മലബാറിലും തീരാദുരിതം; മണിക്കൂറുകളോളം ട്രെയിനില്ല; യാത്രക്കാർ ജോലി ഉപേക്ഷിക്കുന്നു, താമസം മാറുന്നു

Malabar_train-issue

സംസ്ഥാനത്തെ റെയിൽവേ വരുമാനത്തിന്‍റെ ഗണ്യമായ പങ്ക് സംഭാവന ചെയ്യുന്നവരാണ് മലബാറിലെ യാത്രക്കാർ. എന്നാൽ കടുത്ത അവഗണനയാണ് മലബാറിനോട് റെയിൽവേ കാണിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ മണിക്കൂറുകളോളം ട്രെയിൻ ഇല്ലാത്ത അവസ്ഥയിൽ നട്ടംതിരിയുകയാണ് മലബാറിലെ യാത്രക്കാർ. ഷൊർണൂർ-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ റൂട്ടുകളിൽ വൈകിട്ട് ഏറെസമയം ട്രെയിൻ ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം, ഷൊർണൂരിലും പരിസരങ്ങളിലും ജോലിയുള്ള കോഴിക്കോട്ടുകാർ, ട്രെയിൻ യാത്ര ഉപേക്ഷിച്ച്, കുടുംബത്തോടൊപ്പം താമസം മാറേണ്ടിവരുന്ന സ്ഥിതിയാണുള്ളതെന്നും യാത്രക്കാർ പറയുന്നു.

മലബാറുകാരുടെ ദുരിതം മലബാറിൽ മാത്രം ഒതുങ്ങുന്നതല്ല. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് മലബാറിലേക്ക് ആവശ്യത്തിന് ട്രെയിനോ, ബെർത്തുകളോ ലഭ്യമല്ലെന്ന് യാത്രക്കാർ ചൂണ്ടാക്കിട്ടുന്നു. തിരുവനന്തപുരത്ത് നിന്ന് ദിവസേന പുറപ്പെടുന്ന രാത്രിവണ്ടികളായ മലബാർ, മാവേലി, മംഗലാപുരം എക്സ്പ്രസ് എന്നിവ എല്ലാ ദിവസങ്ങളിലും വെയിറ്റിങ് ലിസ്റ്റാണ്. അവധി ദിവസങ്ങളിൽ ജനറൽ കോച്ചുകളിൽ പോലും കാലുകുത്താനാകില്ല. തിരുവനന്തപുരം-മംഗലാപുരം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാനുള്ള സാധ്യതകൾ റെയിൽവേയുടെ മുന്നിലുണ്ടെങ്കിലും, അത് പരിഗണിക്കപ്പെടുന്നില്ല. ആഴ്ചയിൽ അഞ്ച് ദിവസം തിരുവനന്തപുരം നോർത്തിൽ വെറുതെ കിടക്കുന്ന അന്ത്യോദയ റേക്കുകൾ ഉപയോഗിച്ച്, ഒന്നോ രണ്ടോ ദിവസം സർവീസ് നടത്തണമെന്ന നിർദേശമാണ് യാത്രക്കാർ മുന്നോട്ടുവെക്കുന്നത്. അതുപോലെ തിരുവനന്തപുരം നോർത്തിൽ സർവീസ് അവസാനിക്കുന്ന പ്രതിവാര ട്രെയിനുകൾ, ആഴ്ചയിൽ നാലോ അഞ്ചോ ദിവസങ്ങളിൽ കടയ്ക്കാവൂരിലും വർക്കലയിലും പരവൂരിലുമായി നിർത്തിയിട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി ഇല്ലാത്ത ദിവസങ്ങളിൽ ഈ ട്രെയിനുകൾ ഒന്നോ രണ്ടോ ദിവസം പകൽസമയം മലബാറിലേക്ക് സർവീസ് നടത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

എറണാകുളത്തുനിന്ന് നിലവിൽ ഉച്ചക്ക് 1.50നുള്ള നേത്രാവതി എക്സ്പ്രസ് കഴിഞ്ഞാൽ മലബാർ ഭാഗത്തേക്കുള്ള അടുത്ത ട്രെയിൻ വൈകിട്ട് 5.20ന് കണ്ണൂർ വരെയുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ആണ്. മൂന്നു മണിക്കൂറിലേറെ സമയം എറണാകുളത്ത് നിന്ന് മലബാർ ഭാഗത്തേക്ക് സർവീസുകൾ ഒന്നും ഇല്ല. ചില ദിവസങ്ങളിൽ പ്രതിവാര ട്രെയിനുകളുണ്ടെങ്കിലും സ്റ്റോപ്പുകൾ പരിമിതമായതിനാൽ സ്ഥിരം യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല.

വാർത്താ പരമ്പരയുടെ ആദ്യ ഭാഗം– ‘വാഗൺ ട്രാജഡി യാത്ര’യ്ക്ക് അവസാനമുണ്ടാകുമോ? കേരളത്തിന് വേണം കൂടുതൽ മെമു-പാസഞ്ചർ ട്രെയിനുകളും കോച്ചുകളും

എറണാകുളത്തെ ഇതേ സ്ഥിതി തന്നെയാണ് ഷൊർണൂരിൽനിന്നുള്ളത്. വൈകിട്ട് 4.25ന് നേത്രാവതി എക്സ്പ്രസ് പോയികഴിഞ്ഞാൽ, രാത്രി എട്ട് മണിക്കുള്ള ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് മാത്രമാണ് ഈ റൂട്ടിൽ ഉള്ളത്. അഞ്ച് മണിക്ക് ശേഷം ജോലി കഴിഞ്ഞ് എത്തുന്നവർ രാത്രി എട്ട് മണിവരെ കോഴിക്കോടേക്കുള്ള ട്രെയിൻ കാത്ത് ഷൊർണൂരിൽ ഇരിക്കേണ്ടിവരുന്ന ദുരിതം പറഞ്ഞറിയിക്കാവുന്നതിലേറെയാണ്. നാലരയ്ക്ക് എട്ടിനും ഇടയിൽ ഉണ്ടായിരുന്ന തൃശൂർ-കോഴിക്കോട് പാസഞ്ചർ ഷൊർണൂർ വരെയാക്കി വെട്ടിച്ചുരുക്കിയതോടെയാണ് യാത്രക്കാരുടെ ദുരിതം ആരംഭിച്ചത്. മുമ്പ് 5.45ന് ഷൊർണൂരിൽനിന്ന് കോഴിക്കോടേക്കുള്ള പാസഞ്ചറും റെയിൽവേ നിർത്തലാക്കിയിരുന്നു. ഇവയെല്ലാം പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഈ വാർത്താപരമ്പരയുടെ ആദ്യ ഭാഗങ്ങളിൽ തെക്കൻ കേരളത്തിലെ യാത്രാദുരിതത്തിന് കാരണം ആവശ്യത്തിന് മെമു-പാസഞ്ചർ ട്രെയിനുകൾ തിരക്കേറിയ സമയത്ത് ഇല്ലാത്തതുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ അവസ്ഥയാണ് മലബാറിലുമുള്ളത്.

മലബാർ മേഖലയിലേക്ക് പുതിയ ട്രെയിനുകൾ അനുവദിച്ചാൽ യാത്രാക്ലേശം ഒരു പരിധി വരെ പരിഹരിക്കാനാകുമെന്ന് തിരുകൊച്ചി റെയിൽ കമ്മ്യൂട്ടർ വെൽഫയർ അസോസിയേഷൻ പ്രതിനിധിയും കോഴിക്കോടും സ്വദേശിയുമായ മുഹീസ് അലി പറയുന്നു. മംഗലാപുരത്തുനിന്ന് എല്ലാ ദിവസവും വെളുപ്പിന് രണ്ടരയോടെ പുറപ്പെട്ട് 12 മണിയോടെ ഈറോഡ് എത്തി, തിരികെ മൂന്നരയോടെ പുറപ്പെട്ട് രാത്രി ഒന്നരയോടെ മംഗലാപുരത്ത് എത്തുന്നതരത്തിൽ ഒരു ഇന്‍റർസിറ്റി എക്സ്പ്രസ് എന്ന ആവശ്യം റെയിൽവേയ്ക്ക് മുന്നിൽ വെച്ചിട്ടുള്ളതാണെന്നും ഇദ്ദേഹം പറയുന്നു. എറണാകുളത്തുനിന്ന് കാസർഗോഡേക്ക് ഉച്ചയ്ക്കുശേഷം റെയിൽവെ പുതിയതായി അവതരിപ്പിച്ചിട്ടുള്ള നമോ ഭാരത് എക്സ്പ്രസ് തുടങ്ങുന്നതും യാത്രക്കാർക്ക് ഗുണം ചെയ്യുമെന്ന് മുഹീസ് അലി പറയുന്നു. പുലർച്ചെ ഈ ട്രെയിൻ എറണാകുളത്തേക്ക് തിരിക്കുന്നവിധം ക്രമീകരിച്ചാൽ, പരശുറാമിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും.

വൈകിട്ട് നാല് മണിയോടെ കോഴിക്കോട് എത്തുന്ന പരശുറാം എക്സ്പ്രസ് അഞ്ച് മണിവരെ കോഴിക്കോട് നിർത്തിയിടുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നതാണ് യാത്രക്കാരുടെ മറ്റൊരു ആവശ്യം. വൈകിട്ട് മൂന്ന് മണിക്ക് പുറപ്പെടുന്ന ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ട്രെയിനിന്‍റെ കോച്ചുകൾ 18 ആയി വർദ്ധിപ്പിക്കണമെന്നും യാത്രക്കാർ പറയുന്നു. മംഗലാപുരം-കോഴിക്കോട് എക്സ്പ്രസ് ട്രെയിൻ ഷൊർണൂർ വരെ നീട്ടണമെന്നതാണ് മറ്റൊരു ആവശ്യം.

മലബാറിൽനിന്ന് ബംഗളുരുവിലേക്ക് ദിനംപ്രതി ആയിരകണക്കിന് യാത്രക്കാരുണ്ട്. എന്നാൽ വെറും എട്ട് സർവീസുകൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ യാത്രക്കാർ കൂടുതലും അമിത നിരക്ക് നൽകി ബസിനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. കോഴിക്കോട് നിന്ന് യശ്വന്ത്പുരയിലേക്ക് ഒരു വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ഏറെ പ്രയോജനപ്രദമായ സർവീസായി ഇത് മാറുമെന്ന് യാത്രക്കാർ പറയുന്നു.

കണ്ണൂർ – മംഗലാപുരം റൂട്ടിൽ തിരക്കേറിയ രാവിലെയും വൈകിട്ടും കൂടുതൽ മെമു സർവീസുകൾ വേണമെന്നതാണ് കാസർഗോട്ടെ യാത്രക്കാരുടെ പ്രധാന ആവശ്യം. കാസർഗോഡിന്റെ സാറ്റലൈറ്റ് സ്റ്റേഷനാക്കി കുമ്പള- കാസർകോട് നോർത്ത് സ്റ്റേഷൻ വികസിപ്പിക്കുകയും പിറ്റ് ലൈൻ ഉൾപ്പടെ സ്ഥാപിച്ച് ടെർമിനൽ സ്റ്റേഷനാക്കണമെന്നും തിരുകൊച്ചി റെയിൽ കമ്മ്യൂട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശരത്ത് പറയുന്നു. ഇതുവഴി കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ കാസർഗോട്ടേക്ക് നീട്ടാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാർത്താ പരമ്പരയുടെ രണ്ടാംഭാഗം– കുംഭമേളയ്ക്ക് കേരളത്തിൽനിന്ന് കൊണ്ടുപോയ മെമു റേക്കുകൾ എന്നുമുതൽ ഓടിത്തുടങ്ങും? യാത്രക്കാരുടെ പ്രതീക്ഷകളത്രയും മെമു സർവീസുകളിൽ

കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുക, കാഞ്ഞങ്ങാട് കണിയൂർ പാത യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കാസർഗോഡിനായി മുന്നോട്ടുവെക്കുന്നു. കണ്ണൂരിൽ അവസാനിക്കുന്ന ജനശതാബ്ദി, ഇന്റർസിറ്റി, എക്സിക്യൂട്ടീവ്, യഷ്വന്ത്‌പുര ട്രെയിനുകളിൽ ഇറങ്ങുന്നവർക്ക് കാസർഗോഡ് ഭാഗത്തേയ്ക്ക് കണക്ഷൻ ലഭിക്കുന്ന വിധം സർവീസ് ഇല്ലാത്ത പ്രശ്നം പരിഹരിക്കണം. ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ ട്രെയിൻ, മംഗലാപുരത്തേക്ക് നീട്ടണമെന്നും ആവശ്യവും കണ്ണൂരിലെയും കാസർഗോട്ടെയും യാത്രക്കാർ മുന്നോട്ടുവെക്കുന്നു.

കണ്ണൂരിലെ ട്രെയിൻ യാത്രക്കാരുടെ ഏറ്റവും വലിയ ആവശ്യമാണ് വൈകിട്ട് കാസർഗോഡ് ഭാഗത്തേക്ക് ഒരു ട്രെയിൻ വേണമെന്നത്. നിലവിൽ വൈകിട്ട് 7.35നുള്ള നേത്രാവതി പോയി കഴിഞ്ഞാൽ, പുലർച്ചെയുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മാത്രമാണ് മംഗലാപുരത്തേക്കുള്ളതെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ് ഫോറം, പ്രതിനിധി സുരേഷ് കുമാർ പയ്യന്നൂർ പറയുന്നു. നിലവിൽ കണ്ണൂരിൽ യാത്ര അവസാനിക്കുന്ന ഷൊർണൂരിൽനിന്നുള്ള മെമു, കാസർഗോഡേക്ക് നീട്ടണം. ട്രെയിൻ ഇല്ലാത്തതിനാൽ താങ്ങാനാകാത്ത നിരക്ക് നൽകി ബസിലാണ് മിക്കവരുടെയും യാത്ര. പലരും ഈ കാരണംകൊണ്ട് ജോലി ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്. എക്സിക്യൂട്ടീവ് എക്സ്പ്രസിൽ എത്തി പയ്യന്നൂർ, കാസർഗോഡ് ഭാഗത്തേക്ക് പോകേണ്ടവർക്ക് ബസ് മാത്രമാണ് ആശ്രയം. ഇനി മൺസൂൺ സമയം വരുന്നതോടെ നേത്രാവതി കോഴിക്കോട് നിന്ന് നേരത്തെ പുറപ്പെടും. ഇതോടെ യാത്രാദുരിതം വീണ്ടും വർദ്ധിക്കും. വൈകിട്ട് കോഴിക്കോട് ഭാഗത്തേക്ക് ഒരു ട്രെയിൻ കൂടി വേണം. കണ്ണൂരിൽ പ്ലാറ്റ്ഫോം പരിമിതി കാരണം ട്രെയിനുകൾ ഔട്ടറിൽ പിടിച്ചിടുന്ന അവസ്ഥയുമുണ്ട്. ഏറനാടിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കേറിയ സീസണുകളിൽ പ്രഖ്യാപിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്, പയ്യന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് വേണമെന്നും സുരേഷ് കുമാർ ആവശ്യപ്പെടുന്നു.

റെയിൽ യാത്രാ ക്ലേശം വലിയതോതിൽ അനുഭവപ്പെടുന്ന റൂട്ടാണ് കണ്ണൂർ-കോഴിക്കോട്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന നിരവധി എക്സ്പ്രസ് ട്രെയിനുകൾക്ക്, തലശേരി, മാഹി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്ത അവസ്ഥ പരിഹരിക്കണമെന്ന് തിരുക്കൊച്ചി റെയിൽ കമ്മ്യൂട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം അജ്ഫാൻ മാഹി പറയുന്നു. തലശേരിയും വടകരയും റെയിൽവേയ്ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന സ്റ്റേഷനുകളാണെങ്കിലും പ്രധാനപ്പെട്ട ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പില്ല. തിരക്കേറിയ രാവിലെയും വൈകിട്ടും കൂടുതൽ മെമു-പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നും അജ്ഫാൻ ആവശ്യപ്പെടുന്നു. കൊയിലാണ്ടി സ്റ്റേഷൻ യാത്രക്കാർക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങൾ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

മലപ്പുറം ജില്ലയിലെ ഏറ്റവും വരുമാനമുള്ള റെയിൽവേ സ്റ്റേഷനാണ് തിരൂർ, എന്നാൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നു ദില്ലിയിലേക്കും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള ട്രെയിനുകളിൽ ചിലതിന് തിരൂരിൽ സ്റ്റോപ്പില്ലെന്ന് തിരുകൊച്ചി റെയിൽ കമ്മ്യൂട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹി ജിതിൻ സൈമൺ പറയുന്നു. ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ രാവിലെ മംഗലാപുരം മെയിൽ ബാംഗ്ലൂർ എക്സ്പ്രസ് എന്നിവ കഴിഞ്ഞാൽ, അടുത്ത റെഗുലർ ട്രെയിൻ 8.30നാണ്. അതുപോലെ ഏറനാട് പോയികഴിഞ്ഞാൽ തെക്കോട്ട്, സ്ഥിരംയാത്രക്കാർക്ക് ആശ്രയിക്കാവുന്നത് വൈകിട്ടുള്ള ഇന്‍റർസിറ്റി എക്സ്പ്രസ് മാത്രമാണ്. ഷൊർണൂരിൽനിന്ന് വടക്കോട്ടുള്ള പാത പൂർണമായും വൈദ്യുതീകരിക്കുകയും, വേഗത വർദ്ധിപ്പിക്കുകയും ചെയ്തെങ്കിലും, അതിനനുസരിച്ചുള്ള പ്രയോജനം, പരശുറാം, ഏറനാട്, എക്സിക്യൂട്ടീവ് ട്രെയിനിലെ യാത്രക്കാർക്ക് ലഭിക്കുന്നില്ല അതിനാൽ ഈ ട്രെയിനുകളുടെ സമയം പുനക്രമീകരിക്കണമെന്നും ജിതിൻ ആവശ്യപ്പെടുന്നു.

വാർത്താ പരമ്പരയുടെ മൂന്നാഭാഗം- റെയിൽവേയുടെ ബഫർ സമയ കള്ളക്കളിയും യാത്രക്കാരുടെ ഔട്ടറിലെ നരകജീവിതവും!

ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ പുതിയതായി ട്രെയിനുകൾ അനുവദിച്ചെങ്കിലും, ഈ പാതയിലെ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾക്ക് നീളമില്ലാത്തത് ഒരു പ്രതിസന്ധിയായി തുടരുന്നു.തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം റെയിൽവേയുടെ പരിഗണനയിലുണ്ടെങ്കിലും, പ്ലാറ്റ്ഫോമിന് നീളമില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. നിലമ്പൂരിലേക്കും, അവിടെനിന്നുമുള്ള ട്രെയിനുകൾക്ക് ഷൊർണൂരിൽ കണക്ഷൻ ട്രെയിനുകളില്ലാത്തതാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രശ്നം, ഷൊർണൂർ വഴി കടന്നുപോകുന്ന ട്രെയിനുകളുടെ സമയത്തിൽ ചില ക്രമീകരണം വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ യാത്രക്കാരുടെ ദീർഘകാലമായുള്ള ഈ ആവശ്യം റെയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. നിലമ്പൂർ-കോട്ടയം പാസഞ്ചർ എക്സ്പ്രസ്സ്‌ ആയപ്പോൾ പ്രധാനപ്പെട്ട സ്റ്റേഷനിൽ പോലും സ്റ്റോപ്പ്‌ ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.

മലബാറുകാർ വർഷങ്ങളായി ആവശ്യപ്പെടുന്ന പൊള്ളാച്ചി പഴനി വഴി മംഗലാപുരം-മധുര എക്സ്പ്രസ് അനുവദിക്കണമെന്ന് തിരുകൊച്ചി റെയിൽ കമ്മ്യൂട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെമീൽ പാലക്കാടൻ ആവശ്യപ്പെട്ടു. മലബാറിൽ നിന്നും രാവിലെ പാലക്കാട്, പൊള്ളാച്ചി, പഴനി ഭാഗത്തേക്ക് കണക്ടിവിറ്റി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ മലബാറിൽ ഇടനേരങ്ങളിൽ കൂടുതൽ മെമു സർവീസ് വേണം, ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് സ്ഥിരമാക്കി മംഗലാപുരം വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാർ മുന്നോട്ടുവെക്കുന്നു. ഈ നടപടികളിലൂടെ പരശുറാം, മംഗള എന്നീ ട്രെയിനുകളിലെ ജനറൽ കോച്ചുകളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയും.

(അടുത്ത ഭാഗം- കേരളത്തിന് അൽപം ധൃതിയുണ്ട്; നമുക്കും വേണം വേഗമേറിയ ട്രെയിനുകളും പാതകളും)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News