വി രാജേഷ്.
15 ദിവസത്തിനുള്ളിൽ അടുത്ത കൗൺസിൽ വിളിക്കണം എന്നാണ് എൽഡിഎഫ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം പ്രതിഷേധവുമായി മുന്നോട്ടു പോകാൻ ആണ് എൽഡിഎഫ് തീരുമാനം. അതേസമയം, കാപ്പാക്കേസ് പ്രതിക്ക് അടിയന്തര അവധി നൽകി സംരക്ഷണം ഒരുക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

