റെയിൽവേയുടെ ബഫർ സമയ കള്ളക്കളിയും യാത്രക്കാരുടെ ഔട്ടറിലെ നരകജീവിതവും!

ഓരോ ദിവസവുമുള്ള ട്രെയിൻ യാത്രകളിൽ മണിക്കൂറുകളോളം ഔട്ടറിൽ പിടിച്ചിടുന്ന ട്രെയിനിൽ ഇരുന്ന് നരകിക്കേണ്ടിവരുന്ന യാത്രക്കാരുടെ അവസ്ഥ വാക്കുകൾകൊണ്ട് വിവരിക്കാവുന്നതല്ല. ഇതിന് കാരണം ട്രെയിനുകളെല്ലാം കൃത്യസമയം പാലിച്ച് ഓടിയെത്തുന്നുവെന്ന് കാണിക്കാൻ റെയിൽവെ കാണിക്കുന്ന അതിബുദ്ധിയാണ്. ഡെസ്റ്റിനേഷൻ സ്റ്റേഷനിൽ ബഫർ സമയം കൂട്ടി നൽകിയുള്ള ഗിമ്മിക്കാണ് റെയിൽവേ ഇക്കാര്യത്തിൽ കാണിക്കുന്നത്. അനുഭവിക്കുന്നതോ, പാവം യാത്രക്കാരും.

ബഫർ സമയം കൂട്ടിനൽകി ഡെസ്റ്റിനേഷൻ സ്റ്റേഷനിൽ കൃത്യസമയത്ത് എത്തുന്നതരത്തിലുള്ള ക്രമീകരണം റെയിൽവേയെ സംബന്ധിച്ച് നല്ലതും, യാത്രക്കാരെ സംബന്ധിച്ച് വളരെ മോശവുമാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി ലിയോൺസ് പറയുന്നു. യാത്രക്കാരുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകിക്കൊണ്ട് ട്രെയിൻ സമയം പുനഃക്രമീകരിക്കാൻ റെയിൽവേ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെയുള്ള നാഗർകോവിൽ- കൊല്ലം പാസഞ്ചർ മയ്യനാട് നിന്ന് കൊല്ലത്തെത്താൻ 45 മിനിട്ട് സമയമാണ് നൽകിയിട്ടുള്ളത്. 10-15 മിനിട്ടിൽ ഓടിയെത്താവുന്ന ദൂരമാണിത്.

തീരാദുരിതമായി പരശുവും ഏറനാടും

നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിശ്ചയിച്ച സമയത്തിനും 10 മിനിറ്റ് മുമ്പേ എത്തും. ടൗൺ സ്റ്റേഷൻ ഔട്ടറിൽ നിർത്തിയിടുന്നത് 25 മിനിറ്റ്. വടക്കാഞ്ചേരിയിൽ നിന്ന് 17 കിലോമീറ്റർ സഞ്ചരിക്കാൻ നൽകിയിരിക്കുന്നത് ഒരു മണിക്കൂർ 15 മിനിറ്റ്. നട്ടുച്ചനേരത്ത് വള്ളത്തോൾനഗറിൽ പരശു നിർത്തിയിടുന്നത് അരമണിക്കൂറിലേറെയാണ്. ഫെറോക്കിൽ നിന്ന് മൂന്നരയോടെ എടുക്കുന്ന പരശുറാം കല്ലായിയിൽ 20 മിനിട്ടിലേറെ പിടിച്ചിടും. കോഴിക്കോട് വൈകിട്ട് നാലുമണിയോടെ എത്തുന്ന പരശുറാം ഒരു മണിക്കൂർ വീണ്ടും വിശ്രമിച്ച ശേഷം അഞ്ച് മണിക്കാണ് പുറപ്പെടുക. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് എത്ര സമയമാണ് ഈ ട്രെയിനിൽ തുള്ളിവെള്ളം പോലും കിട്ടാത്ത ഔട്ടറുകളിൽ പിടിച്ചിടേണ്ടിവരുമ്പോൾ നിസഹായരായി ഇരിക്കേണ്ടിവരുക?

ഈ വാർത്താ പരമ്പരയുടെ ആദ്യ ഭാഗം– ‘വാഗൺ ട്രാജഡി യാത്ര’യ്ക്ക് അവസാനമുണ്ടാകുമോ? കേരളത്തിന് വേണം കൂടുതൽ മെമു-പാസഞ്ചർ ട്രെയിനുകളും കോച്ചുകളും

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുവരുന്ന ഏറനാട് എക്സ്പ്രസിൽ സ്ഥിതി വ്യത്യസ്തമല്ല. കാരയ്ക്കാടിനും ഷൊർണൂരിനുമിടയിൽ നട്ടുച്ചയ്‌ക്ക് അരമണിക്കൂറിലേറെയാണ് പിടിച്ചിടുന്നത്. ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് തൃശൂരാണെങ്കിലും, ഈ ദൂരം ഓടാൻ നൽകിയിരിക്കുന്നത് ഒരു മണിക്കൂർ! അതുകൊണ്ടുതന്നെ പരമാവധി ഇഴഞ്ഞാണ് ഏറനാടിന്‍റെ യാത്ര. ട്രാക്കിലെ വേഗം കൂട്ടിയപ്പോൾ ബഫർ സമയവും കൂട്ടി റെയിൽവേ യാത്രക്കാരെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ എറണാകുളം-മംഗലാപുരം സെക്ഷനിൽ ചിലയിടങ്ങളിൽ 110 കിലോമീറ്റർ വേഗമുണ്ട്. ദിവസവും ആയിരകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പരശുറാം, ഏറനാട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കാൻ റെയിൽവേ തയ്യാറാകണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആവശ്യപ്പെടുന്നു.

ബഫർ സമയത്തിലെ കള്ളക്കളി നിർത്തുമോ?

16303 വഞ്ചിനാട് എക്സ്പ്രസ് കഴക്കൂട്ടത്തുനിന്ന് തിരുവനന്തപുരം സെൻട്രൽ വരെ 17 കിലോമീറ്റർ ഓടാൻ നൽകിയിരിക്കുന്നത് 40 മിനിട്ടാണ്. 12623 ചെന്നൈ-തിരുവനന്തപുരം മെയിൽ കായംകുളം മുതൽ കൊല്ലം വരെ ഓടാനായി നൽകിയിരിക്കുന്നത് 55 മിനിട്ടാണ്. ഇതേ ട്രെയിൻ പേട്ട മുതൽ തിരുവനന്തപുരം സെൻട്രൽ വരെ വെറും അഞ്ച് മിനിട്ടിൽ എത്താവുന്ന ദൂരം റെയിൽവേ നൽകിയിരിക്കുന്നത് 55 മിനിട്ടാണ്! 16315 മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് കായംകുളം മുതൽ കൊല്ലം വരെ ഓടിയെത്താൻ നൽകിയിരിക്കുന്നത് ഒരു മണിക്കൂറും 25 മിനിട്ടുമാണ്! 16366 നാഗർകോവിൽ-കോട്ടയം പാസഞ്ചറിന് പരവൂർ മുതൽ കൊല്ലം വരെ ഓടിയെത്താൻ നൽകിയിരിക്കുന്നത് ഒരു മണിക്കൂറും അഞ്ച് മിനിട്ടും. 17230 തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസിന് കരുനാഗപ്പള്ളി മുതൽ കൊല്ലം വരെ ഒരു മണിക്കൂറും കൊല്ലം മുതൽ തിരുവനന്തപുരം വരെ രണ്ടുമണിക്കൂറുമാണ് റണ്ണിങ്ങ് സമയം നൽകിയിരിക്കുന്നത്. ഈ ട്രെയിന്‍റെ റണ്ണിങ്ങ് സമയം കുറച്ചെങ്കിലും, അതിന്‍റെ പ്രയോജനം കായംകുളം വരെയുള്ളവർക്ക് മാത്രമാണ് ലഭിക്കുന്നത്. ട്രെയിനുകളുടെ വേഗത വർദ്ധിപ്പിച്ചെങ്കിലും, പഴയ സമയക്രമം നിലനിൽക്കുന്നതിനാൽ, അതിന്‍റെ പ്രയോജനം യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ ആലപ്പുഴ ജില്ലാസെക്രട്ടറി നൗഷിൽ പി.എം ചൂണ്ടിക്കാട്ടുന്നു.

വാർത്താ പരമ്പരയുടെ രണ്ടാംഭാഗം- കുംഭമേളയ്ക്ക് കേരളത്തിൽനിന്ന് കൊണ്ടുപോയ മെമു റേക്കുകൾ എന്നുമുതൽ ഓടിത്തുടങ്ങും? യാത്രക്കാരുടെ പ്രതീക്ഷകളത്രയും മെമു സർവീസുകളിൽ

ഔട്ടറുകളിൽ പിടിച്ചിടാതെ, ഡെസ്റ്റിനേഷൻ സ്റ്റേഷന് മുമ്പുള്ള സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചാൽ നൂറുകണക്കിന് യാത്രക്കാർക്ക് വലിയ പ്രയോജനം ലഭിക്കുമെന്നും യാത്രക്കാരുടെ സംഘടനാ പ്രതിനിധികൾ പറയുന്നു. രാവിലെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ് കഴക്കൂട്ടം വിട്ടാൽ, പേട്ട, തിരുവനന്തപുരം സെൻട്രൽ ഔട്ടറുകളിൽ ഏറെനേരം പിടിച്ചിടാറുണ്ട്. എന്നാൽ വഞ്ചിനാടിന് പേട്ടയിൽ സ്റ്റോപ്പ് നൽകിയാൽ, മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പടെ നൂറുകണക്കിന് ജീവനക്കാർക്കും വിദ്യാർഥികൾക്കും ഫലപ്രദമാകുമെന്ന് നൗഷിൽ പി.എം പറയുന്നു. പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ കൊല്ലം, തിരുവനന്തപുരം ഔട്ടറുകളിൽ ഏകദേശം 45 മിനിട്ടിലേറെ മിക്കദിവസങ്ങളിലും പിടിച്ചിടാറുണ്ട്. ഈ ട്രെയിൻ പുനലൂരിൽനിന്ന് എടുക്കുന്ന സമയം അരമണിക്കൂർ വൈകിയാലും, കൃത്യസമയത്ത് കൊല്ലത്തും തിരുവനന്തപുരത്തും എത്താനാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ എട്ട് മണിക്കുശേഷം ട്രെയിനുകളുടെ സമയം ക്രമീകരിച്ചാൽ 8.25 മുതൽ 9.45 വരെയുള്ള വലിയ ഇടവേള പരിഹരിക്കാനാകുമെന്നും യാത്രക്കാർ പറയുന്നു.

ടെർമിനൽ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾ കൂട്ടുമോ?

ബഫർ സമയത്തിന് പുറമെ ഔട്ടറുകളിൽ ട്രെയിൻ പിടിച്ചിടുന്നതിന് പ്രധാനകാരണമായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത് ടെർമിനൽ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണത്തിലുള്ള വൻ കുറവാണ്. ട്രെയിനുകൾ യാത്ര പുറപ്പെടുകയും, അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷനുകളാണ് ടെർമിനൽ സ്റ്റേഷനുകൾ. ഈ ഗണത്തിൽ കേരളത്തിൽ പ്രധാനമായും തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത്, എറണാകുളം ജങ്ഷൻ എന്നീ സ്റ്റേഷനുകളാണുള്ളത്. എന്നാൽ ഈ മൂന്ന് സ്റ്റേഷനുകളിലും കൂടി ആകെയുള്ളത് 17 പ്ലാറ്റ്ഫോമുകളാണ്. എന്നാൽ എംജിആർ ചെന്നൈ സ്റ്റേഷനിൽ മാത്രം 17 പ്ലാറ്റ്ഫോമുകളുണ്ട്. കേരളത്തിലെ ടെർമിനൽ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകൾ പരിമിതമായതുകൊണ്ടാണ് പുതിയ ട്രെയിനുകൾ അനുവദിക്കാതിരിക്കാനുള്ള പ്രധാന കാരണം.

പുതിയ പിറ്റ് ലൈനുകൾ വേണം

തിരുവനന്തപുരം സെൻട്രലിൽ അഞ്ച് പ്ലാറ്റ്ഫോമുകൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഔട്ടറിൽ മണിക്കൂറുകളോളം പ്ലാറ്റ്ഫോം ലഭിക്കുന്നതിനായി ട്രെയിനുകൾക്ക് കാത്തുകിടക്കേണ്ടിവരുന്നു. തിരുവനന്തപുരം നോർത്തിൽ സ്റ്റേബിൾ ലൈനിന്‍റെ പരിമിതി കാരണം ടെർമിനൽ സ്റ്റേഷനെന്ന പ്രയോജനം പൂർണമായും ലഭിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കുശേഷവും ട്രെയിനുകൾ പ്ലാറ്റ്ഫോമുകളിൽ തന്നെ ഇടേണ്ടിവരുന്നു. പലപ്പോഴും ഇവിടെ അവസാനിക്കുന്ന വീക്കിലി, ബൈ വീക്കിലി ട്രെയിനുകൾ കിലോമീറ്ററുകൾ അകലെയുള്ള കഴക്കൂട്ടം, കടയ്ക്കാവൂർ, വർക്കല, പരവൂർ എന്നിവിടങ്ങളിൽ നിർത്തിയിടേണ്ടിയും വരുന്നു.

Also Read- കേരളത്തോട് അവഗണന തുടർന്ന് റെയില്‍വേ; കെ-റെയിലിന് പ്രതിപക്ഷം കൊണ്ടുവന്ന ബദലിനും റെയില്‍വേയുടെ വെട്ട്

പുതിയതായി ഒരു ട്രെയിനും ഉൾക്കൊള്ളാൻ തിരുവനന്തപുരം സെൻട്രലിന് ഇനി കഴിയില്ല. എറണാകുളം ജങ്ഷൻ സ്റ്റേഷന്റെ ദുരവസ്ഥയും പറയാതിരിക്കുന്നതാണ് ഭേദം. 22 കോച്ചുകൾ ഉൾക്കൊള്ളുന്ന മൂന്ന് പ്ലാറ്റ്ഫോമുകൾ മാത്രമാണ് അവിടെയുള്ളത്. ആറാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് മെമു മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളു. മറ്റ് സംസ്ഥാനങ്ങളിൽ നഗരത്തിന് പുറത്തുള്ള സ്റ്റേഷനുകൾ ടെർമിനലായി വികസിപ്പിക്കുന്നതുപോലെ ഇവിടെയും അത്തരം പദ്ധതികൾ വേണം, ബംഗളൂരുവിൽ ബനാസ് വാഡി, യശ്വന്ത്പുര പോലെ. എറണാകുളത്ത് തൃപ്പുണിത്തുറയിൽ അത്തരം സാധ്യതകൾ റെയിൽവേ ആലോചിക്കണം. കോട്ടയത്തും ആലപ്പുഴയിലും പിറ്റ് ലൈൻ സ്ഥാപിച്ചാൽ എറണകുളത്ത് അവസാനിക്കുന്ന ചില ട്രെയിനുകൾ അവിടേക്ക് മാറ്റാൻ കഴിയും. ഇത്തരം നടപടികളിലൂടെ ട്രെയിനുകൾ ഔട്ടറിൽ മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കുന്നത് ഒഴിവാക്കാൻ കഴിയും. എങ്കിൽ മാത്രമെ യാത്രക്കാർക്ക് റെയിൽവേ പരിഗണന നൽകുന്നുവെന്ന് പറയാൻ സാധിക്കുകയുള്ളു.

(അടുത്തഭാഗം- മലബാറിലും തീരാദുരിതം; മണിക്കൂറുകളോളം ട്രെയിനില്ലാത്തതിനാൽ കുടുംബത്തോടെ താമസം മാറിയ യാത്രക്കാർ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News