
നടി അൻസിബയുടെ പരാതിയിൽ കടവന്ത്ര പോലീസ് കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായി അധിക്ഷേപിച്ചതും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് ടിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവനുസരിച്ചാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് നേരത്തെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ബി എൻ എസിലെ 74,75,75(1)(4) അടക്കം ജാമ്യമില്ലാ വകുപ്പുകളും മതപരമായി അധിക്ഷേപിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരവുമാണ് ടിനിയ്ക്കെതിരെ കേസെടുത്തത്. ടിനി ടോം അൻസിബയെ പരസ്യമായി അധിക്ഷേപിക്കുകയും അശ്ലീലകരവും ലൈംഗികച്ചുവയുമുള്ള പരാമർശങ്ങൾ നടത്തിയെന്നും എഫ് ഐ ആറിലുണ്ട്. പരാതിക്കാരിയെ മതതീവ്രവാദിയെന്ന തരത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ചുവെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. കേസിൽ വീണ്ടും അൻസിബയുടെ മൊഴിയെടുത്ത ശേഷം ടിനി ടോമിനെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ഈ സാഹചര്യത്തിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചത്.
ALSO READ: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി
ടിനിയ്ക്കെതിരെ അൻസിബ നൽകിയ പരാതിയിൽ നേരത്തെ പ്രാഥമികാന്വേഷണം നടത്തിയ പോലീസ്, ആരോപണത്തിന് തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അൻസിബ കോടതിയെ സമീപിച്ചത്. അൻസിബയുടെ ഹർജി പരിഗണിച്ച ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി, പോലീസിൻറെ വാദം തള്ളുകയും ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന് വിലയിരുത്തിയ കോടതി പോലീസ് റിപ്പോർട്ട് അപൂർണ്ണമാണെന്നും എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും നിർദേശിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

