തൃശൂര്‍ ചേലക്കര മേഖലയില്‍ വീണ്ടും തീപിടിത്തം. എളനാട് വനത്തിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷന് തൊട്ടടുത്തുള്ള തേനായിക്കുളം പ്രദേശത്താണ് കാട്ടു തീ പടര്‍ന്നത്. രണ്ട് ഏക്കറോളം സ്ഥലത്തെ ഉള്‍ക്കാട് കത്തിനശിച്ചെങ്കിലും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ തീ നിയന്ത്രിച്ചു.
തീപിടിത്തമുണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഇലകളും ചപ്പുചവറുകളും ഒഴിവാക്കി ഫയര്‍ലൈന്‍ സൃഷ്ടിച്ച് ആദ്യം തീ വ്യാപിക്കാതെ നിയന്ത്രിച്ചു. തീ പടര്‍ന്ന ഉള്‍ഭാഗത് തങ്ങളുടെ കൈവശമുണ്ടായിരുന്ന സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ അണക്കാനും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞദിവസം ചെറുതുരുത്തി ഒന്നാം മൈലിന് സമീപമുണ്ടായ തീപിടുത്തത്തില്‍ സ്വകാര്യ വ്യക്തിയുടെ നാല് ഏക്കറോളം സ്ഥലത്ത് തീ വ്യാപിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ചേലക്കര മേഖലയില്‍ തന്നെ തിരുവില്വാമല പട്ടിപ്പറമ്പിലും വാഴക്കോട് അകമലയിലും സമാന രീതിയില്‍ തീപിടിത്തം ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here