കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കുസാറ്റ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുസാറ്റ് ക്യാമ്പസിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ അവരവരുടെ ജന്മനാടുകളിലേയ്ക്ക് കൊണ്ടുപോയി.

ഹൃദയ ഭേദകമായ നിമിഷങ്ങള്‍ക്കാണ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നടുത്തളം സാക്ഷിയായത്. ഇന്നലെ വരെ ഇതേ ക്യാമ്പസില്‍ പഠിച്ച് സൗഹദം പങ്കുവെച്ച് നടന്നിരുന്ന സഹപാഠികളുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോള്‍ കണ്ടു നിന്നവര്‍ക്ക് തേങ്ങലടക്കാനായില്ല.

Also Read : സംഭവിച്ചത് അവിചാരിതമായ ദുരന്തം; മുഖ്യമന്ത്രി

കൂട്ടുകാരുടെ അപ്രതീക്ഷിത വിയോഗദുഃഖം താങ്ങാനാകാതെ സഹപാഠികള്‍ വിങ്ങിപ്പൊട്ടുന്ന കാഴ്ച ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മറ്റുള്ളവരുടെയും കണ്ണുകളെ ഈറനണിയിച്ചു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി രാവിലെ 9.30 ഓടെയാണ് കുസാറ്റിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായ അതുല്‍ തമ്പിയുടെയും ആന്‍ റുഫ്തയുടെയും സാറാ തോമസിന്റെയും മൃതദേഹങ്ങള്‍ ക്യാമ്പസില്‍ പൊതു ദര്‍ശനത്തിനെത്തിച്ചത്.

സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പുറമെ മന്ത്രിമാരായ പി.രാജീവ്, ആര്‍ ബിന്ദു, സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എം എല്‍ എ മാര്‍ തുടങ്ങി വിവിധ രംഗത്തുള്ളവരും വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയും മൃതദേഹങ്ങളില്‍ റീത്തര്‍പ്പിച്ചു. 11 മണിയോടെയാണ് പൊതുദര്‍ശനം അവസാനിച്ചത്.

Also Read : കുസാറ്റ് അപകടം; ഒരുപാട് ആളുകള്‍ കൂടുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും; മന്ത്രി കെ രാജന്‍

തുടര്‍ന്ന് അതുല്‍ തമ്പിയുടെ മൃതദേഹം ജന്‍മ നാടായ കൂത്താട്ടുകുളത്തേയ്ക്കും സാറാ തോമസിന്റെ മൃതദേഹം സ്വന്തം നാടായ താമരശ്ശേരിയിലേക്കും കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ആല്‍ബിന്‍ ജോസഫിന്റെ മൃതദേഹം സ്വദേശമായ പാലക്കാട് മുണ്ടൂരിലേക്കും കൊണ്ടുപോയിരുന്നു. അതേസമയം നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റുഫ്തയുടെ സംസ്‌കാരം ഇറ്റലിയിലുള്ള അമ്മ വന്നതിനു ശേഷമായിരിക്കും നടക്കുക. അതുവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News