
എവിടെ പോയാലും കുടിവെള്ളം കൂടെ കൊണ്ട് നടക്കുന്ന ആളുകളുണ്ട്. ഒരു കണക്കിന് അത് നല്ലതാണ്. കുപ്പിവെള്ളമൊക്കെ കടയിൽ നിന്ന് വാങ്ങുന്നത് വിശ്വസിച്ച് ഒരുപക്ഷെ കുടിക്കാൻ പോലും കഴിയില്ല. അതുകൊണ്ട് തന്നെ അമ്മമാർ ആയിരിക്കും തിളപ്പിച്ചാറ്റിയ വെള്ളം അവിടെ പോയാലും തന്നുവിടാറുള്ളത്. സ്കൂളുകളിൽ കുട്ടികൾക്കും ഓഫീസിൽ പോകുന്നവർക്കും എല്ലാം കൈയിൽ ഒരു കുപ്പി വെള്ളം ഉള്ളത് ആശ്വാസം തന്നെ ആവും. എന്നാൽ ദിവസവും ഉപയോഗിക്കുന്ന ഈ കുപ്പികളിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. കുടിക്കാനായി കുപ്പി ചുണ്ടോട് ചേർക്കുമ്പോഴായിരിക്കും ഈ ഗന്ധം നമ്മൾ അറിയുക. ഇത്തരത്തിൽ ഉള്ള കുപ്പികളിൽ വെള്ളം കുടിക്കാതിരിക്കുന്നതാവും നല്ലത്.
ബാക്റ്റീരിയകൾ കുപ്പിയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, മനുഷ്യന്റെ ഉമിനീരു കൂടി ചേരുമ്പോൾ ഇവ വർധിക്കുകയും ചെയ്യും. ഇവയെല്ലാം ആവും ആ ഗന്ധത്തിനു കാരണം, ഇത് നിസാരമായി ഇല്ലാതാക്കാനും കുപ്പികൾ വൃത്തിയാക്കാനും ചില വഴികൾ ഇതാ…
ALSO READ: ‘ലേബലുകള്‍ പതിപ്പിക്കില്ല, പകരം മറ്റൊന്ന്’; സമൂസ, ജിലേബി പാക്കറ്റുകളിലെ മുന്നറിയിപ്പില്‍ വിശദീകരണം
ബേക്കിങ് സോഡ: കുപ്പിയിൽ ഒരു ടീസ്പൂൺ ബേക്കിങ് സോഡയിട്ടതിനു ശേഷം വെള്ളം നിറച്ച് നല്ലതു പോലെ കുലുക്കി ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം പിറ്റേദിവസം കഴുകിയെടുക്കാം. കുപ്പിയിലെ ദുർഗന്ധം പൂർണമായും മാറും.
വിനാഗിരി: വെള്ളമെടുക്കുന്ന കുപ്പികളിലെ ദുർഗന്ധം ഒഴിവാക്കാൻ വിനാഗിരിയിൽ ( ചെറിയ അളവിൽ എടുത്താൽ മതിയാകും ) വെള്ളമൊഴിച്ചു നേർപ്പിച്ചതിനു ശേഷം ഒഴിച്ചുവെയ്ക്കാം. കുറച്ചു സമയം വെച്ചതിനു ശേഷം കഴുകിയെടുക്കാം. ദുർഗന്ധം മാറുമെന്നു മാത്രമല്ല, കുപ്പി നല്ലതുപോലെ വൃത്തിയാകുകയും ചെയ്യും.
ചെറുനാരങ്ങാ നീര്: ദുർഗന്ധമുള്ള കുപ്പിയിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് കുറച്ചു വെള്ളവും കൂടി ചേർത്ത് നല്ലതു പോലെ കുലുക്കി കുറച്ചു നേരം വെച്ചതിനു ശേഷം കഴുകിയെടുക്കാം.
തേയില: കുപ്പിക്കുള്ളിലെ എണ്ണമയവും ദുർഗന്ധവുമൊക്കെ ഒഴിവാക്കാൻ തേയിലയും ഉപയോഗിക്കാം. കുപ്പിയിൽ ഒരു ടീ ബാഗ് നിക്ഷേപിച്ചു, നിറയെ വെള്ളമൊഴിച്ചു വെയ്ക്കണം. ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം കുപ്പി കഴുകാം.
സോപ്പ്: വെള്ളത്തിൽ ക്ലീനിങ് സൊല്യൂഷൻ മിക്സ് ചെയ്തതിനു ശേഷം കുപ്പിയിലൊഴിച്ചു വെയ്ക്കാം. ഇത് കുപ്പിയ്ക്കുള്ളിലെ എല്ലാ ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കുമെന്നു മാത്രമല്ല, കുപ്പി നല്ലതുപോലെ വൃത്തിയാക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

