‘എം എസ് എം ഇ കൾ തകർച്ചയിലെന്ന ടൈമ്സ് ഓഫ് ഇന്ത്യയിലെ വാർത്ത കേരളത്തിനെതിരായ നീക്കം’: മന്ത്രി പി രാജീവ്

minister p rajeev

കേരളത്തിൽ 42000 എം.എസ്.എം.ഇ കൾ 9 വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയെന്ന ടൈംസ് ഓഫ് ഇന്ത്യ പത്രവാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭാ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമസഭയിൽ വ്യവസായ മന്ത്രി തന്നെ നൽകിയ മറുപടിയിൽ നിന്നാണ് വാർത്തയിലെ കണക്കുകൾ ലഭ്യമായതെന്ന വിവരം ലേഖകൻ മറച്ചുവച്ചു. മറ്റെവിടെയോ നിന്ന് പുതുതായി ലഭിച്ചതെന്ന് തോന്നുന്ന വിധത്തിലാണ് അവതരിപ്പിച്ചത്. ഇത് അധാർമികമാണ്. ഇക്കഴിഞ്ഞ ഫെബ്രു. 10 ന് നിയമസഭയിൽ നൽകിയ 1119 പേജുള്ള മറുപടിയിൽ വ്യക്തമാക്കിയ കണക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് അവതരിപ്പിക്കുകയാണ് ചെയ്തത്.

Also read: വിഴിഞ്ഞം തുറമുഖം; ഫെബ്രുവരിയിൽ ചരക്ക് നീക്കത്തിൽ ഒന്നാമത് : മുഖ്യമന്ത്രി

കേരളത്തിൽ തുടങ്ങിയ സംരംഭങ്ങളിൽ ചെറുന്യൂനപക്ഷം അടച്ചുപൂട്ടുന്നു എന്ന കണക്കുകളിൽ അസ്വഭാവിക പ്രവണതയില്ല. ലോക, ദേശീയ തലത്തിലെ നിരക്കുകളേക്കാൾ എം.എസ്.എം.ഇ അടച്ചുപൂട്ടൽ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. സംരംഭക വർഷം പദ്ധതിയുടെ ആദ്യ വർഷം കേരളത്തിലെ അടച്ചുപൂട്ടൽ നിരക്ക് 15% ആയും രണ്ടാം വർഷം 9% ആയും കുറയുകയാണ് ചെയ്തത്. സംരംഭക വർഷത്തിൽ ശരാശരി അടച്ചുപൂട്ടൽ നിരക്ക് 12 % ആണ്. ലോക സാമ്പത്തിക ഫോറം പുറത്തു വിട്ട കണക്ക് പ്രകാരം ആഗോളാടിസ്ഥാനത്തിൽ സംരംഭങ്ങളുടെ അടച്ചുപൂട്ടൽ നിരക്ക് 67% ആണ്. ദേശീയതലത്തിൽ 30% മുതൽ 40% വരെ സംരംഭങ്ങൾ പൂട്ടിപ്പോകുന്ന പ്രവണതയാണുള്ളത്. പൂട്ടിപ്പോകൽ നിരക്ക് കുറക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പൂട്ടിയതായി നിയമസഭയിൽ വച്ച കണക്കുകളിൽ അവയുടെ സ്വഭാവവും വ്യക്തമാക്കിയിട്ടുണ്ട്. തട്ടുകട, മുറുക്കാൻ കട തുടങ്ങിയ സ്വഭാവത്തിലുള്ള സംരംഭങ്ങൾ ഗണ്യമായ തോതിൽ ആ പട്ടികയിലുണ്ട്. പൂട്ടിപ്പോയ സംരംഭങ്ങളുടെ സ്വഭാവവും ടൈംസ് ഓഫ് ഇന്ത്യ ലേഖകൻ മറച്ചുവച്ചു.

Also read: ‘ഫാസിസത്തിലേക്കുള്ള യാത്രയാണ് ഇന്ത്യയിൽ; അതിനായി ഭരണ സ്ഥാപനങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

2021 മുതൽ 2024 വരെ കേരളത്തിൽ 1753 MSME കൾ മാത്രമാണ് അടച്ചതെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ലോകസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ സംരംഭങ്ങൾ പൂട്ടിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉദ്യം രജിസ്ട്രേഷൻ ആധാരമാക്കിയുള്ള കണക്കുകൾ കേന്ദ്ര മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021ൽ കേരളത്തിൽ നിന്ന് ഉദ്യം രജിസ്ട്രേഷൻ എടുത്തത് 85143 സംരംഭങ്ങളാണ്. ഇപ്പോഴത് 14,52,932 സംരംഭങ്ങളായി വർധിച്ചു. കേന്ദ്ര സർക്കാർ കണക്കുകളുടെ അടിസ്ഥാനത്തിൽ 13,67,789 സംരംഭങ്ങൾ ഈ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയതായി സംസ്ഥാന സർക്കാരിന് വേണമെങ്കിൽ അവകാശവാദം ഉന്നയിക്കാമായിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ സംരംഭക വർഷത്തിലൂടെ നിലവിൽ വന്ന 3 .44 ലക്ഷം സംരംഭങ്ങളുടെ കണക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രസിദ്ധപ്പെടുത്തിയത്. ഇന്ത്യയിൽ മൊത്തം എം.എസ്.എം.ഇ കളുടെ 45 % വ്യാപാര സ്ഥാപനങ്ങളാണ്. കേരളത്തിൽ അത് 44.11% ആണ്. കേരളം മാത്രമാണ് സംരംഭങ്ങളുടെ സുസ്ഥിരതാ റിപ്പോർട്ട് തയ്യാറാക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News