അച്ഛന്റെ പാത പിന്തുടര്‍ന്ന് കോസ്റ്റ്യൂമറായ സതീഷ് റാം; ഫ്രണ്ട്‌സിലെ ആ ‘കുട്ടിത്താരം’ ഇവിടെയുണ്ട്

രതി വി.കെ

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. ജയറാം, മുകേഷ്, ശ്രീനിവാസന്‍ കോംബോ ഒന്നിച്ചെത്തിയ ചിത്രം 1999 കളില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, ജനാര്‍ധനന്‍, മീന, കൊച്ചിന്‍ ഹനീഫ, ദിവ്യ ഉണ്ണി, സുകുമാരി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. നടന്‍ ലാലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. സൗഹൃദത്തിന്റേയും സ്‌നേഹബന്ധങ്ങളുടേയും കഥപറഞ്ഞെത്തിയ ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരുന്നു.

ചിത്രത്തിലെ ഒറ്റ സീനിലെ പ്രകടനം കൊണ്ട് അക്കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഒരു കുട്ടി കഥാപാത്രമുണ്ടായിരുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച ജോയി എന്ന കഥാപാത്രത്തെ തേടി ജയറാമും മുകേഷും പോണ്ടിച്ചേരിയില്‍ എത്തുന്ന രംഗത്ത് കടന്നുവരുന്ന ഒരു പതിമൂന്നുവയസുകാരന്‍. നിലവില്‍ മലയാള സിനിമയില്‍ കോസ്റ്റ്യൂമറായി ജോലി ചെയ്യുന്ന സതീഷ് റാമാണ് ഫ്രണ്ട്‌സിലെ ആ കുട്ടിത്താരം. കഴിഞ്ഞ ഇരുപത് വര്‍ഷമായി തമിഴ്-മലയാള സിനിമാ രംഗത്ത് കോസ്റ്റ്യൂമറായി സതീഷ് റാമുണ്ട്.

തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ് സതീഷ് റാം. പിതാവ് രാമു സിനിയിലെ കോസ്റ്റ്യൂമറായിരുന്നു. അച്ഛന്റെ സിനിമാ ബന്ധമാണ് തന്നെ സിനിമയിലേക്കെത്തിച്ചതെന്ന് സതീഷ് റാം കൈരളി ഓണ്‍ലൈനോട് പറഞ്ഞു. ഫ്രണ്ട്‌സിലേക്ക് താന്‍ എത്താനുള്ള കാരണവും അച്ഛനാണ്. കോസ്റ്റ്യൂമറായ അച്ഛനൊപ്പം താന്‍ അന്ന് ഫ്രണ്ട്‌സിന്റെ സെറ്റിലെത്തിയിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അച്ഛനാണ് അഭിനയിച്ചുനോക്കാന്‍ പറഞ്ഞത്. അങ്ങനെയാണ് ആ സിനിമയിലേക്ക് താന്‍ എത്തിയത്. ഫ്രണ്ട്‌സിന് മുന്‍പോ ശേഷമോ താന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെന്നും അച്ഛനെ പോലെ കോസ്റ്റ്യൂം രംഗത്തേക്ക് ഇറങ്ങുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു.

2003 ല്‍ ഷാഫി ഒരുക്കിയ പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സതീഷ് ആദ്യമായി കോസ്റ്റ്യൂമറാകുന്നത്. മലയാളത്തില്‍ ഇതുവരെ നാല്‍പതോളം ചിത്രങ്ങളില്‍ കോസ്റ്റിയൂമറായി ജോലി ചെയ്തു. മമ്മൂട്ടി നായകനായി എത്തിയ തുറുപ്പുഗുലാനില്‍ സതീഷായിരുന്നു കോസ്റ്റ്യൂമര്‍. നിലവില്‍ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന കടകന്‍ എന്ന ചിത്രത്തിലാണ് സതീഷ് പ്രവര്‍ത്തിക്കുന്നത്. മലയാളത്തില്‍ സതീഷിന്റെ നാല്‍പതാമത്തെ ചിത്രമാണ് കടകന്‍. കോസ്റ്റ്യൂം രംഗത്ത് തുടരാനാണ് താത്പര്യമെന്ന് സതീഷ് പറയുന്നു. അച്ഛനും അമ്മയും ഭാര്യയും മകനും അടങ്ങുന്ന കുടുംബം നിലവില്‍ ഈറോഡാണ് താമസിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News