
കാല്‍വിരലുകളിലെ രോമങ്ങളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? തലമുടി കൊഴിയുമ്പോൾ വെപ്രാളപ്പെടാറുള്ള നിങ്ങൾ കാല്‍വിരലുകളിലെ രോമം കൊഴിഞ്ഞുപോകുന്നത് അറിയാറുണ്ടോ? എന്നാൽ അറിഞ്ഞോളൂ കാല്‍വിരലുകളിലെ രോമം കൊഴിഞ്ഞുപോകുന്നത് അത്ര നിസാരമല്ല.
ശരീരത്തിലെ മറ്റേത് ഭാഗത്തെയും പോലെ കാല്‍വിരലുകളിലെ രോമകൂപങ്ങള്‍ക്ക് ആരോഗ്യമായി നിലനില്‍ക്കാന്‍ രക്ത ചംക്രമണം ആവശ്യമാണ്. നല്ല രക്തചംക്രമണം ഉണ്ടെങ്കില്‍ ഫോളിക്കിളുകളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തുകയും ഇത് രോമം വളരാനും നിലനില്‍ക്കാനും സഹായിക്കുകയും ചെയ്യും.
ആരോഗ്യകരമായ രോമ വളര്‍ച്ച സ്വാഭാവികമായി സംഭവിക്കണമെങ്കിൽ കാലുകളിലേക്കും കാല്‍വിരലുകളിലേക്കും രക്തം നന്നായി ഒഴുകണം. രക്തചംക്രമണം കുറയുമ്പോള്‍ രോമകൂപങ്ങള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും ലഭിക്കാതെയാവുകയും അതുവഴി കാല്‍വിരലുകളിലെ രോമങ്ങള്‍ നേര്‍ത്തതാകുകയോ വിരളമാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യും.
ക്രോണിക് ഇന്‍സുലിന്‍ പ്രതിരോധം
ക്രോണിക് ഇന്‍സുലിന്‍ പ്രതിരോധം എന്നത് രക്തചംക്രമണം മോശമാകുന്നതിന് കാരണമാകുന്ന അവസ്ഥയാണ്. ടൈപ്പ്-2 പ്രമേഹം ഇതില്‍ ഉള്‍പ്പെടും. ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് കൂടി, ധമനികള്‍ക്ക് വീക്കവും കാഠിന്യവും ഉണ്ടാക്കുകയും രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
ALSO READ: ജോലിസ്ഥലത്തെ നിശബ്ദ പ്രതിഷേധം;എന്താണ് ‘ഷിഫ്റ്റ് സൾക്കിംഗ്’
കൂടാതെ ഈ പ്രക്രിയ ധമനികളുടെ സങ്കോചത്തിനും കാല്‍വിരലുകള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിദൂര ഭാഗങ്ങളിലേക്കുള്ള രക്ത വിതരണം തടസപ്പെടാനും കാരണമാകും. രക്തചംക്രമണം തകരാറിലാകുമ്പോള്‍, രോമകൂപങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും ലഭിക്കില്ല, ക്രമേണ കാല്‍വിരലുകളിലും കാലുകളിലും രോമം കൊഴിയുകയും ചെയ്യും.
രക്തക്കുഴലുകളുടെ തകര്‍ച്ച പെരിഫറല്‍ ആര്‍ട്ടറി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണെന്ന് മറക്കരുത്. പ്രമേഹവും മെറ്റബോളിക് സിന്‍ഡ്രോമും ഇതുമായി അടുത്തബന്ധമുണ്ട്. കാല്‍വിരലുകളില്‍ രോമം കൊഴിയുന്നതുകൊണ്ട് എന്തെങ്കിലും രോഗം ഉണ്ടെന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ മറ്റ് ചില ലക്ഷണങ്ങള്‍ക്കൊപ്പം രോമവും കൊഴിയുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

