പാവങ്ങളുടെ പടത്തലവൻ; ഇന്ന് എ കെ ജി ദിനം

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എ കെ ജിയാണ്. കണ്ണൂർ ജില്ലയിലെ പെരളശേരിക്കടുത്ത് ആയില്യത്ത് കുറ്റ്യേരി തറവാട്ടിൽ 1904 ഒക്ടോബർ ഒന്നിന് ജനിച്ച എ കെ ഗോപാലൻ കമ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവും മികച്ച പാർലമെന്റേറിയനും പ്രക്ഷോഭകാരിയുമായി വളർന്നു. എ കെ ജി എന്ന മൂന്നക്ഷരത്തിലറിയപ്പെട്ട നേതാവ് പാവങ്ങളുടെ പടത്തലവനായി. ദുരിതമനുഭവിക്കുന്ന സകല മനുഷ്യരുടെയും മോചനം ലക്ഷ്യമിട്ട് ജീവിതാന്ത്യംവരെ പൊരുതിയ പോരാളിയായിരുന്നു എ കെ ജി. മികച്ച സംഘാടകനും പ്രാസംഗികനും പ്രക്ഷോഭകാരിയും അധ്യാപകനു മെല്ലാമായിരുന്ന അദ്ദേഹം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്. 1977 മാർച്ച് 22ന് സഖാവ്‌ നമ്മെ വിട്ടുപിരിഞ്ഞു. ആ വേർപാടിന്റെ 48–ാം വാർഷികദിനമാണ് ശനിയാഴ്ച.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അനേകം നേതാക്കളുടെയും ജനവിഭാഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന വ്യത്യസ്തമായ പ്രത്യയശാസ്ത്ര– സമരധാരകളുടെ പ്രഭാവത്താലാണ്. അതിൽ ഒരു പ്രധാന പങ്കുവഹിച്ച ഇടതുപക്ഷ– കമ്യൂണിസ്റ്റ് ധാരയ്ക്ക് ധീരമായ നേതൃത്വം നൽകിയ നേതാക്കളിൽ പ്രമുഖനാണ് എ കെ ജി, ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെയും ജനതയെയും തട്ടിയുണർത്തി മുന്നോട്ടുനയിച്ച നേതൃത്വമായിരുന്നു എ കെ ജി.

Also read: ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന്‌ കെട്ടുകെട്ടിക്കാൻ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും നിറഞ്ഞ സമൂഹത്തെ മാറ്റി ജനങ്ങളെ യോജിപ്പിക്കണം എന്നതായിരുന്നു എ കെ ജി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ച ആശയം. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ എല്ലാവിഭാഗം ജനങ്ങൾക്കും ക്ഷേത്രപ്രവേശനത്തിനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനുമായി നടത്തിയ പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗുരുവായൂർ സത്യഗ്രഹത്തിൽ വർഗീയവാദികളുടെ കഠിനമായ മർദനം ഏൽക്കേണ്ടി വന്നെങ്കിലും പിന്നീട് ആ സമരം വിജയംകണ്ടു. 1932ൽ ഗുരുവായൂർ സത്യഗ്രഹം കഴിഞ്ഞ് പയ്യന്നൂരിൽ എത്തിയ എ കെ ജി അവിടെ കൊടികുത്തിവാണ അയിത്തത്തിനും സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനുമെതിരെ സമരരംഗത്തിറങ്ങി. കേരളീയനും ഒപ്പമുണ്ടായിരുന്നു. എ കെ ജിയെയും കേരളീയനെയും ബോധംകെടുവോളം വർഗീയവാദികൾ അടിച്ചു. മരണമൊഴിപോലും മജിസ്ട്രേട്ട് രേഖപ്പെടുത്തിയെങ്കിലും മരണത്തെയും അതിജീവിച്ച് പോരാട്ടം തുടരുകയാണ് എ കെ ജി ചെയ്തത്.

ബ്രിട്ടീഷ് ഭരണത്തിലും പിൽക്കാലത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള ജനവിരുദ്ധ കേന്ദ്രസർക്കാർ ഭരണത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയസമരങ്ങളിൽ എ കെ ജി നിർണായക പങ്കുവഹിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ആഗസ്‌ത്‌ 14ന്‌ അർധരാത്രിയിൽ ഈ സമരനായകൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഇരുട്ടുമുറിയിൽ ഏകനായിരുന്നു. ദീർഘകാലം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ആൾ ആദ്യത്തെ സ്വാതന്ത്ര്യദിനം ജയിലിലാണ് ആഘോഷിച്ചത്. ദേശീയ പതാകയേന്തി ജയിൽവളപ്പിൽ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയിൽ കെട്ടിടത്തിന്റെ മുകളിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് എ കെ ജിയെ തടവറയിൽ അടച്ചത്. സഖാവിന്റെ ജയിൽവാസം 17 വർഷം നീണ്ടതാണ്. ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എ കെ ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ൽ സുപ്രീംകോടതിയിൽനിന്നുണ്ടായ ഈ സുപ്രധാനമായ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച രാജ്യത്തെ ആദ്യത്തെ വിധിന്യായമാണ്.

തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങൾക്ക് വേദനിക്കുന്നോയെന്ന് ആരാഞ്ഞ് അവരുടെ വേദനയകറ്റാൻ കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പം കൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായിത്തീർന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത് എ കെ ജിയെ അറസ്റ്റ്‌ ചെയ്തു. ആഴ്ചകൾക്കുശേഷം വിട്ടയച്ചപ്പോൾ നേരെ പാർലമെന്റിൽ എത്തി ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യഭരണത്തിന് എതിരായി ഉജ്വല താക്കീതുനൽകി. ഇന്ദിര ഗാന്ധി പെൺ ഹിറ്റ്‌ലർ ആകരുതെന്നു പറഞ്ഞു. ‘എന്നെയും സഖാവ് ഇ എം എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലിൽനിന്നു വിടുന്നില്ല എന്നും മാർക്സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റ്‌ ചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും സഖാവ് ഇ എം എസിനെയുംമാത്രം മോചിപ്പിച്ചത് ’എന്നും അദ്ദേഹം ചോദിച്ചു.

സമരങ്ങളിൽ വ്യാപൃതനായ താൻ കാലിടറി വീണെന്നുവരും പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുകതന്നെ ചെയ്യും.സ്വാതന്ത്ര്യസമരകാലത്ത് വെല്ലൂർ ജയിൽചാടി ഒളിവിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രമുള്ള, സമരത്തിന്റെ ചുരുക്കപ്പേരാണ് എ കെ ജി. ഇതേ നേതാവുതന്നെ സമരാഭാസങ്ങളെ നഖശിഖാന്തം എതിർത്തിരുന്നു. വർഗശത്രുക്കളുടെ സമരാഭാസങ്ങളോട് പുരോഗമന ശക്തികൾ എന്തു സമീപനം സ്വീകരിക്കണമെന്നതിന് എ കെ ജിയുടെ പ്രവർത്തനശൈലി ഉത്തരം നൽകുന്നതാണ്. സമരങ്ങളിൽ വ്യാപൃതനായ താൻ കാലിടറി വീണെന്നുവരും പക്ഷേ, ദരിദ്രരുടെയും ഭാരം ചുമക്കുന്നവരുടെയും ഇടത്തരക്കാരുടെയും വസന്തകാലം വിരിയുകതന്നെ ചെയ്യും. ഇത്തരമൊരു വസന്തകാലം പിറക്കുന്നതിനുള്ള വഴി തെളിച്ചുവിടുന്നതിന് കേരളത്തിൽ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഉണ്ടാകണമെന്ന സ്വപ്നം എ കെ ജി, ഇ എം എസ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉണ്ടായിരുന്നു. അത് യാഥാർഥ്യമായിരിക്കുന്നു.

കേരളം അതിവേഗ വളർച്ചയുടെ പന്ഥാവിലാണ്. മുടങ്ങിയ എത്രയോ വികസന പദ്ധതികൾക്ക് ജീവൻവച്ചു. നേട്ടങ്ങളുടെ പാതയിലൂടെ അനുദിനം കുതിക്കുന്ന കേരളത്തെ തടസ്സപ്പെടുത്താനാണ് സംഘപരിവാർ നയിക്കുന്ന ബിജെപി കേന്ദ്രഭരണം ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ അധികാരമുപയോഗിച്ച് എല്ലാ വിധത്തിലും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് എൽഡിഎഫ് സർക്കാർ അധികാരമേറ്റ കാലംമുതൽ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര ബജറ്റിൽപ്പോലും ‘കേരള’മെന്ന് പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

Also read: ആശമാരെ കേന്ദ്രം തൊഴിലാളികളായി അംഗീകരിക്കണം, എങ്കിൽ പ്രശ്നനത്തിന് പരിഹാരമാകും: മന്ത്രി വീണാ ജോർജ്

ജനതയെ വർഗീയമായി ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ബിജെപി. ജനാധിപത്യ മൂല്യങ്ങളെല്ലാം ഇല്ലാതാക്കി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. എ കെ ജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പോരാട്ടങ്ങളുടെ ഭാഗമായി രൂപംകൊണ്ട മതനിരപേക്ഷ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തിലാണ് രാജ്യം ഭരിക്കുന്ന ബിജെപി. മൂന്നാം വട്ടം ഘടക കക്ഷികളുടെ പിന്തുണയോടെ അധികാരത്തിൽ തുടരുന്ന എൻഡിഎ സർക്കാർ സംഘപരിവാർ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ്. അതിനായി അവർ രാജ്യത്തെ ഭിന്നിപ്പിക്കുന്നു. മണിപ്പുർ കലാപംപോലുള്ള കാര്യങ്ങൾ രാഷ്ട്രീയനേട്ടത്തിനായി സൃഷ്ടിക്കപ്പെട്ടതാണ്. ജനതയെ വർഗീയമായി ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ബിജെപി. ജനാധിപത്യ മൂല്യങ്ങളെല്ലാം ഇല്ലാതാക്കി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. ബഹുസ്വരതയുടെ സമ്പത്തായിരുന്ന ഇന്ത്യയെ ഏകസ്വരൂപത്തിലേക്ക് മാറ്റാനാണ് ബിജെപിയുടെ നീക്കം. അതിനായി അവർ ഇന്നത്തെ ഇന്ത്യൻ ഭരണഘടനതന്നെ മാറ്റിയേക്കും.

ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും അവർ ഭരണം പിടിച്ചത് ജനാധിപത്യഹത്യ നടത്തിയാണ്. പാർലമെന്റിനെത്തന്നെ നോക്കുകുത്തിയാക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ.മോദിഭരണത്തിൽ രാജ്യത്തെ സാധാരണക്കാരും കർഷകരും തൊഴിലാളികളും വലയുകയാണ്. കർഷകർക്ക് നൽകിയ വാഗ്ദാനം മോദി മറന്നു. വൻകിട കോർപറേറ്റുകൾക്കായി ഭരണം നടത്തുന്ന ബിജെപി കാർഷിക മേഖലയാകെ വൻ ശക്തികൾക്ക് അടിയറ വച്ചു. തൊഴിലാളികളും ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം അന്നന്ന് കഴിഞ്ഞുപോകാൻ പാടുപെടുകയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്പദ്‌വ്യവസ്ഥ തകർത്തു. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ പ്രതീക്ഷകൾ തകർത്ത് അവരെ കരാർ തൊഴിലാളികളാക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതോടൊപ്പം പൊതുമേഖലാസ്ഥാപനങ്ങളെല്ലാം വിറ്റ് ഏഴര പതിറ്റാണ്ടായി നേടിയെടുത്ത രാജ്യത്തിന്റെ സമ്പത്തുതന്നെ കോർപറേറ്റുകൾക്ക് കൈമാറുന്നു. എല്ലാതരത്തിലും ഇന്ത്യയെ നശിപ്പിക്കുന്ന സമീപനമാണ് കേന്ദ്രം പിന്തുടരുന്നത്. അതിശക്തമായ ജനകീയ പോരാട്ടങ്ങളിലൂടെ മാത്രമേ ഈ കോർപറേറ്റ്–- വർഗീയ നവഫാസിസ്റ്റ് പ്രവണതയെ തടയാനാകൂ. മോദിയുടെ അമിതാധികാര വാഴ്ചയ്‌ക്കെതിരായി ജനങ്ങളെ അണിനിരത്തണം. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണംചെയ്ത് മുന്നോട്ടുപോകണം. അത്തരം പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ എ കെ ജിയുടെ ധീരസ്മരണ എന്നും നമുക്ക് ഊർജമാകും.

ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ഗോവിന്ദൻ മാസ്റ്ററുടെ ലേഖനത്തിന്റെ പൂർണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali