രാത്രിയില്‍ ചുമ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ ചില പോംവഴികള്‍

നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രാത്രി കാലങ്ങളിലെ ചുമ. ചിലപ്പോഴൊക്കെയും ഈ ചുമ കാരണം നമുക്ക് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ വരെയുണ്ടായേക്കാം. എന്നാല്‍ അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ചില വിദ്യകള്‍ പറഞ്ഞുതരാം.

1. ഫാന്‍ ഇടാതിരിക്കുക

നമ്മളെ കൂടുതല്‍ വരണ്ടതാക്കുന്നതിനുമാത്രമാണ് ഫാന്‍ ഉപകരിക്കൂ. അതുപോലെ, എസിയും. അതുകൊണ്ട് നിങ്ങള്‍ക്ക് കഫക്കെട്ട് ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നല്ല ചുമയുണ്ടെങ്കില്‍ ഫാന്‍  ഇടാതെ കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുക.

തലയില്‍ തുണി കെട്ടി കിടക്കുന്നതും അല്ലെങ്കില്‍ തൊപ്പി വെച്ച് കിടക്കുന്നതും നന്നായി പുതച്ച് കിടക്കുന്നതും നല്ലതാണ്. ഇത് ശരീരതാപം നിലനിര്‍ത്തുന്നതിനും അതുപോലെ ശരീരം വരണ്ട് പോകാതെ ഈര്‍പ്പമുള്ളതായി നിലനിര്‍ത്തുവാനും സഹായിക്കും.

Also Read : നിസ്സാരനല്ല സപ്പോട്ട; ആരോഗ്യഗുണങ്ങള്‍ ഇങ്ങനെ

2. ആവി പിടിക്കുക

ദിവസേന രണ്ട് നേരം ആവിപിടിക്കുന്നത് നല്ലതാണ്. ആവി പിടിക്കുന്നതിലൂടെ നെഞ്ചില്‍ കെട്ടികിടക്കുന്ന കഫം ഇളകുന്നതിനും ഇത് പുറത്തേയ്ക്ക് പോകുന്നതിനും സഹായിക്കും. ആവി പിടിക്കുമ്പോള്‍ സാധാരണയായി എല്ലാവരും കാണിക്കുന്ന ഒരു തെറ്റാണ് എന്തെങ്കിലും ബാം വെള്ളത്തില്‍ ചേര്‍ക്കുന്നത്. സത്യത്തില്‍ ഇത്തരത്തില്‍ ചേര്‍ക്കുന്നതിലൂടെ കഫം പോകുവാന്‍ സഹായിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇത് കഫം ഉറച്ചിരിക്കുവാന്‍ കാരണമാകുന്നു.

ആവി പിടിക്കുകയാണെങ്കില്‍ കല്ലുപ്പ് ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ കരിഞ്ചീരകം ഇട്ട് ആവിപിടിക്കുന്നത് നല്ലതാണ്.  തുളസി  ഒരു പിടി എടുത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് ആവി പിടിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ കഫം പുറത്തേയ്ക്ക് കളയുവാനും അതുപോലെ ചുമ കുറയ്ക്കുവാനും സഹായിക്കുന്നു.

3. വെള്ളം കവിള്‍കൊള്ളാം

ദിവസേന രണ്ട് നേരം ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് തൊണ്ട വേദന കുറയ്ക്കുന്നതിനും അതുപോലെ, കഫക്കെട്ടും ചുമയും കുറയ്ക്കുന്നതിന് സഹായിക്കും. ഇത് ശരീരത്തിന് നല്ല സുഖം നല്‍കുന്നതിനും അതുപോലെ നല്ല ഉറക്കം നല്‍കുന്നതിനും സഹായിക്കും. ഇത് അടുപ്പിച്ച് കുറച്ച് ദിവസം ചെയ്യുന്നത് നല്ലതാണ്.

Also Read : ചപ്പാത്തിമാവ് കുഴച്ചുമടുത്തോ? മാവ് ഇനി ഈസിയായി മിക്‌സിയില്‍ കുഴയ്ക്കാം

4. ചൂടുവെള്ളത്തില്‍ കുളിക്കുക

നിങ്ങള്‍ കുളിക്കുവാന്‍ ഏത് വെള്ളമാണ് എടുക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരത്തില്‍ നല്ലരീതിയില്‍ കഫക്കെട്ട് വന്നിരിക്കുന്ന സമയത്ത് പരമാവധി ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. ഇത് ശരീര താപനില നിലനിര്‍ത്തുന്നതിനും ശരീരത്തിന് നല്ല സുഖം ലഭിക്കുന്നതിനും സഹായിക്കും. അതുപോലെ, കഫം ഇളകി പോരുവാനും സഹായിക്കും.

ശരീരത്തില്‍ തണുപ്പ് തട്ടും തോറും കഫം ഉറഞ്ഞുപോവുകയും ചുമ മാറുവാന്‍ സമയം എടുക്കുകയും ചെയ്യും. അതിനാല്‍, തണുപ്പ് തട്ടുന്ന കാര്യങ്ങള്‍ എല്ലായ്പ്പോഴും ഒഴിവാക്കുന്നതാണ് നല്ലത്.

5. പുകവലി ഒഴിവാക്കുക

നല്ല ചുമയുള്ള സമയത്ത് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. മൊത്തത്തില്‍ പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. പുകവലിക്കുന്നവരില്‍ ഇടയ്ക്കിടയ്ക്ക് ചുമവരുന്നത് സര്‍വ്വസാധാരണമാണ്. ഇത് ശ്വാസകോശത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്കും അതുപോലെ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നത് നല്ലതാണ്.

6. കൃത്യമായി മരുന്ന് കഴിക്കുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത്തരത്തില്‍, എല്ലാകാര്യങ്ങളും ശ്രദ്ധിക്കുന്നതിലൂടെ ശരീരത്തിനും അതുപോലെ, ചുമയ്ക്കും നല്ല ആശ്വാസം ലഭിക്കുന്നതായിരിക്കും. വേണമെങ്കില്‍, വീട്ടില്‍ ആടലോടകം ഉണ്ടെങ്കില്‍ അത് നീര് പിഴിഞ്ഞ് കുടിക്കുന്നത് ചുമ മാറുവാന്‍ സഹായിക്കും. അതുപോലെ, തുളസിയും പനിക്കൂര്‍ക്കയും അരച്ച് നീരെടുത്ത് കുടിക്കുന്നതും നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel