ട്രെയിൻ തീവെയ്പ്പ് കേസ്, മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിൽ മരിച്ച കുട്ടി സഹറ ബത്തൂറിൻ്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവരാണ് ചാലിയത്തെ വീട്ടിലെത്തി തുക കൈമാറിയത്. സഹറയുടെ മാതാപിതാക്കളായ ശുഹൈയ്ബ് സക്കാഫി, ജെസീല എന്നിവർ ധനസഹായം ഏറ്റുവാങ്ങി.

അതേസമയം, എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനാവില്ലെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോർട്ട് . സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എൻ ഐ എ മേധാവിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് ആസൂത്രിത സ്വഭാവമുണ്ടെന്നും, എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്നത് വലിയ സംശയമാണന്നും റിപ്പോർട്ടിലുണ്ട്.

എൻ ഐ എ കൊച്ചി – ചെന്നൈ- ബംഗലൂരു യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ സംഭവത്തെ തുടർന്ന് എലത്തൂർ സന്ദർശിച്ചിരുന്നു. ദൃക്സാക്ഷികളിൽ നിന്നടക്കമുള്ള മൊഴികൾ പരിശോധിച്ച ശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത് . എൻ ഐ എ അനാലിസിസ് വിങ്ങ് ഡി ഐ ജി യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് എൻ ഐ എ മേധാവിക്ക് കൈമാറി. സംഭവത്തില്‍ തീവ്രവാദ ബന്ധം തള്ളാനായില്ലെന്നാണ് എന്‍ഐഎയുടെ പ്രാഥമിക നിഗമനം അതിനാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം.

സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ട് എന്ന് വ്യക്തമാവുകയാണ് .പ്രതി ഷാരൂക്ക് സെയ്ഫി എന്തു കൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്. ഇയാൾക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടാവണം. അതിനാൽ കേരളത്തിന് പുറത്തും സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും റിപ്പോർട്ടിലുണ്ട്.

ദുരൂഹമായ ലക്ഷ്യങ്ങൾ പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് നിഗമനം. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താം.എലത്തൂർ തെരെഞ്ഞെടുത്ത തിന് പിന്നിലും ദുരൂഹത സംശയിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പശ്ചാത്തലത്തിൽ സമഗ്രമായ ഒരന്വേഷണം ആവശ്യമാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എൻ ഐ എ മേധാവി റിപ്പോർട്ടിന്മേൽ തുടർനടപടികൾ തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here