
മോദിയുടെ അമേരിക്കൻ വിധേയത്വത്തിന്റെ വ്യാപ്തി ഓരോ ദിവസവും വർധിച്ചു വരുകായാണ്. പ്രത്യക്ഷമായി അമേരിക്കയെ പിന്തുണച്ച് രംഗത്ത് വരുന്ന മോദി ഇന്ത്യയെന്ന രാജ്യത്തെ തകർക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിൻ്റെ 250ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ ഓട്ടോറിക്ഷകൾക്ക് പിന്നിൽ ട്രംപിന്റെ ചിത്രങ്ങളുൾപ്പെടെ പതിപ്പിച്ചു. മോദിയുടെ ഈ അമേരിക്കൻ പ്രീണനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ തോമസ് ഐസക്. മോദിയുടെ അമേരിക്കൻ വിധേയത്വം ഈ അറ്റം വരെ എത്തിയോ എന്ന് അദ്ദേഹം ചോദിക്കുന്നു.
അമേരിക്കയോട് ഇത്രയും വിധേയത്വം ഉണ്ടാകാനുള്ള കാരണങ്ങളും അദ്ദേഹം സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. സ്വാതന്ത്ര സമരക്കാലത്ത് ബ്രിട്ടീഷുകാരുടെ കാലുനക്കിയ പാരമ്പര്യം ഇന്നും തുടരുകയാണെന്നും ഹംഗറിയിലെന്നപോലെ ഈ തീവ്രവലതുപക്ഷക്കാരുടെ ഭരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അതിനെക്കുറിച്ച് കുറച്ചു പേടി ഉണ്ട് എന്നത് തീർച്ചയാണെന്നും അതുകൊണ്ടാണ് SIR ന് പുറകെ മണ്ഡല പുനർനിർണ്ണയവുമായി വളഞ്ഞ വഴിതേടി ഇപ്പോൾ ഇറങ്ങിയിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
അമേരിക്കൻ ഐക്യ നാടുകളിലെ രൂപീകരണത്തിന്റെ 250-)o വർഷമാണത്രെ. അതിനെന്തിന് ഡൽഹിയിൽ ഇപ്പോഴേ ആഘോഷം തുടങ്ങണം? ആഘോഷത്തിൽ പങ്കെടുക്കാൻ അമേരിക്കൻ വൈസ് പ്രസിഡണ്ട് വാൻസ് തന്നെ മാർപ്പാപ്പയെ നേരിട്ട് ക്ഷണിച്ചിരുന്നു. പക്ഷെ അദ്ദേഹം നിരാലംബരായ കുടിയേറ്റക്കാർ വന്നടിയാറുള്ള ഒരു ദ്വീപ് സന്ദർശിക്കാനാണ് ആ സമയം തെരഞ്ഞെടുത്തത്. എന്നാൽ ഇവിടെ മോഡി ഇപ്പോഴേ ആഘോഷം തുടങ്ങി. ഡൽഹിയിലെ ഓട്ടോറിക്ഷകളുടെ എല്ലാം പുറകിൽ ആഘോഷത്തിന്റെ ബാനറുകൾ ഒട്ടിച്ചുകഴിഞ്ഞു. എന്താ മോഡിയുടെ അമേരിക്കൻ വിധേയത്വം ഈ അറ്റം വരെ എത്തിയോ?
ഓട്ടോറിക്ഷാ പരസ്യങ്ങൾ വരുന്നതിനു തൊട്ടു മുൻപാണു ഡിയർ ഫ്രണ്ട് ട്രംപ് മോദിയെ ഫോൺ ചെയ്തത്. “ഞങ്ങളെല്ലാവരും മോദിയെ സ്നേഹിക്കുന്നു” എന്ന് ട്രംപ് പറഞ്ഞതായിട്ടാണ് വാർത്ത. അമേരിക്കൻ സേവകന്റെ നിർവൃതിയ്ക്ക് ഇതിനപ്പുറം എന്ത് വേണം?
ഇറാൻ യുദ്ധത്തിന് മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാനെ ട്രംപ് തിരഞ്ഞെടുത്തതോടെ നാണം കേട്ട് കിടക്കുകയായിരുന്നു മോദി. “പാക്കിസ്ഥാൻ പോലെ ഇന്ത്യ ഒരു ദല്ലാൾ (കൂട്ടിക്കൊടുപ്പ്) ഏജൻസി അല്ല” എന്നൊക്കെ ജയശങ്കർ ലോകസഭയിൽ പറഞ്ഞെങ്കിലും ഈ അടുത്ത കാലത്ത് ഇന്ത്യൻ നയതന്ത്രത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു പാകിസ്ഥാൻ മധ്യസ്ഥത. ആഭ്യന്തര കലഹങ്ങളും, സാമ്പത്തിക തകർച്ചയും മൂലം ഭിക്ഷ പാത്രവും എടുത്ത് നടക്കുന്ന പാകിസ്ഥാൻ ലോക ശ്രദ്ധാ കേന്ദ്രമായിട്ട് മാറി.
എന്തുകൊണ്ട് പാകിസ്ഥാൻ? ഓപ്പറേഷൻ സിന്ദൂരിൽ ആണത്രേ ട്രംപ് ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രസിഡണ്ട് ഫീൽഡ് മാർഷൽ മുനീറിനെ ശ്രദ്ധിച്ചത്. ഓപ്പറേഷൻ സിന്ദൂരിൽ തുടങ്ങി ഇന്ത്യയുടെ പതനവും. മുനീർ പലവട്ടം അമേരിക്ക സന്ദർശിച്ചു. എന്നിരുന്നാലും പാകിസ്ഥാൻ ഇറാനെ കൈവിട്ടില്ല. മോഡിയാവട്ടെ ട്രംപിനെ സേവ പിടിക്കാൻ ഇസ്രയേലിനെ കെട്ടിപ്പിടിക്കാൻ ആണ് തീരുമാനിച്ചത്. യുദ്ധത്തിന്റെ തൊട്ടുമുൻപ് ഒരു കാര്യവുമില്ലാതെ ഇസ്രായേൽ സന്ദർശിച്ച് യുദ്ധത്തിന് പിന്തുണയും നൽകി. ഇങ്ങനെ ഒരു രാജ്യത്ത്തിന്റെ മധ്യസ്ഥതയ്ക്ക് ഇറാൻ സമ്മതിക്കുമോ?
ഇറാനും ഇന്ത്യയും ആയി എത്രയോ ദശബ്ദക്കാലമായുള്ള സൗഹൃദമാണ് മോഡി നശിപ്പിച്ചത്? ഫലമോ? തകൃതിയായ ആഗോള ചർച്ചകൾ നടക്കുകയാണ്. പക്ഷെ, ലോകരാഷ്ട്രങ്ങളിൽ ആരെങ്കിലും ഇന്ത്യയെ മൈൻഡ് ചെയ്യുന്നുണ്ടോ? പശ്ചിമേഷ്യൻ പ്രതിസന്ധി സംബന്ധിച്ച് ഗുണത്തിനായാലും ദോഷത്തിനായാലും ഇന്ത്യ മഹാരാജ്യത്തിന് എന്തെങ്കിലും മൊഴിയാണ് കഴിഞ്ഞിട്ടുണ്ടോ? ആഗോള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇന്ത്യൻ നയതന്ത്രം ഇതുപോലെ നിഷ്പ്രഭമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല.
ഇന്ത്യൻ പ്രധാനമന്ത്രി മോഡിയാവട്ടെ രാജ്യത്ത് ഉള്ളതിനേക്കാൾ കൂടുതൽ സമയം രാജ്യത്തിനു പുറത്താണ്. നെഹ്രു ആയിട്ടാണ് മത്സരം. വിശ്വഗുരു പട്ടവും സ്വയം എടുത്തണിഞ്ഞിട്ടുണ്ട്. പക്ഷെ നയതന്ത്രം എന്നാൽ കെട്ടിപ്പിടിച്ചുള്ള പൊള്ളച്ചിരിയല്ല എന്നദ്ദേഹത്തിനു മനസിലായിട്ടില്ല. പല അന്തർദേശീയ വേദികളിലും പല രാഷ്ട്ര നേതാക്കളും മോദിയെ മൈൻഡ് ചെയ്യാതെ കടന്നു പോവുന്നത് നാണക്കേടോടെ മാത്രമേ നമ്മുക്ക് കണ്ടു നിൽക്കാൻ കഴിയു. ഇന്ത്യൻ പൗരന്മാർക്ക് മുന്നിൽ കാണിക്കുന്ന പി ആർ ബലൂൺ അല്ല ആഗോള നയതന്ത്രം എന്നത് പശ്ചിമേഷ്യൻ പ്രതിസന്ധി മോദിയെ ബോധ്യപ്പെടുത്തിക്കാണും എന്ന് കരുതട്ടെ?
അങ്ങനെ ആകെ വലഞ്ഞിരിക്കുമ്പോൾ ആണ് ട്രംപിന്റെ ഫോൺ വിളി. അതൊരു കച്ചിത്തുരുമ്പായി. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ കുറച്ചു ദിവസത്തേയ്ക്ക് ട്രംപ് അനുമതി കൊടുത്തിരുന്നു. ഈ അനുവാദം ഒന്ന് നീട്ടിത്തരാൻ വേണ്ടി ട്രംപിന് അപേക്ഷയും കൊടുത്ത കാത്തിരിക്കുകയായിരുന്നു മോഡി. കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ മറുപടി വന്നത്. റഷ്യൻ എണ്ണയ്ക്ക് മേൽ ഉപരോധം വീണ്ടും ഏർപ്പെടുത്തി. ഇന്ത്യക്ക് എണ്ണ വേണമെങ്കിൽ അമേരിക്കയിൽ വന്നു വാങ്ങാം.
അങ്ങനെ അമേരിക്കയ്ക്ക് മുൻപിൽ ഓച്ഛാനിച്ചു നിന്ന് ഓരോ കാര്യങ്ങൾക്കും അനുവാദം വാങ്ങേണ്ട അവസ്ഥയിലേക്ക് ഇന്ത്യയെ മോഡി അധഃപതിപ്പിച്ചു. ബാക്കി ബ്രിക്സ് രാജ്യങ്ങളെ എങ്കിലും കണ്ട് പഠിക്കു. റഷ്യയും ചൈനയും പോകട്ടെ. സൗത്ത് ആഫ്രിക്കയും ബ്രസീലും അമേരിക്കയുടെ കാലു കഴുകാൻ പോവുന്നുണ്ടോ? ദേശഭക്തിയും ദേശാഭിമാനവും പറഞ്ഞു നടന്നാൽ പോര. സാമ്രാജ്യത്വത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ നട്ടെല്ല് വേണം.
സ്വതന്ത്ര സമരക്കാലത്ത് ബ്രിട്ടീഷുകാരുടെ കാലുനക്കിയ പാരമ്പര്യം ഇന്നും തുടരുകയാണ്. ഹംഗറിയിലെന്നപോലെ ഈ തീവ്രവലതുപക്ഷക്കാരുടെ ഭരണം അവസാനിപ്പിക്കണം. അതിനെക്കുറിച്ച് കുറച്ചു പേടി ഉണ്ട് എന്നത് തീർച്ച. അതുകൊണ്ടാണ് SIR ന് പുറകെ മണ്ഡല പുനർനിർണ്ണയവുമായി വളഞ്ഞ വഴിതേടി ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

