വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേലുള്ള കടന്നാക്രമണ പ്രവണത നീതീകരിക്കാനാകില്ല; തോമസ് ഐസക്

വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേൽ അധിക്ഷേപവുമായി കടന്നാക്രമിക്കുന്ന പ്രവണത ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് തോമസ് ഐസക്. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെയ്ക് സി തോമസിനെതിരെയും ഓൺലൈൻ മാധ്യമ പ്രവർത്തകയ്ക്കെതിരെയും നടത്തുന്ന സൈബർ ആക്രമണങ്ങൾ നടത്താൻ നിർദേശം നൽകുന്ന കോൺഗ്രസ് ഐടി സെല്ല് എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വളരെ വ്യക്തമാണ് എന്നും തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കുന്നു. സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ അല്പം ധൈര്യം കാണിക്കുന്ന പെൺകുട്ടികളൊയൊക്കെ സോഷ്യൽ മീഡിയയിൽ ആക്രമിച്ച് കീഴ്പ്പെടുത്തിക്കളയാമെന്നു കരുതുന്നതു മൗഢ്യമാണ് എന്നും തോമസ് ഐസക് പറഞ്ഞു. പെൺകുട്ടിക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

ALSO READ:ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം, 4.4 തീവ്രത രേഖപ്പെടുത്തി

തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടു ദിവസമായി. തെരുവിൽ യുഡിഎഫുകാരുടെ ആഘോഷമൊക്കെ കഴിഞ്ഞെന്നു തോന്നുന്നു. പക്ഷേ, സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദാരവങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. അവരുടെ പ്രതികരണങ്ങൾ കണ്ടാൽ കേരളത്തിൽ ഭരണമാറ്റം വരുത്താൻ ശേഷിയുള്ള ഒരു വിജയമാണ് പുതുപ്പള്ളിയിലുണ്ടായതെന്ന് തോന്നിപ്പോകും. എന്തായാലും എല്ലാ വിജയങ്ങളും ആഘോഷിക്കാനുള്ളതു തന്നെയാണ്. അതു നടക്കട്ടെ. എന്നാൽ വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേൽ അധിക്ഷേപം ചൊരിയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന പ്രവണത ഒരിക്കലും നീതീകരിക്കാനാകില്ല.
പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിച്ച ജെയ്ക് സി തോമസിനെതിരെ അധിക്ഷേപകരമായ ട്രോളുകൾ ഉണ്ടാക്കി കോൺഗ്രസ് സൈബർ സംഘം പ്രചരിപ്പിക്കുന്നതു കാണാനായി. മുഖ്യധാരാ മാധ്യമങ്ങളും അത്തരം അധിക്ഷേപ ചിത്രങ്ങൾ നിർമിക്കാനും പ്രചരിപ്പിക്കാനും നേതൃത്വം കൊടുക്കുന്നത് എന്തു മാധ്യമ ധർമത്തിന്റെ പേരിലാണ്?
പുതുപ്പള്ളിയിലെ കുടിവെള്ള പ്രശ്നങ്ങളും മറ്റു വികസന മുരടിപ്പും തെരഞ്ഞെടുപ്പ് ചർച്ചയിലേക്ക് കൊണ്ടുവരാൻ നിർണായക ഇടപെടൽ നടത്തിയ T21 എന്ന മാധ്യമ സ്ഥാപനത്തിനെതിരെയും റിപ്പോർട്ടർ പാർവതിക്കെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടക്കുന്നുണ്ട്. കോൺഗ്രസിന് വേണ്ടി പുതുപ്പള്ളിയിൽ രാപ്പകൽ അദ്ധ്വാനിച്ച മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെച്ച മറുപുറം ലോകത്തെ അറിയിക്കാൻ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ പാർവതി കാണിച്ച ധൈര്യത്തിനോടുള്ള പ്രതിഷേധമാകും കൂട്ടായ ഈ സൈബർ ആക്രമണം. തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഒരു പെൺകുട്ടിയെ വേട്ടയാടാൻ നിർദേശം കൊടുക്കുന്ന കോൺഗ്രസ് ഐടി സെല്ല് എന്ത് രാഷ്ട്രീയമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് വളരെ വ്യക്തമാണ്.
സംഘപരിവാർ ചെയ്യുന്നതുപോലെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നേട്ടം കൊയ്യാമെന്ന ധാരണ കോൺഗ്രസ് നേതൃത്വം തിരുത്തണം. നിങ്ങൾ വിലയ്ക്കുവാങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവെക്കുന്ന സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ അല്പം ധൈര്യം കാണിക്കുന്ന പെൺകുട്ടികളൊക്കെ ഈ നാട്ടിലുണ്ട്. അവരെയൊക്കെ സോഷ്യൽ മീഡിയയിൽ ആക്രമിച്ച് കീഴ്പ്പെടുത്തിക്കളയാമെന്നു കരുതുന്നതു മൗഢ്യമാണ്. പാർവതിക്ക് ഐക്യദാർഢ്യം. സധൈര്യം മുന്നോട്ട് പോകുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News