
അമേരിക്കയിലെ സർവകലാശാലകളിൽ പ്രഭാഷണ പരമ്പരയ്ക്ക് പോകുന്നതിനുള്ള സന്ദർശനാനുമതി മോദി സർക്കാർ നിഷേധിച്ചെന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ. 2023ലാണ് അമേരിക്കയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വിദേശകാര്യമന്ത്രാലയം സന്ദർശനാനുമതി നിഷേധിച്ചതെന്ന് പളനിവേൽ ത്യാഗരാജൻ ദ ന്യൂസ് മിനിട്ടിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 2023-ൽ എംഐടി, ഹാർവാർഡ്, കെന്നഡി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രഭാഷണത്തിന് ക്ഷണം ലഭിച്ചതായി പളനിവേൽ പറയുന്നു.
എന്നാൽ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ്, യാത്രാനുമതി നിഷേധിച്ചെന്ന അറിയിപ്പ് വിദേശകാര്യമന്ത്രാലയത്തിൽനിന്ന് ലഭിച്ചു . വിദേശ സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാൻ പ്രോട്ടോക്കോൾ പ്രകാരം ഒരു സംസ്ഥാന മന്ത്രിക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിയാണ് അനുമതി നിഷേധിച്ചത്.
ALSO READ; ബെംഗളൂരു വിമാനത്താവളം ഡിസ്‌പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾ
കഴിഞ്ഞ മാസം വ്യവസായവകുപ്പ് മന്ത്രി പി രാജീവിന് അമേരിക്കയിലേക്കുള്ള സന്ദർശനാനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചത് വൻ വിവാദമായിരുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ അവരുടെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതിനും Novel Innovation in Public Administration എന്ന അംഗീകാരം ലഭിച്ച സംരംഭക വർഷത്തെക്കുറിച്ച് സംസാരിക്കുന്നതിനുമാണ് പി രാജീവ് അമേരിക്കയിലേക്ക് പോകാനിരുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ ഒന്നു വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന കോൺഫറൻസിൽ Innovative public policy frameworks for Sustainable economic development എന്ന സെഷനിൽ Developing entrepreneurship ecosystem policy and successful implementation : a case study of year of enterprises എന്ന വിഷയം അവതരിപ്പിക്കാനാണ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്.
അതേസമയം അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അനുമതി തേടിക്കൊണ്ടുള്ള പുതിയ ഒരു ക്ഷണക്കത്ത് കൂടി തനിക്ക് സർവകലാശാലയിൽനിന്ന് അയച്ചിരുന്നതായി പളനിവേൽ അഭിമുഖത്തിൽ പറയുന്നു. യാത്രാനുമതി നിഷേധിച്ച് നാല് മണിക്കൂറുകൾക്കകമാണ് പുതിയ കത്ത് ലഭിച്ചത്. പരിപാടിയെ സംബന്ധിച്ച് കൂടുതൽ വ്യക്തതയുള്ളതായിരുന്നു പുതിയ ക്ഷണക്കത്ത്. അത് കണക്കിലെടുത്ത് യാത്രാനുമതി ലഭിക്കേണ്ടതായിരുന്നു. എന്നാൽ യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വീണ്ടും യാത്രാനുമതി നിഷേധിച്ച വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇത് ലഭിച്ചതെന്നും പളനിവേൽ പറഞ്ഞു.
രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് രണ്ട് പതിറ്റാണ്ട് അമേരിക്കയിൽ ചെലവഴിച്ച പളനിവേൽ, മോദി സർക്കാരിന്‍റെ ഇത്തരം നടപടികളെ രൂക്ഷമായി വിമർശിച്ചു. “രാജ്യത്തിന്‍റെ വളർച്ചയും തമിഴ്‌നാടിൻ്റെ നിക്ഷേപ ഭാവിയുടെ താൽപ്പര്യത്തെക്കുറിച്ചും, എന്നെപ്പോലുള്ള ഒരാൾക്ക് ആഗോള വേദികളിൽ സംസാരിക്കാനുള്ള അവസരം നിഷേധിക്കാൻ കഴിയുന്നത് എങ്ങനെയാണ്?”- അദ്ദേഹം ചോദിച്ചു.
ഒരു സംസ്ഥാന മന്ത്രിയ്ക്ക് യാത്രാനുമതി നിഷേധിക്കുന്നത് മോശം പ്രവണതയാണെന്നും ഇതിലൂടെ ഫെഡറൽ സഹകരണത്തെ ചോദ്യം ചെയ്യുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. “ഞാൻ യാത്ര ചെയ്യാൻ ഉദ്ദേശിച്ച അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്ക് ഇന്ത്യയുമായി ശക്തമായ നയതന്ത്ര ബന്ധമുണ്ട്. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ എൻ്റെ യാത്രയ്ക്ക് അനുമതി നൽകാതിരുന്നത്? ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന മന്ത്രി എന്തുകൊണ്ടാണ് ഇത്തരത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകേണ്ടിവരുന്നത്?”- അദ്ദേഹം ചോദിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും അധികാരത്തിലുള്ള മന്ത്രിമാരോടും കേന്ദ്രം പുലർത്തുന്ന ശത്രുതാ മനോഭാവത്തിന്‍റെ ചില ഉദാഹരണങ്ങളിലൊന്നാണ് ഇതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

