
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശൂർ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു ഇവർ.
ഇന്നലെ ബോധം വന്നപ്പോഴും ഗൗരി മകനെ അന്വേഷിച്ചിരുന്നു. മകനെ കാണാനാകാതെയുള്ള അമ്മയുടെ വിയോഗം ബന്ധുക്കൾക്കും നാടിനും നൊമ്പരമാവുകയാണ്.
അതേസമയം തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാഗമായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. 14 പേർക്കാണ് അപകടത്തിൽ ഇതുവരെ ജീവൻ നഷ്ടമായത്. നാലു പേരെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. തൃശൂർ മെഡിക്കൽ കോളേജിൽ പത്തുപേർ ചികിത്സയിലുണ്ട്.
ഡിഎൻഎ പരിശോധനയ്ക്കായി മൊബൈൽ ഡിഎൻഎ പരിശോധന ലാബ് ഇന്ന് തൃശൂരിൽ എത്തും. അതേസമയം നിലവിൽ തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളാക്കി നടത്താനാണ് തീരുമാനം. പാറമ്മേൽക്കാവിൻ്റെ യോഗത്തിലാണ് പൂരം നടത്തിപ്പിൽ തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി, ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താൻ തീരുമാനിച്ചു.
ഈ മാസം 24 വരെ ദുഖാചരണം നടത്തുമെന്നും തിരുവമ്പാടി ദേവസ്വവും അറിയിച്ചിട്ടുണ്ട്. അതുവരെ വെളിച്ചങ്ങൾ കൊണ്ടുള്ള അലങ്കാരം ഒഴിവാക്കും. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടക്കുമെന്നും 25, 26 തീയതികളിൽ പൂരം എങ്ങനെയാണോ അതുപോലെ ആഘോഷിക്കുമെന്നും തിരുവമ്പാടിയുടെ യോഗത്തിൽ തീരുമാനിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

