മദ്യലഹരിയിലായ മധ്യവയസ്‌കനെത്തിയത് നൂറടി ഉയരമുള്ള പനയുടെ മുകളില്‍

മദ്യലഹരിയില്‍ മധ്യവയസ്‌കനെത്തിയത് പനയുടെ മുകളില്‍. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം നടന്നത്. ശെമ്മണാംപതി ഗ്രാമത്തിലെ കെ ലക്ഷ്മണ(42)നാണ് മദ്യപിച്ച് നൂറടി ഉയരമുള്ള പനയുടെ മുകളില്‍ കയറി ഉറങ്ങിപ്പോയത്. നാട്ടുകാര്‍ ഓടിക്കൂടി കയറിട്ട് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പനയില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസുമെത്തി ഇയാളെ താഴെയിറക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ലക്ഷ്മണന്‍ പനയുടെ മുകളില്‍ കയറുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇയാഴെ താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉച്ചഭാഷിണി ഉപയോഗിച്ച് ഇയാളോട് താഴേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വീഴാന്‍ സാധ്യത ഉള്ളതിനാല്‍ കയറിട്ട് ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു.
താഴെ വല വിരിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യനില പരിഗണിച്ച് ക്രെയിന്‍ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.

ഇയാള്‍ക്ക് തെങ്ങില്‍ കയറുന്ന പതിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരത്തില്‍ കയറിയ ഉടന്‍ ഉറങ്ങും. പിറ്റേദിവസം ബോധം വീഴുമ്പോഴാണ് മരത്തിന് മുകളിലാണെന്ന് മനസിലാകുന്നത്. പനയുടെ മുകളില്‍ ഇങ്ങനെ കയറിയതാണെന്നും ഉറങ്ങിപ്പോയതാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here