
ആചാര പെരുമയുടെ ആവേശവും കുടമാറ്റവുമായി പൂരം കൂടി തൃശൂർകാർ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ വെട്ടിക്കുറച്ചെങ്കിലും പൂരപ്രേമികൾ ആവേശം ഒട്ടും കുറച്ചില്ല. ഒന്നരമണിക്കൂറോളം നീണ്ടുനിന്നിരുന്ന കുടമാറ്റം 15 മിനിട്ടോളമായി കുറയ്ക്കുകയായിരുന്നു. ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20ഓടെയാണ് അവസാനിച്ചത്.
തേക്കിൻകാട് മൈതാനത്തെ ജനസാഗരമാക്കിയാണ് കുടമാറ്റം നടന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് കുടപിടിക്കുന്ന മനോഹരമായ കുടകൾ ഒന്നിനുപിറകെ ഒന്നായി വാനിലേക്ക് ഉയർത്തിയായിരുന്നു കുടമാറ്റം. സമയം കുറവായതിനാൽ തന്നെ ഉയർത്തുന്ന കുടകൾ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗങ്ങളും മത്സരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വർണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയർത്തിയത്.ഇരുവിഭാഗത്തിനും 15 ആനകൾ വീതമാണ് അണിനിരന്നത്. പാറമേക്കവിന് വേണ്ടി തൃക്കടവൂർ ശിവരാജുവാണ് തിടമ്പേറ്റിയത്. തിരുവമ്പാടിക്കുവേണ്ടി ചന്ദ്രശേഖരനും തിടമ്പേറ്റി.
also read:താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ
നേരത്തെ ഇലഞ്ഞിത്തറ മേളം അവസാനിച്ച് തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. ഇനി രാത്രി പൂരത്തിന് ആയുള്ള കാത്തിരിപ്പിലാണ് തൃശൂർകാർ. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് സാമ്പിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

