
തൃശൂര്‍ നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. തൃശൂര്‍ വെള്ളിയനൂര്‍ റോഡിലുള്ള നിയറസ്റ്റ് ലോഡ്ജിലാണ് സംഭവം. പ്രസവത്തിനിടെ മരണപ്പെട്ടു എന്നാണ് കരുതുന്നത്. തൃപ്രയാര്‍ സ്വദേശിയായ ജ്യോതിയാണ് മരണപ്പെട്ടതെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിക്കു ശേഷമായിരുന്നു യുവതിയെയും കുഞ്ഞിനെയും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 27നാണ് യുവതിയും ഓട്ടോ ഡ്രൈവറുമായ പാവറാട്ടി സ്വദേശിയും നിയറസ്റ്റ് എന്ന ലോഡ്ജില്‍ മുറിയെടുത്തത്. യുവതിയെ മുറിയിലാക്കിയ ശേഷം ഇയാള്‍ മടങ്ങുകയായിരുന്നു. സംഭവത്തിനു ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ALSO READ: ഒഡീഷയിൽ ഇരുപത്തിയഞ്ചുകാരി ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ
യുവതിയെ പരിചയമില്ലെന്നും മുറിയെടുക്കാന്‍ സഹായിച്ചതാണെന്നും യുവതിക്ക് വയറുവേദന വന്നപ്പോള്‍ മരുന്ന് വാങ്ങി നല്‍കിയെന്നും ഇയാള്‍ പൊലീസിനു മൊഴി നല്‍കി. ഇന്ന് രാവിലെ യുവതിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് പൊലീസ് നിഗമനം. പരിചയമില്ലാത്ത യുവതിയുടെ നമ്പര്‍ ഓട്ടോ ഡ്രൈവർക്ക് ലഭിച്ചത് സംശയാസ്പദമാണെന്ന് പൊലീസ് കരുതുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് വിട്ടു നല്‍കും.
അതേസമയം 2024 ല്‍ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് യുവതി പരാതി നല്‍കിയതായും പൊലീസ് കണ്ടെത്തി. ഓട്ടോ ഡ്രൈവറെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. സംഭവത്തില്‍ പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

