ആവശ്യപ്പെടാതെ പണം അക്കൗണ്ടിലേക്ക് അയച്ചു, പലിശ നൽകണമെന്ന് ഭീഷണി; പൊലീസ് അന്വേഷണം

വെങ്ങാനൂർ സ്വദേശിനിയായ യുവതിക്ക് ഓൺലൈൻ തട്ടിപ്പുകാരുടെ ഭീഷണി. യുവതി ആവശ്യപ്പെടാതെ തന്നെ പണം ബാങ്ക് അക്കൗണ്ടിൽ അയച്ച ശേഷം പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഭീഷണി തുടർന്നതോടെ യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: കബഡി താരത്തെ പഞ്ചാബില്‍ വെട്ടിക്കൊന്നു: മകനെ കൊന്നുവെന്ന് കുടുംബത്തെ വീട്ടിലെത്തി അറിയിച്ച് അക്രമികള്‍

ആഗസ്റ്റ് 31ന് ഹീറോ റുപ്പി എന്ന ഓൺ ലൈൻ ആപ്പ് വഴി യുവതി 2500 രൂപ ലോൺ എടുത്തിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ പലിശ ഉൾപ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് പണം നൽകിയ ശേഷം ഇവർ നിർദ്ദേശിച്ചു. എടുത്ത ലോൺ പലിശയടക്കം യുവതി തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ ഇവർ വീണ്ടും ലോൺ നൽകാമെന്ന് പറഞ്ഞെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു. പക്ഷെ യുവതിയുടെ അനുവാദമില്ലാതെ തട്ടിപ്പുകാർ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട് നൽകി ഭീഷണിപ്പെടുത്തി കൊള്ളപ്പലിശ സഹിതം ഈടാക്കി. അപകടം മനസിലാക്കിയ യുവതി പണം വേണ്ടെന്നറിയിക്കുകയും മൊബൈലിൽ നിന്ന് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ തട്ടിപ്പുകാർ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം ബന്ധുക്കൾക്ക് അയച്ച് നൽകുമെന്ന ഇംഗ്ലീഷിലുള്ള സന്ദേശങ്ങൾ അയക്കുകയും ഹിന്ദിയില്‍ സംസാരിക്കുന്ന ആളുകള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് യുവതി ഇന്നലെ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ഭീഷണി സന്ദേശമയച്ച ഫോൺ നമ്പർ മനസിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

ALSO READ: അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി കൃതി ഷെട്ടി

അതേസമയം ഇത്തരം തട്ടിപ്പിനിരയാകുന്നവർക്കായി പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിലവിൽ വന്നിരുന്നു. 9497980900 എന്ന നമ്പറിൽ പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here