‘വർണ്ണപ്പകിട്ട് 2025-26’ ; ട്രാൻസ്ജെൻഡർ കലോത്സവം ഓഗസ്റ്റ് 21, 22, 23 തീയതികളിൽ കോഴിക്കോട്ട്

R BINDU

ട്രാൻസ്ജെൻഡർ വ്യക്തികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിയ്ക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ദൃശ്യത പ്രോത്സാഹിപ്പിക്കുന്നതിനും ഇവരുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിയ്ക്കുന്നതിനും അവസരങ്ങൾ ഒരുക്കാൻ സംസ്ഥാനതലത്തിൽ ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം എല്ലാ വർഷവും സംഘടിപ്പിച്ചു വരികയാണ്.

2025-2026 വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം 2025 ഓഗസ്റ്റ് 21, 22, 23 ദിവസങ്ങളിൽ കോഴിക്കോട് വച്ച്നടക്കും. പരിപാടിയുടെ ഭാഗമായി 21 ന് ട്രാൻസ്ജെൻഡർ പോളിസി ഇതുവരെ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും, മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നാഷണൽ കോൺഫറൻസ് നടക്കും. ട്രാൻസ്ജെൻഡർ/ക്വിയർ സംബന്ധിയായ വിവിധ വിഷയങ്ങളിലെ പാനൽ ചർച്ച, ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിലാണ് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം അരങ്ങേറുക.

ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്തില്‍ നിന്നും ഡോ. സഞ്ജയ്‌ ശര്‍മ്മ, SHSRC എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, കോട്ടയം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി, മാനസികാരോഗ്യ വിദഗ്ധ ഡോ. ഇന്ദു പി എസ്, കേരളത്തിലെ ആദ്യ ഡെന്റിസ്റ്റും പബ്ലിക് ഹെൽത്ത് വിദ്യാർത്ഥിയുമായ ഡോ. അനു രാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിജയരാജമല്ലിക, തമിഴ്നാട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ ജെൻസി, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷക വിദ്യാർത്ഥിയായ ഋതിഷ ഋതു, മനുഷ്യാവകാശ പ്രവർത്തകരായ സദ്ദാം ഹജ്ജമാം, കോയല്‍ ഘോഷ്, തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാഥി’യുടെ വൈസ് പ്രസിഡന്റ്‌ ഡോ. എല്‍ രാമകൃഷ്ണന്‍, എം ജി യൂണിവേഴ്സിറ്റി ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ആരതി പി എം, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. രേഷ്മ ഭരദ്വാജ്, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അർജുൻ ഗീത, മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. പദ്മ ലക്ഷ്മി, കേരള നോളജ് എക്കണോമി മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പ്രജിത്ത് പി കെ എന്നിവർ പാനൽ ചർച്ചയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.

ALSO READ: ഇത് ചരിത്രം ഇത് അഭിമാനം ! ‘സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം’: എം ബി രാജേഷ്

ഓഗസ്റ്റ് 21 ന് രാവിലെ 9.15 മുതല്‍ കൈരളി, ശ്രീ തിയേറ്ററുകളില്‍ വച്ച് “IRO TraFFE” എന്ന പേരില്‍ ട്രാൻസ്ജെൻഡർ/ക്വിയര്‍ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവൽ നടക്കും. അവനോവിലോന, ഔട്ട്‌കാസ്റ്റ്, ഉടലാഴം, ഞാന്‍ രേവതി, ന്യൂ നോര്‍മല്‍, ഈസ്‌ ഇറ്റ്‌ ടൂ മച്ച് ടു ആസ്ക്‌, ഇരട്ടജീവിതം, ദാറ്റ്‌സ് മൈബോയ്‌, ജനലുകള്‍, വി ആര്‍ എലൈവ് എന്നീ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക.

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം. കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21 ന് വൈകുന്നേരം നാലു മണിക്ക് മുതലക്കുളത്ത് നിന്നും ആരംഭിച്ച് ജൂബിലി ഹാളില്‍ സമാപിക്കുന്ന വർണ്ണാഭമായ വിളംബരഘോഷയാത്ര ഉണ്ടാവും. ഫ്ലാഷ് മോബ്, മറ്റു അനുബന്ധ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ALSO READ: ജി.പി അഭിജിത്ത് പ്രസിഡന്റ്, സുധീര്‍ഖാന്‍ എ ജനറല്‍ സെക്രട്ടറി; കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍

21ന് വൈകീട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബഹു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിക്കും. ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ ഉദ്ഘാടനം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം, ഭവന പദ്ധതിയുടെ പ്രഖ്യാപനം എന്നിവ ബഹു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും. ബഹു. എംഎല്‍എമാരായ ശ്രീ. അഹമ്മദ് ദേവര്‍കോവില്‍, ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍, ബഹു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി. ബീന ഫിലിപ്പ്, ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ട്രാൻസ്ജെൻഡർ മേഖലയിലെ വിശിഷ്ടസംഭാവനകൾക്ക് അദ്രിജ പണിക്കർ, അഡ്വ. പത്മ ലക്ഷ്മി എന്നിവരെ ആദരിക്കും.
സമാപന സമ്മേളനം ഓഗസ്റ്റ്‌ 23ന് നടക്കും. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാനദാനവും ബഹു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News