ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ കയറി ‘ജയ്ശ്രീറാം’ മുഴക്കി; മൂന്ന് പേര്‍ അറസ്റ്റില്‍

ചരിത്ര പ്രസിദ്ധമായ ഹൈദരാബാദ് മക്കാ മസ്ജിദില്‍ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോല്‍, കര്‍ണാടക സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

പള്ളിയില്‍ പണിക്കെത്തിയവരായിരുന്നു യുവാക്കളെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിക്കിടെ ഇവര്‍ മക്ക മസ്ജിദിന്റെ പടിയില്‍ കയറി ഇരിക്കുകയും ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയുമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹുസൈനിയലം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും മക്ക മസ്ജിദിന്റെ സുരക്ഷാ ചുമതലക്കാരനുമായ സയ്യിദ് ഖൈസറുദ്ദീനാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

മുദ്രാവാക്യം കേട്ട് മുസ്ലീം സമുദായാംഗങ്ങള്‍ മസ്ജിദിന്റെ പരിസരത്ത് തടിച്ചുകൂടുകയും ഇവര്‍ക്കെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 295 (എ) (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 298 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here