
സിനിമയ്ക്കപ്പുറവും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നടൻ ടൊവിനോ തോമസും നടനും സംവിധായകനുമായ ബേസിൽ ജോസഫും. ബേസിലിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായെത്തിയ ’ഗോദ’യും ‘മിന്നൽ മുരളി’യും പ്രേക്ഷകർ നെഞ്ചേറ്റിയ സിനിമകളാണ്. ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഭരിക്കുന്നതും ഇവരുടെ അഭിമുഖങ്ങളാണ്.
ഇരുവരും പ്രധാന വേഷത്തിലെത്തുന്ന പുത്തൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖങ്ങളാണ് ചർച്ചയാകുന്നത്. ഇതിൽ ബേസിൽ ജോസഫിനെ കുറിച്ചുള്ള ടൊവിനോയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ’ഗോദ’യുടെ സിനിമാ ചിത്രീകരണത്തിനിടെയുള്ള കാര്യങ്ങളാണ് ടൊവിനോ പറയുന്നത്.
2017ൽ ആണ് ‘ഗോദ’ പുറത്തിറങ്ങിയത്. ഈ സിനിമയിൽ രണ്ട് പഞ്ചാബികൾ ടൊവിനോയെ ഇടിക്കുകയും കറക്കി എറിയുകയും ചെയ്യുന്ന സീനുണ്ട്. ഷൂട്ടിങ്ങിനിടെ അതിലൊരാളുടെ കൈയിലെ വള നെറ്റിയിൽ തട്ടി ടൊവിനോയുടെ നെറ്റി മുറിയുകയുണ്ടായി. അതുകണ്ട് എല്ലാവരും പരിഭ്രമിച്ചെന്നും എന്നാൽ ബേസിൽ കണ്ടിന്യൂവിറ്റി നശിപ്പിച്ചല്ലോ എന്നാണ് ആദ്യം പറഞ്ഞതെന്നും ടൊവിനോ തമാശയായി പറഞ്ഞു.
‘കേരളത്തിലെടുത്ത സീനുകളിലൊന്നും അവന്റെ നെറ്റിയിൽ മുറിവില്ല, തിരിച്ചു പോകുമ്പോഴും നെറ്റിയിൽ മുറിവില്ല’ എന്ന് ബേസിലും രസകരമായി പറയുന്നുണ്ട്. പിന്നാലെയെത്തി ടൊവിനോയുടെ മറുപടി. ‘ഇവന് എന്നെങ്കിലും വല്ല ഹാർട്ട് അറ്റാക്കും വന്നാലേ ഇവന് ഹൃദയമുണ്ടെന്ന് ഞാൻ സമ്മതിച്ചു തരുകയുള്ളൂ’ എന്നാണ് ടൊവിനോ തമാശരൂപേണ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

