തൃക്കരിപ്പൂരിലെ ആദ്യ എംഎൽഎ പി. കരുണാകരനെ സന്ദർശിച്ച് ഡോ. വി.പി.പി. മുസ്തഫ; പഴയകാല രാഷ്ട്രീയ അനുഭവങ്ങൾ പങ്കുവെച്ച് മുതിർന്ന നേതാവ്

V PP MUSTAFA

തൃക്കരിപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുൻ എംപിയും തൃക്കരിപ്പൂരിലെ ആദ്യ എംഎൽഎയുമായ പി. കരുണാകരനെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. വി.പി.പി. മുസ്തഫ. മണ്ഡലത്തിന്റെ ചരിത്രവും പഴയകാലത്തെ കഠിനമായ രാഷ്ട്രീയ വെല്ലുവിളികളും ചർച്ച ചെയ്ത കൂടിക്കാഴ്ചയിൽ മുസ്തഫയുടെ സ്ഥാനാർത്ഥിത്വത്തിന് പി. കരുണാകരൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

1977-ൽ തൃക്കരിപ്പൂർ മണ്ഡലം രൂപീകൃതമായപ്പോൾ അവിടുത്തെ ആദ്യ എംഎൽഎ ആയിരുന്നു പി. കരുണാകരൻ. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുപിന്നാലെ നടന്ന ആ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി വലിയ പോരാട്ടമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന അക്കാലത്ത് യുഡിഎഫ് ശക്തമായ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. യാത്രാസൗകര്യങ്ങൾ കുറവായിരുന്ന അന്ന് ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഏറെ പ്രയാസപ്പെട്ടിരുന്നതായും, ഇളേരി പോലുള്ള സ്ഥലങ്ങളിൽ എത്താൻ നീലേശ്വരം വഴി കറങ്ങിപ്പോകേണ്ടി വന്ന സാഹചര്യങ്ങളും അദ്ദേഹം ഓർത്തെടുത്തു. അക്കാലത്ത് അഖിലേന്ത്യ മുസ്ലിം ലീഗ് മാത്രമായിരുന്നു ഇടതുപക്ഷത്തിനൊപ്പം ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോരിന് യൂത്ത് കോൺഗ്രസ്; നേതൃത്വത്തിനെതിരെ എതിർപ്പുമായി കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ

താൻ പ്രതിനിധീകരിച്ച മണ്ഡലത്തിലേക്ക് മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഡോ. വി.പി.പി. മുസ്തഫ മുതിർന്ന നേതാവിനെ കാണാൻ എത്തിയത്. മുസ്തഫയുടെ സ്ഥാനാർത്ഥിത്വം ജനങ്ങൾ നേരത്തെ തന്നെ അംഗീകരിച്ചതാണെന്ന് പി. കരുണാകരൻ പറഞ്ഞു. മുസ്തഫയുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും (പിഎച്ച്ഡി), എഴുത്തുകാരൻ എന്ന നിലയിലുള്ള പ്രശസ്തിയും, സിൻഡിക്കേറ്റ് മെമ്പർ, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്നീ നിലകളിലുള്ള പ്രവർത്തന പരിചയവും അദ്ദേഹത്തെ മികച്ച സ്ഥാനാർത്ഥിയാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. വി.പി.പി. മുസ്തഫ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും പി. കരുണാകരൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News