കുംഭമേളയ്ക്ക് കേരളത്തിൽനിന്ന് കൊണ്ടുപോയ മെമു റേക്കുകൾ എന്നുമുതൽ ഓടിത്തുടങ്ങും? യാത്രക്കാരുടെ പ്രതീക്ഷകളത്രയും മെമു സർവീസുകളിൽ

Kerala_trains

മലയാളികളുടെ ദുരിതയാത്രയെക്കുറിച്ച് റെയിൽവേയ്ക്ക് തെല്ല് ആശങ്ക പോലും ഇല്ലെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമുണ്ട്. കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താനായി കേരളത്തിൽനിന്ന് കൊണ്ടുപോയ മെമു റേക്കുകൾ തിരികെ എത്തിച്ച് ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം എന്നീ മെമു സർവീസുകളാണ്, ഇപ്പോഴും ഐസിഎഫ് കോച്ച് ഉപയോഗിച്ച് സർവീസ് തുടരുന്നത്. എന്നാൽ മെമു റേക്കുകൾ തിരികെ എത്തിച്ചെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം സർവീസിന് ഉപയോഗിക്കുമെന്നുമാണ് റെയിൽവേ അധികൃതർ കൈരളിന്യൂസ് ഓൺലൈനോട് വ്യക്തമാക്കുന്നത്. കുംഭമേള കഴിഞ്ഞ് മാസങ്ങളായിട്ടും മെമു പുനരാരംഭിക്കാത്തത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. കേരളത്തിൽ യാത്രാക്ലേശം അതീവ രൂക്ഷമായിരിക്കുമ്പോഴും, ഈ മെല്ലപ്പോക്കിൽ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

തിരക്കേറിയ സമയങ്ങളിൽ കൂടുതൽ മെമു സർവീസ് വേണം

ഏറ്റവും അധികം യാത്രാബുദ്ധിമുട്ട് നേരിടുന്നത് സീസൺ ടിക്കറ്റുകാരാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി ലിയോൺസ് പറയുന്നു. അതുകൊണ്ടുതന്നെ മെമു ട്രെയിനുകൾ ഏറ്റവുമധികം ആവശ്യമായി വരുന്നത് ദിവസേന യാത്ര ചെയ്യുന്നവർക്കാണ്. പ്രധാന റൂട്ടുകളിൽ തിരക്കേറിയ രാവിലെയും വൈകിട്ടും ട്രെയിനുകൾ തമ്മിൽ വലിയ ഇടവേളയുള്ളത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 8.23ന് വഞ്ചിനാട് എക്സ്പ്രസ് പോയികഴിഞ്ഞാൽ, 9.50നുള്ള ചെന്നൈ മെയിൽ മാത്രമാണുള്ളത്. ഇതേ സ്ഥിതിവിശേഷമാണ് വൈകിട്ട് തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്കുള്ളത്. വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈ മെയിൽ പോയിക്കഴിഞ്ഞാൽ 5.15നുള്ള ചെന്നൈ സൂപ്പർഫാസ്റ്റാണ് റെഗുലർ സർവീസായുള്ളത്.

Also Read- കേരളത്തോട് അവഗണന തുടർന്ന് റെയില്‍വേ; കെ-റെയിലിന് പ്രതിപക്ഷം കൊണ്ടുവന്ന ബദലിനും റെയില്‍വേയുടെ വെട്ട്

ഇത്രയും വലിയ ഇടവേളയിൽ മെമു ട്രെയിനുകൾ ഓടിച്ചാൽ ദിവസേനയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസകരമാകും. തൃശൂർ-എറണാകുളം, ഷൊർണൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ റൂട്ടുകളിലും വൈകുന്നേരം മണിക്കൂറുകളോളം ട്രെയിനുകളില്ലാത്തത് യാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, ടെക്നോപാർക്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ വിടുന്ന സമയത്താണ് യാത്രക്കാർ കൂടുതൽ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാൽ ഈ സമയത്ത് സർവീസുകൾ കുറവാണെന്ന് ലിയോൺസ് പറയുന്നു. ഈ സമയത്ത് കൂടതൽ മെമു ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ നടപടി എടുക്കണമെന്നും ലിയോൺസ് ആവശ്യപ്പെടുന്നു.

യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതൽ മെമു റേക്കുകൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കുംഭ മേളയ്‌ക്ക് വേണ്ടി കേരളത്തിൽ നിന്ന് മെമു റെയിൽവേ വലിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി നൌഷിൽ പി.എം ചൂണ്ടിക്കാട്ടുന്നു. കുംഭമേള കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മെമു ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും, ഇക്കാര്യത്തിൽ ഉടനടി നടപടിയുണ്ടാകണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

യാത്രക്കാർക്ക് പേടിസ്വപ്നമായ കോട്ടയം-എറണാകുളം റൂട്ട്

ആലപ്പുഴ-എറണാകുളം യാത്രയുടെ ഭീകരാവസ്ഥ ഈ പരമ്പരയുടെ ആദ്യ ഭാഗത്തിൽ വിശദീകരിച്ചിരുന്നു. അതേപോലെ തന്നെ യാത്രക്കാരുടെ പേടിസ്വപ്നമാണ് രാവിലെ കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയും. രാവിലെ എറണാകുളത്തേയ്ക്കുള്ള പാലരുവി, മെമു, വേണാട് ട്രെയിനുകൾ കോട്ടയത്ത് എത്തുന്നത് തന്നെ വാതിൽപ്പടിവരെ യാത്രക്കാരെക്കൊണ്ട് തിങ്ങി നിറഞ്ഞാണ്. കോട്ടയം പിന്നിടുന്നതോടെ യാത്രക്കാർക്ക് ശ്വാസംകിട്ടാത്ത അവസ്ഥയിലെത്തും. പിറവം എത്തിയാൽ ടോയ്‌ലറ്റ് ഇടനാഴിയിൽ പോലും നിന്നുതിരിയാൻ കഴിയാതെ യാത്രക്കാർ വലയുകയാണ്. വായു സഞ്ചാരമില്ലാത്ത കോച്ചുകളിൽ കൈകാലുകൾ ഒന്ന് ചലിപ്പിക്കാൻ പോലും കഴിയാതെ മണിക്കൂറുകൾ നിൽക്കേണ്ടി വരുന്നത് വാക്കുകൾകൊണ്ട് പറഞ്ഞുഫലിപ്പിക്കാനാകില്ലെന്ന് സ്ഥിരംയാത്രക്കാർ പറയുന്നത്.

ഈ വാർത്താ പരമ്പരയുടെ ആദ്യ ഭാഗം‘വാഗൺ ട്രാജഡി യാത്ര’യ്ക്ക് അവസാനമുണ്ടാകുമോ? കേരളത്തിന് വേണം കൂടുതൽ മെമു-പാസഞ്ചർ ട്രെയിനുകളും കോച്ചുകളും

പാലരുവി കഴിഞ്ഞാൽ ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് കൊല്ലത്തുനിന്ന് എറണാകുളത്തേക്കുള്ള 06169 സ്പെഷ്യൽ മെമു സർവീസ് കോട്ടയത്ത് എത്തുന്നത്. ഈ നീണ്ട ഇടവേളയാണ് തിരക്ക് വർദ്ധിക്കാൻ മറ്റൊരു കാരണം. 06.43ന് കോട്ടയത്ത് നിന്ന് പാലരുവി പോയി കഴിഞ്ഞാൽ 07.58നാണ് സ്പെഷ്യൽ മെമു സർവീസ് നടത്തുന്നത്. കോട്ടയത്തു നിന്നുള്ളവർക്ക് യാത്ര ഒരു പേടിസ്വപ്നമാണ്. എറണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പടെയുള്ളവർക്ക് ട്രെയിൻ യാത്ര ആലോചിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ പറയുന്നു. കോട്ടയത്തുനിന്നുള്ള പകൽ ട്രെയിനുകൾ മാസങ്ങൾക്ക് മുമ്പ് വെയിറ്റിങ്ങ് ലിസ്റ്റാകുന്നത് രോഗികൾ ഉൾപ്പടെയുള്ള സ്ഥിരമല്ലാത്ത യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വന്ദേഭാരതിന് ശേഷം കോട്ടയത്ത് നിന്ന് രാവിലെ 07.45 ന് എറണാകുളത്തേയ്ക്ക് ഒരു മെമു ആരംഭിച്ചാൽ മാത്രമേ നിലവിൽ ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയൂ. സ്പെഷ്യൽ മെമുവിലും പാലരുവിയിലും വേണാടിലുമുള്ള തിരക്ക് നിയന്ത്രിക്കാൻ കോട്ടയത്ത് നിന്ന് പുതിയ മെമു സർവീസ് അനിവാര്യമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം അഭിപ്രായപ്പെട്ടു.

കോട്ടയത്തുനിന്നുള്ള യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പല നടപടികളും റെയിൽവേ കൈക്കൊണ്ടിട്ടുണ്ട്. പാലരുവിയിൽ നാല് കോച്ചുകൾ വർദ്ധിപ്പിച്ചത്, പരമാവധി കോച്ച് കപ്പാസിറ്റിയിൽ സർവീസ് നടത്തിയിരുന്ന വേണാടിലെ പാൻട്രികാർ മാറ്റി പകരം ജനറൽ കോച്ച് അനുവദിച്ചത്, പരശുറാം കന്യാകുമാരിയ്‌ക്ക് നീട്ടി രണ്ട് ജനറൽ കോച്ചുകൾ കൂട്ടിച്ചേർത്തത് ഇവയൊക്കെ ഉദാഹരണമാണ്. എന്നാൽ ഇതുകൊണ്ടൊന്നും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടാതെ വന്നതോടെ പുതിയ സ്പെഷ്യൽ മെമു അനുവദിച്ചു. ഇപ്പോഴാകട്ടെ സ്പെഷ്യൽ മെമുവിലും തിരക്ക് നിയന്ത്രണാതീതമായി മാറി. ഈ സാഹചര്യത്തിൽ രാവിലെ വന്ദേഭാരതിനും സ്പെഷ്യൽ മെമുവിനും ഇടയിൽ 7.45ഓടെ മറ്റൊരു മെമു ട്രെയിൻ കൂടി വേണമെന്നതാണ് കോട്ടയത്തുനിന്നുള്ള യാത്രക്കാരുടെ പ്രധാന ആവശ്യം.

പ്രതീക്ഷ മെമു മെയിന്‍റനൻസ് ഷെഡിൽ

ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കൂട്ടുകയും കൂടുതൽ മെമു സർവീസ് അനുവദിച്ച് തിരക്ക് കുറയ്ക്കാനും റെയിൽവേ തയ്യാറാകണമെന്ന് യാത്രക്കാർ തുടർച്ചയായി ആവശ്യപ്പെടുന്നു. കേരളത്തിൽ 16 കാർ മെമു അനിവാര്യമാണ്. നിലവിൽ എട്ട് അല്ലെങ്കിൽ 12 കോച്ചുകളുള്ള മെമുവാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. 16 കാർ മെമു അറ്റകുറ്റപ്പണിക്കുള്ള സജ്ജീകരണം കൊല്ലത്തെ മെമു മെയ്ന്റൈനനസ് യാർഡിൽ സജ്ജീകരിക്കുന്നുണ്ട്. എന്നാൽ ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നു. പാലക്കാട്ടെ മെമു ഷെഡ് നിർമാണവും മന്ദഗതിയിലാണ്. ഇവയുടെ നിർമാണം പൂർത്തായിക്കിയെങ്കിൽ മാത്രമെ, 16 കോച്ചുകളുള്ള മെമു സർവീസ് ആരംഭിക്കാൻ കഴിയുകയുള്ളു.

Also Read- മലയാളികളുടെ തലശ്ശേരി – മൈസൂര്‍ റെയില്‍ പാതയെന്ന സ്വപ്നത്തിന് തടയിട്ടത് കര്‍ണാടകയിലെ കോൺഗ്രസ് സർക്കാർ

കൊല്ലം മെമു ഷെഡ് നിലവിൽ ഒമ്പത് കാർ നീളമുള്ള രണ്ട് പരിശോധനാ ലൈനുകളാണ് പ്രവർത്തിക്കുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. ഇത് 16 കാർ മെമു റേക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് അനുയോജ്യമായതരത്തിൽ മെമു ഷെഡ് വികസിപ്പിക്കുന്നതിന് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അതിന്‍റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും റെയിൽവേ വ്യക്തമാക്കി. മേൽക്കൂര സ്ഥാപിക്കുന്ന പ്രവർത്തിയാണ് ബാക്കിയുള്ളത്. മെമു ഷെഡ് പൂർത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ മെമു സർവീസുകൾ ഓടിക്കാൻ റെയിൽവേ തയ്യാറാകുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്…

(അടുത്ത ഭാഗം- റെയിൽവേയുടെ ബഫർ സോൺ കള്ളക്കളിയും യാത്രക്കാരുടെ ഔട്ടർ ജീവിതവും!)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News